23 December 2024, Monday
KSFE Galaxy Chits Banner 2

താമര വിരിയേണ്ടതുണ്ട് കേരളത്തില്‍!

ഡോ. ഷീജാകുമാരി കൊടുവഴന്നൂർ
November 2, 2021 3:42 pm

താമര വിരിയേണ്ടതുണ്ട് കേരളത്തിൽ. പറഞ്ഞുവന്നത് രാഷ്ട്രീയമല്ല. ശരിക്കുള്ള താമരയുടെ കാര്യം തന്നെ. സുന്ദരിമാരുടെ മുഖം, കണ്ണുകൾ എന്നിവയെ ഉപമിക്കാറുള്ള അതേ താമര. ഭാരതത്തിന്റെ ദേശീയപുഷ്പമായ താമരപ്പൂക്കളുടെ മനോഹാരിത കൊണ്ടു മാത്രമല്ല, സാസ്ക്കാരിക, സാമ്പത്തിക, ആരോഗ്യരംഗങ്ങളിൽ ഉള്ള അതിന്റെ സവിശേഷതകൾ കൊണ്ടു കൂടി പ്രാധാന്യമുള്ള ഒരു സസ്യമാണ്. ഉഷ്ണമേഖലയിലെ ജലാശയങ്ങളിലാണ് ജലസസ്യമായ താമര വളരുന്നത്. ഇതിന്റെ ശാസ്ത്രനാമം നിലംബിയം സ്പീഷ്യോസം എന്നാണ്. താമരയുടെ കിഴങ്ങ് ജലാശയത്തിലെ ചെളിയ്ക്കടിയിലായിരിക്കും കാണപ്പെടുന്നത്. ഇതിൽ നിന്ന് ഉത്ഭവിക്കുന്ന താമരവള്ളി എന്നു വിളിക്കപ്പെടുന്ന ദുർബലമായ തണ്ട് മുഖേന പരന്നതും വിസ്തൃതവുമായ ഇലകൾ ജലോപരിതലത്തിലേക്കെത്തുന്നു. തണ്ടുകൾ ദുർബലമായതിനാൽ ജലപ്പരപ്പാണ് ഇലയെ താങ്ങിനിർത്തുന്നത്. ഇലയുടെ ഉപരിതലം മെഴുകുപോലുള്ള ക്യൂട്ടിക്കിൾ എന്ന പദാർത്ഥത്താൽ പൊതിഞ്ഞിരിക്കുന്നതിനാൽ ഇലകൾ വെള്ളത്തിൽ നനഞ്ഞ് അഴുകിപ്പോകാതെ സൂക്ഷിക്കപ്പെടുന്നു. പ്രകന്ദത്തിൽ നിന്ന് ഉത്ഭവിയ്ക്കുന്ന പൂത്തണ്ടുകൾ പുഷ്പത്തെ ജലവിതാനത്തിനു മുകളിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്നു.

