25 December 2024, Wednesday
KSFE Galaxy Chits Banner 2

ഭാഗ്യക്കെണിയൊരുക്കി ഒറ്റ നമ്പർ ലോട്ടറി മാഫിയ

പി ആർ റിസിയ
തൃശൂർ
February 22, 2023 8:45 am

ഭാഗ്യാന്വേഷകരെ കെണിയിലാക്കി സംസ്ഥാനത്ത് വീണ്ടും ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടങ്ങൾ വർധിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം പിടിമുറുക്കിയ സമാന്തര ലോട്ടറിയുടെ ചതിക്കുഴിയിൽ അകപ്പെടുന്നവരേറെയാണ്. വർഷങ്ങൾക്കുമുമ്പ് ചൂതാട്ട മാഫിയകളെന്നു ചാപ്പകുത്തി നാടുകടത്തിയ ഇതര സംസ്ഥാന ലോട്ടറികളോട് കിടപിടിക്കുകയാണ് സംസ്ഥാന ഭാഗ്യക്കുറിയെ ഒറ്റ നമ്പറാക്കി തിരിച്ചുള്ള വില്പനയിലൂടെ ലോട്ടറി മാഫിയ. ഒറ്റ നമ്പറുകള്‍ 12 എണ്ണം മാത്രം വിൽക്കാമെന്ന ഉത്തരവിന്റെ മറവിൽ നൂറിൽപരം ഒറ്റനമ്പർ ലോട്ടറികളാണ് ഇന്ന് വിൽക്കുന്നത്. സംസ്ഥാനമാകെ വ്യാപിച്ച ലോട്ടറി മാഫിയകൾ സമൂഹമാധ്യമ കൂട്ടായ്മയിലൂടെയാണ് ഇത്രയധികം നമ്പറുകൾ അനധികൃതമായി സംഘടിപ്പിക്കുന്നത്. സംസ്ഥാനവ്യാപകമായി നഗരങ്ങളിലും ഉൾപ്രദേശങ്ങളിലും ഒറ്റ നമ്പർ ലോട്ടറികൾക്ക് ആവശ്യക്കാരേറെയാണ്. ഒറ്റ നമ്പർ ചൂതാട്ടത്തിന്റെ ചതിക്കുഴിയിൽ വീണ് പണം നഷ്ടപ്പെട്ട സ്ഥിരം ഭാഗ്യാന്വേഷികളായ പലരും ആത്മഹത്യയുടെ വക്കിലാണ്. തൃശൂർ നഗരത്തിന്റെ തിരക്കുള്ള പലയിടത്തും 120 എണ്ണം വരെ ഒറ്റ നമ്പർ ലോട്ടറികൾ ലഭ്യമാണെന്നാണ് വിവരം.

എ­ന്നാൽ രഹസ്യമായി 240 എണ്ണം ഒറ്റ നമ്പറുകളും കിട്ടാനുണ്ട്. വാട്സ് ആപ്പ് കൂട്ടായ്മകളിലൂടെ സമാന്തര ലോട്ടറി മാഫിയകൾ ശേഖരിച്ചു വില്പന നടത്തുന്ന ഒറ്റ നമ്പർ ലോട്ടറികളുടെ പണം ഗൂഗിൾപേ വഴിയാണ് വാങ്ങുന്നത്. ടിക്കറ്റുകൾ ഒരുമിച്ചെടുക്കുമ്പോൾ ഇവർ ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു. ഈ വില്പനതന്ത്രം ഉപജീവനത്തിനായി ലോട്ടറി കച്ചവടത്തിനിറങ്ങിയ പാവപ്പെട്ട ലോട്ടറി കച്ചവടക്കാരുടെ വയറ്റത്തടിക്കുന്നു. 40 രൂപയുടെ മൂന്നു ടിക്കറ്റുകൾ ഒരുമിച്ചെടുത്താൽതന്നെ 100 രൂപമാത്രം ഇടാക്കി ഇവർ 20 രൂപ ഡിസ്കൗണ്ട് നല്കുന്നു.

സാധാരണ വില്പനക്കാരന് ഒരു ടിക്കറ്റ് 33.45 രൂപയ്ക്കാണ് കിട്ടുന്നത്. ഈ വിലയ്ക്ക് നൽകിയാലും മൂന്നെണ്ണത്തിന് 35 പൈസ നഷ്ടംവരും. കൂടുതൽ ടിക്കറ്റുകൾ എടുക്കുന്ന മൊത്തക്കച്ചവടക്കാർക്ക് ഇതിലും കുറഞ്ഞ വിലയ്ക്ക് ടിക്കറ്റുകൾ ലഭിക്കും. ലോട്ടറിയുടെ എണ്ണത്തിനനുസരിച്ചുള്ള സ്ലാബുകൾ പ്രകാരം 32.19,32.24,32.50 രൂപയ്ക്കാണ് ഇവർക്ക് ലോട്ടറി ലഭിക്കുന്നത്. അതിനാൽ തന്ന ഡിസ്കൗണ്ട് വില്പന അവർക്ക് കാര്യമായ നഷ്ടമുണ്ടാക്കില്ല. വിറ്റു പോകുന്ന ടിക്കറ്റുകൾക്ക് സമ്മാനമടിച്ചാൽ കിട്ടുന്ന കമ്മീഷനാണ് ഇത്തരക്കാരുടെ ലക്ഷ്യം.

Eng­lish Sum­ma­ry: Lot­tery mafia again in the state
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.