ലുലു മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് ക്രിസ്മസിനെ വരവേൽക്കാൻ ഒരുക്കിയ ഭീമൻ കേക്ക് മിക്സിങ് ലോക റെക്കോഡിലിടം പിടിച്ചു. മാളിനകത്ത് ഒരു മണിക്കൂറിനുള്ളിൽ 6000 കിലോയിലധികം ചേരുവകൾ ക്രിസ്മസ് കേക്കുകൾക്കായി മിക്സ് ചെയ്തതാണ് റെക്കോഡിനർഹമായത്. മാളിലെ ജീവനക്കാരും, ക്ഷണിക്കപ്പെട്ട അതിഥികളും, ഉപഭോക്താക്കളും അടക്കം 250ലധികം പേർ മിക്സിങ്ങിൽ പങ്കെടുത്തു.
മാളിലെ ഗ്രാൻഡ് എട്രിയത്തിൽ തയ്യാറാക്കിയ 100 അടിയിലധികം നീളവും 60 അടി വീതിയുമുള്ള കൂറ്റൻ ക്രിസ്മസ് നക്ഷത്ര രൂപത്തിലാണ് ചേരുവകൾ സജ്ജമാക്കിയിരുന്നത്. കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, കാൻഡിഡ്ചെറി, ജിഞ്ചർ പീൽ, ഓറഞ്ച് പീൽ, മിക്സഡ് പീൽ ഉൾപ്പെടെ 25 ഓളം ചേരുവകൾ നിരത്തിയിരുന്നു. കൗണ്ട് ഡൗൺ തുടങ്ങിയതോടെ എല്ലാവരും ചേർന്ന് ചേരുവകൾ മിക്സ് ചെയ്തു. വേൾഡ് റെക്കോഡ്സ് യൂണിയൻ അഡ്ജുഡിക്കേറ്റർ ക്രിസ്റ്റഫർ ടി ക്രാഫ്റ്റ്, ക്യുറേറ്റർ പ്രജീഷ് നിർഭയ തുടങ്ങിയവർ കേക്ക് മിക്സിങ് റെക്കോഡ് നേട്ടത്തിന് അർഹമാകുമോ എന്ന് പരിശോധിക്കാൻ എത്തിയിരുന്നു. ഒരു മണിക്കൂറിനുള്ളിൽ മിക്സിങ് പൂർത്തിയായി.
തുടർന്നാണ് ഏറ്റവുമധികം ചേരുവകൾ ഉപയോഗിച്ചുള്ള ലുലു മാളിലെ കേക്ക് മിക്സിങ് ലോക റെക്കോഡിനർഹമായതായി അഡ്ജുഡിക്കേറ്റർ ക്രിസ്റ്റഫർ ടി ക്രാഫ്റ്റ് പ്രഖ്യാപിച്ചത്. വേൾഡ് റെക്കോഡ്സ് യൂണിയന്റെ സർട്ടിഫിക്കറ്റും മെഡലും അഡ്ജുഡിക്കേറ്ററിൽ നിന്ന് ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദനും, റീട്ടെയ്ൽ ജനറൽ മാനേജർ രാജേഷ് ഇ വിയും ചേർന്ന് ഏറ്റുവാങ്ങി. ലുലു ഗ്രൂപ്പ് റീജിയണൽ മാനേജർ അനൂപ് വർഗീസ്, മാൾ ജനറൽ മാനേജർ ശ്രീലേഷ് ശശിധരൻ തുടങ്ങിയവർ സംബന്ധിച്ചു.
കേക്ക് മിക്സ് 60 ദിവസത്തോളം ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിനു ശേഷമാണ് കേക്ക് നിർമ്മാണം ആരംഭിക്കുക. മദ്യമോ മറ്റ് കൃത്രിമ കളറുകളോ ചേർക്കാതെയാണ് ലുലുവിൽ കേക്ക് നിർമ്മിക്കുന്നത്. 45,000 കേക്കുകളാണ് ഇത്തവണ തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റ് തയ്യാറാക്കുക.
English Summary: thiruvananthapuram lulu mall big cake gets world record
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.