ഇലയുടെ തണ്ടുകളിലും പൂത്തണ്ടുകളിലും വായു അറകളുണ്ട്. ഇതാണ് സസ്യഭാഗങ്ങളെ ജലപ്പരപ്പിനു മുകളിലേയ്ക്കുയർത്താൻ സഹായിക്കുന്നത്. പുഷ്പങ്ങൾ വെള്ള, ചുവപ്പ്, ലാവൻഡർ, നീല, റോസ്, മഞ്ഞ എന്നീ നിറങ്ങളിൽ കാണാമെങ്കിലും റോസ് നിറത്തിലുള്ള പുഷ്പങ്ങളാണ് സാധാരണം. നാലോ അഞ്ചോ പച്ചനിറമുള്ള വിദളങ്ങളും അനേകം ദളങ്ങളും കാണാം. അനേകം കേസരങ്ങളും താമരയ്ക്കുണ്ട്. അണ്ഡാശയങ്ങൾ തലാമസിനുള്ളിൽ ആണ്ടുകിടക്കുന്ന രീതിയിലാണ് കാണപ്പെടുന്നത്. വിത്തുകൾ രൂപപ്പെടുന്നത് തലാമസിനുള്ളിൽ ആണ്.
പണ്ടുകാലം മുതൽക്കുതന്നെ ഭാരത്തിന്റെ സംസ്കാരത്തോടു ചേർന്നുനിൽക്കുന്ന ഒന്നാണ് താമര. ഹൈന്ദവപുരാണങ്ങളിൽ ഇടം നേടിയ സസ്യമാണ് ഇത്. ഐശ്വര്യദേവതയായ ലക്ഷ്മീദേവിയുടെ ഇരിപ്പിടം ചുവന്ന താമരയാണെന്നു വിശ്വസിക്കപ്പെടുന്നു. സരസ്വതീദേവിയുടെ ഇരിപ്പിടമാകട്ടെ വെൺതാമരയും. ഭഗവാൻ വിഷ്ണുവിന് പത്മനാഭനെന്ന പേരുവന്നത് നാഭിയിൽ നിന്നും താമര മുളച്ചുയർന്നതിനാലാണ് എന്നാണ് വിശ്വാസം. വിഷ്ണുഭഗവാന്റെ നാഭീകമലത്തിലാണ് സൃഷ്ടികർത്താവായ ബ്രഹ്മദേവന്റെ ഇരിപ്പിടം. കാമദേവന്റെ അഞ്ചു മലരമ്പുകളിലൊന്നാണ് താമരയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഇക്കാരണങ്ങളാൽ തന്നെയാണ് താമരയക്ക് ഭാരതീയർ ഒരു വിശുദ്ധി കൽപ്പിച്ചുപോരുന്നതും, അതിന്റെ വിപണന സാധ്യത വർധിക്കുന്നതും.

ഒരു പൂജാവസ്തുവെന്ന നിലയിൽ ധാരാളം ഉപയോഗിക്കപ്പെടുന്ന പുഷ്പമാണ് താമര. പ്രത്യേകിച്ചും പൂജവയ്പ്, ഓണം, ദീപാവലി സീസണുകളിൽ ക്ഷേത്രങ്ങളിൽ ഇതിന്റെ ഉപയോഗം കൂടുതലാണ്. എല്ലാ ദേവതമാർക്കും പൂജയ്ക്കായി ഉപയോഗിക്കുന്ന പുഷ്പമാണിത്. പ്രത്യേകിച്ചും നവഗ്രഹങ്ങളിൽ ചന്ദ്രദേവന്റെ ഇഷ്ട പൂജാപുഷ്പമാണ് വെള്ളത്താമര എന്നു വിശ്വസിക്കപ്പെടുന്നു. മാലകെട്ടാനും ഇതുപയോഗിക്കുന്നുണ്ട്. താമരപ്പൂവുകൊണ്ടുള്ള ഉണ്ടമാല വിഷ്ണുദേവനു ചാർത്തുന്നത് സർവ്വൈശ്വര്യ സിദ്ധിപ്രദമാണെന്നു വിശ്വസിയ്ക്കപ്പെടുന്നു. താമരയില പൂക്കളും ആഹാരപദാർത്ഥങ്ങളും പൊതിഞ്ഞു കൊടുക്കുന്നതിനുപയോഗിയ്ക്കാറുണ്ട്. പൂജാവസ്തുവെന്ന നിലയിലാണ് താമരയ്ക്ക് ഏറെ പ്രാധാന്യം കല്പിച്ചിട്ടുള്ളതെങ്കിലും അതിന്റെ സാമ്പത്തികപ്രാധാന്യം അതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല താമരയുടെ എല്ലാ ഭാഗവും ഉപയോഗപ്രദമാണ്. പനിനീർ ഉണ്ടാക്കാൻ വേണ്ടി കോയമ്പത്തൂരിലെയും മറ്റും വൻ കമ്പനികൾ ടൺകണക്കിനു താമരപ്പൂവിന്റെ ഇതളുകൾ വാങ്ങാറുണ്ട്. ഇതൾ കൊഴിഞ്ഞു പോയ ശേഷം സസ്യത്തിലവശേഷിക്കുന്ന പൂവിന്റെ ഭാഗത്തു രൂപപ്പെടുന്ന അനേകം അറകളുള്ള, താമരക്കായ് എന്നറിയപ്പെടുന്ന ഭാഗം പലതരത്തിലുള്ള കൗതുകവസ്തുക്കളുടെ നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്. ഇതിനുള്ളിൽ കാണപ്പെടുന്ന താമരവിത്തുകൾ ഉണക്കി വറുത്തെടുത്താൽ ഭക്ഷ്യയോഗ്യമാണ്. അണ്ടിപ്പരിപ്പിന്റെ രുചിയാണ് ഇതിന്. ഈ വിത്തിൽ നിന്ന് ഒരിനം എണ്ണയും ഉല്പാദിപ്പിക്കുന്നുണ്ട്. താമരത്തണ്ടിൽ നിന്ന് വേർതിരിച്ചെടുക്കുന്ന നാരുപയോഗിച്ച് തിരികൾ ഉണ്ടാക്കാൻ കഴിയുമെന്നതിനാൽ അതിനും വൻ ഡിമാന്റാണ്. താമരക്കിഴങ്ങാകട്ടെ, ആഹാരമായും മരുന്നായും ഉപയോഗിക്കുന്നു.

