അവസാന ഓവര്‍ വരെ നീണ്ടു നിന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആറ് വിക്കറ്റ് വിജയം സ്വന്തമാക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഐപിഎല്ലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലഖ്നൗ വിജയലക്ഷ്യത്തിലെത്തി. 34 പന്തില്‍ 61 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് ലഖ്നൗവിന്റെ ടോപ് സ്കോറര്‍. സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷില്ലാതെയാണ് ലഖ്നൗവിറങ്ങിയത്. റിഷഭ് പന്ത് എയ്ഡന്‍ മാര്‍ക്രത്തിനൊപ്പം ഓപ്പണറായിയിറങ്ങി. 65 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മധ്യനിര ബാറ്റര്‍മാര്‍ക്ക് മുതലാക്കാനായില്ല. 200ന് മുകളില്‍ റണ്‍സുയരുമെന്നുറപ്പിച്ചിടത്താണ് ഗുജറാത്തിനെ ലഖ്നൗ 180ലൊതുക്കിയത്. ശുഭ്മാന്‍ ഗില്‍ (38 പന്തില്‍ 60), സായ് സുദര്‍ശന്‍ (37 പന്തില്‍ 56) എന്നിവരുടെ ഇന്നിങ്സുകളാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 18 പന്തില്‍ 21 റണ്‍സുമായി പന്ത് മടങ്ങി. മാര്‍ക്രം (31 പന്തില്‍ 58 റണ്‍സ്), ആയുഷ് ബഡോണി (20 പന്തില്‍ 28 റണ്‍സ്) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി ഓപ്പണിങ് കൂട്ടുകെട്ടില്‍ 12.1 ഓവറില്‍ 120 റണ്‍സ് അടിച്ചെടുത്തു. ആദ്യ ആറോവറില്‍ തന്നെ ടീം സ്കോര്‍ അമ്പത് കടന്നു. ഒമ്പതാം ഓവറില്‍ ഗില്‍ 31 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി സ്വന്തമാക്കി. 10-ാം ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. ശുഭ്മാന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. ആവേഷ് ഖാന്റെ പന്തില്‍ എയ്ഡന്‍ മാര്‍ക്രം ക്യാച്ചെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ സായ് സുദര്‍ശനും മടങ്ങി. അടുത്ത എട്ട് ഓവറിൽ വിട്ടുകൊടുത്തത് 60 റൺസ് മാത്രം. ഇതിനിടെ അവരുടെ ആറു വിക്കറ്റുകളും പിഴുതു. ജോസ് ബട്‌ലര്‍ (16), വാഷിങ്ടണ്‍ സുന്ദര്‍ (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോഡ് 19 പന്തില്‍ നിന്ന് 22 റണ്‍സുമെടുത്ത് പുറത്തായി. രാഹുൽ തെവാത്തിയ ഗോൾഡൻ ഡക്കായി. റാഷിദ് ഖാൻ രണ്ടു പന്തിൽ നാലു റൺസോടെയും പുറത്താകാതെ നിന്നു. ലഖ്നൗവിനായി രവി ബിഷ്ണോയ് നാല് ഓവറിൽ 36 റൺസ് വിട്ടുനല്‍കിയും ഷാർദുൽ ഠാക്കൂർ നാലോവറിൽ 34 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം നേടി. ആവേഷ് ഖാൻ നാല് ഓവറിൽ 32 റൺസും ദിഗ്‌വേഷ് രതി നാല് ഓവറിൽ 30 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.