ഐപിഎല്ലിൽ മൂന്നാം ജയവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ്. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ നാല് റൺസിനാണ് ലഖ്നൗ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു.
കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്നു തോന്നിച്ചു. എന്നാല്‍ അവരുടെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സില്‍ അവസാനിച്ചു. 6.2 ഓവറില്‍ കൊല്‍ക്കത്ത 91 റണ്‍സിലെത്തിയിരുന്നു. 13 ഓവറില്‍ അവര്‍ 162 റണ്‍സും കണ്ടെത്തി. എന്നിട്ടും ലക്ഷ്യത്തിലെത്താന്‍ അവര്‍ക്ക് സാധിച്ചില്ല. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 35 പന്തില്‍ 61 റണ്‍സെടുത്തു. വെങ്കടേഷ് അയ്യര്‍ 29 പന്തില്‍ 45 റണ്‍സ് കണ്ടെത്തി. ഓപ്പണര്‍ സുനില്‍ നരെയ്ന്‍ 13 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 30 റണ്‍സെടുത്തു. അവസാന പ്രതീക്ഷയായ റിങ്കു സിങു പരമാവധി ശ്രമിച്ചെങ്കിലും അന്തിമ ജയത്തിനു നാല് റണ്‍സ് അകലെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. താരം 15 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 38 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ഒരു മയവുമില്ലാതെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ബാറ്റര്‍മാര്‍ കളം വാണപ്പോള്‍ കൂറ്റന്‍ സ്‌കോര്‍ പിറന്നു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കെകെആറിന്റെ തീരുമാനം പാളി. എയ്ഡന്‍ മാര്‍ക്രം- മിച്ചല്‍ മാര്‍ഷ് സഖ്യവും പിന്നാലെ എത്തിയ നിക്കോളാസ് പൂരാനും ചേര്‍ന്നു സംഹാര താണ്ഡവമാടി. വൈഭവ് അറോറയും വരുണ്‍ ചക്രവര്‍ത്തിയും ഒഴികെയുള്ളവര്‍ ശരിക്കും തല്ലു വാങ്ങി. ആന്ദ്രെ റസ്സല്‍ എറിഞ്ഞ 18-ാം ഓവറില്‍ 24 റണ്‍സാണ് പൂരാന്‍ അടിച്ചെടുത്തത്. വെറും 36 പന്തില്‍ എട്ട് സിക്‌സും ഏഴ് ഫോറും സഹിതം നിക്കോളാസ് പൂരാന്‍ 87 റണ്‍സ് വാരി. മിച്ചല്‍ മാര്‍ഷ് 48 പന്തില്‍ അഞ്ച് സിക്‌സും ആറ് ഫോറും സഹിതം 81 റണ്‍സ് കണ്ടെത്തി. മാര്‍ക്രം 28 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 47 റണ്‍സും കണ്ടെത്തി. എയ്ഡന്‍ മാര്‍ക്രം- മിച്ചല്‍ മാര്‍ഷ് സഖ്യം 99 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. മാര്‍ഷ്- പൂരാന്‍ സഖ്യം 71 റണ്‍സും കൂട്ടിച്ചേര്‍ത്തു. കെകെആറിനായി ഹര്‍ഷിത് റാണ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ആന്ദ്ര റസല്‍ ഒരു വിക്കറ്റെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.