താമരയുടെ കിഴങ്ങു മാത്രമല്ല, പൂവും കായുമെല്ലാം ഔഷധഗുണമുള്ളവയാണ് താമരപ്പൂവ് അരച്ചു പൂശുന്നത് ശരീരോഷ്ണം നിമിത്തമുളള ചുട്ടുനീറ്റൽ ശമിപ്പിക്കും. താമരപ്പൂവ് പാലിൽ അരച്ചു കുടിക്കുന്നത് മൂത്രം ചുടിച്ചിലിന് ശമനമുണ്ടാക്കും താമരപ്പൂവും തണ്ടും താമരക്കിഴങ്ങും അതിസാരം, കോളറ, ജ്വരം, മഞ്ഞപ്പിത്തം, ഹൃദ്രോഗം, രക്തപിത്തം, വസൂരി, ചിക്കൻ പോക്സ്, നിശാന്ധത എന്നിവയ്ക്കുള്ള ഔഷധക്കൂട്ടുകളിൽ ഉൾപ്പെട്ടവയാണ്. താമരപ്പൂവ് അരച്ചുകലക്കി പാമ്പുകടിയേറ്റയാൾക്ക് ഇടവിട്ടു നൽകുന്നത് പാമ്പുവിഷം ശമിക്കാൻ സഹായിക്കുമത്രെ. താമരയിലയിൽ അരിമാവു പരത്തിയുണ്ടാക്കുന്ന അട കഴിക്കുന്നത് ചിലയിനം ത്വക്ക് രോഗങ്ങൾ ശമിക്കുന്നതിനും നല്ലതാണ്. വെള്ളത്താമരയുടെയും ആമ്പലിന്റെയും അല്ലികൾ അരച്ച് കൺപോളകൾക്കു ചുറ്റുമിടുന്നത് നിശാന്ധതയ്ക്ക് ശമനമുണ്ടാക്കുമെന്നു പറയപ്പെടുന്നു.
മേൽപ്പറഞ്ഞ ഉപയോഗങ്ങളെല്ലാമുള്ളതിനാൽ താമരയ്ക്ക് ആവശ്യക്കാരേറെയാണ്. ചുരുക്കത്തിൽ താമരകൃഷി ആദായകരമാണെന്നു സാരം. കേരളത്തിലേക്ക് ആവശ്യമുള്ള താമര പൂർണമായും എത്തുന്നത് കന്യാകുമാരി ജില്ലയിലെ താമരക്കുളങ്ങളിൽ നിന്നാണ്. ലക്ഷങ്ങൾ മുടക്കിയുള്ള വൻ കാർഷിക വ്യവസായമായാണ് അവരതു മുന്നോട്ടു കൊണ്ടുപോകുന്നത്.

സർക്കാർ സഹായത്തോടെയുള്ള കാർഷിക സംരംഭമായി നാഗർകോവിൽ ജില്ലയിലെ ചെറുതും വലുതുമായ നാനൂറ് കുളങ്ങളിൽ 2004 മുതൽ വ്യാവസായികാടിസ്ഥാനത്തിൽ തന്നെ കൃഷി ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുളങ്ങൾ വർഷംതോറും ലേലം പിടിച്ചാണ് കൃഷിക്കാർ താമരകൃഷി ചെയ്യുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ 5,000 മുതൽ 10, 000 വരെ പൂക്കൾ ലഭിക്കുന്ന കുളങ്ങൾ ഇവിടെയുണ്ട്. പുതിയതായി ഒരു കുളത്തിൽ താമരകൃഷി ചെയ്യുന്നത് ശ്രമകരമാണ്. കുളത്തിലെ പായലും ചണ്ടിയും മുഴുവൻ നീക്കി കുളം വൃത്തിയാക്കണം. അതിനു ശേഷം നല്ലയിനം താമരത്തൈകൾ കുളത്തിലെ ചെളിയിൽ നടണം. താമരവിത്തുകൾ പാകിമുളപ്പിച്ചോ കിഴങ്ങുകൾ നട്ടോ ആണ് തൈകൾ ഉല്പാദിപ്പിക്കുന്നത്. വിത്തുകൾ പാകിയുണ്ടാക്കുന്ന തൈകളെക്കാൾ കിഴങ്ങു നട്ടുണ്ടാക്കുന്ന തൈകളാണ് എളുപ്പത്തിൽ പൂക്കുന്നത്. കുളത്തിലെ ചെളി വളക്കൂറുള്ളതായിരിക്കുകയും ധാരാളം വെയിൽ കിട്ടുകയും ചെയ്താൽ താമര ഉല്പാദനം കൂടും.

കേരളത്തിൽ ഈയിടെയായി ഒട്ടേറെപ്പേർ തങ്ങളുടെ ഗൃഹോദ്യാനത്തിന്റെ ഭാഗമായി താമര വളർത്തുന്നതിൽ തല്പരരായിട്ടുണ്ട്. വെള്ള, ചുവപ്പ്, നീല, ലാവൻഡർ റോസ് മഞ്ഞ എന്നീ നിറങ്ങളിൽ ഒട്ടേറെ പുതിയ താമര ഇനങ്ങൾ ഇപ്പോൾ അരങ്ങു വാഴുന്നു.
താമര ഗൃഹോദ്യാനങ്ങളുടെ ഭാഗമായിത്തുടങ്ങിയതോടെ കേരളത്തിൽ താമരത്തൈകളുടെ ഉല്പാദനവും വിപണനവും വർധിച്ചിട്ടുണ്ട്. കിഴങ്ങുകളിൽ നിന്നുള്ള തൈകൾക്കാണു ഡിമാന്റെങ്കിലും വിത്തു പാകി മുളപ്പിച്ച തൈകൾക്കും ആവശ്യക്കാരേറെ. ഉണങ്ങിക്കഴിഞ്ഞ താമരപ്പൂവിൽ നിന്നാണ് വിത്തു ശേഖരിക്കുന്നത്. എളുപ്പത്തിൽ മുളയ്ക്കുന്നതിനായി വിത്തുകളുടെ മുഖപ്പ് സാന്റ് പേപ്പർ കൊണ്ടോ അരം കൊണ്ടോ ഉരച്ചു ഉരച്ചു പതം വരുത്തിയ ശേഷമാണ് നടാനുപയോഗിക്കുന്നത്. വിത്തിന്റെ പുറം കവചം മാത്രം പൊട്ടത്തക്കരീതിയിൽ ചുറ്റിക കൊണ്ട് ചെറുതായി തല്ലിയും പതം വരുത്താം. അതിനു ശേഷം ഒരു സുതാര്യമായ പാത്രത്തിൽ 2–3 ഇഞ്ച് വരത്തക്കവിധം കുറച്ച് മേൽമണ്ണ് ഇട്ട് വെള്ളം ഒഴിക്കുക അതിലേക്ക് വിത്തുകൾ നടുക. ഒരു ദിവസം കൊണ്ട് തന്നെ വിത്തുകൾ അവയുടെ സ്വാഭാവിക വലിപ്പത്തിന്റെ ഇരട്ടിയായി വീർക്കുന്നു. 3–4 ദിവസങ്ങൾ കൊണ്ട് വിത്തുകൾ മുളയ്ക്കാനാരംഭിക്കും. രണ്ടു ദിവസങ്ങൾക്കിടെ വെളളം മാറ്റിക്കൊടുക്കണം. മുളച്ചു തുടങ്ങിയ വിത്തുകൾ മാറ്റി നടാവുന്നതാണ്.

ഉദ്യാനത്തിൽ വളർത്താനാഗ്രഹിക്കുന്നവർക്ക് 8–15 ഇഞ്ച് ആഴമുള്ള വലിയ പ്ലാസ്റ്റിക് പാത്രങ്ങളിൽ ഇതിനെ വളർത്താവുന്നതാണ്. അതിനായി പാത്രത്തിൽ കമ്പോസ്റ്റും കാലിവളവും കലർന്ന മിശ്രിതം 4–5 ഇഞ്ച് ആഴത്തിൽ പാകുക. അതിനു മുകളിൽമേൽ 4- 6 ഇഞ്ച് മണ്ണും ചെളിയും ഇടുക. നടുമ്പോൾ താമരത്തൈകൾ ഇളകി ജലപ്പരപ്പിലേക്ക് പൊങ്ങി വരാൻ സാധ്യതയുള്ളതിനാൽ പോട്ടിങ് മിശ്രിതം ഉപയോഗിക്കാൻ പാടില്ല. രണ്ടോ മൂന്നോ മുകുളങ്ങളുള്ള താമരത്തൈ അതിൽ നട്ടശേഷം മെല്ലെ ജലം നിറയ്ക്കുക. നല്ല സൂര്യപ്രകാശം കിട്ടുന്നിടത്തേക്ക് നീക്കി വയ്ക്കുക. താമര വേരു പിടിച്ചുവരാൻ തുടങ്ങിയാൽ 60–80 ദിവസങ്ങൾക്കുള്ളിൽ മൊട്ടുകൾ വരാൻ തുടങ്ങും. ജലത്തിനു മുകളിൽ ഉയർന്നു നിൽക്കത്തക്ക വിധം വളർന്നുകഴിഞ്ഞ ശേഷമേ വളപ്രയോഗം നടത്താവു. 3–4 ദിവസം ഇടവിട്ട് ജലനിരപ്പ് പരിശോധിക്കുകയും ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കുകയും ചെയ്യണം. കേരളത്തിൽ താമരപ്പൂവിന് ആവശ്യക്കാരേറെയുണ്ടെങ്കിലും ചെറുകിട താമരകൃഷിക്കപ്പുറം വ്യാവസായികാടിസ്ഥാനത്തിലുള്ള താമരകൃഷി കേരളത്തിൽ ഇനിയും വേരോടേണ്ടതുണ്ട്. കേരളത്തിൽ വെറുതെ പായലും കളകളും പിടിച്ചു നാശോന്മുഖമായി കിടക്കുന്ന കുളങ്ങളും ജലാശയങ്ങളും ഇപ്പോഴും ധാരാളം ഉണ്ട്. ഇവയിൽ താമരകൃഷി വ്യാപകമാക്കിയാൽ ഒട്ടേറെപ്പേർക്ക് ആദായമാർഗ്ഗമാകുമെന്നതിൽ സംശയമില്ല. താമരകൃഷിയിൽ താല്പര്യപ്പെട്ടു മുന്നോട്ടു വരുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.