22 January 2026, Thursday

ലുലു ട്വിൻ ടവർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Janayugom Webdesk
കൊച്ചി
June 28, 2025 10:22 pm

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയമായ ലുലു ഐടി ട്വിൻ ടവർ കൊച്ചി സ്മാർട്ട് സിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സ്വപ്ന പദ്ധതിയായ ഐടി ട്വിൻ ടവറുകൾ ഇനി സംസ്ഥാനത്തിന്റെ ഐടി മേഖലയ്ക്ക് പുത്തൻ ഉണർവേകും.
കേരളത്തിന്റെ ഐടി വികസത്തിന് വേഗത പകരുകയാണ് ലുലു ട്വിൻ ടവറെന്നും ആഗോള ടെക് കമ്പനികളുടെ പ്രവർത്തനം കൊച്ചിയിൽ വിപുലമാക്കാൻ പദ്ധതി വഴിവയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1500 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ തന്നെ നടത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ തീരുമാനം പ്രശംസനീയമാണ്. ഐടി പ്രൊഫഷണലുകൾക്ക് മികച്ച അവസരമാണ് ലുലു തുറന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിനായാണ് ഇത്ര വലിയ നിക്ഷേപം കൊച്ചിയിൽ തന്നെ നടത്തിയതെന്ന് എം എ യൂസഫലി പറഞ്ഞു. മികച്ച പ്രതിഭയുള്ള കുട്ടികൾക്ക് നാട്ടിൽ തന്നെ നല്ല ജോലി എന്ന അവരുടെ ആഗ്രഹം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും എം എ യൂസഫലി വ്യക്തമാക്കി.
ട്വിൻ ടവറുകൾ കൂടി പ്രവർത്തന സജ്ജമായതോടെ കൊച്ചിയിലെ ഏറ്റവും വലിയ ഐടി അടിസ്ഥാനസൗകര്യ ദാതാക്കളായി ലുലു ഗ്രൂപ്പ് മാറി. അടുത്ത മൂന്ന് വർഷത്തിനകം അരലക്ഷം ഐടി പ്രൊഫഷണലുകൾക്ക് ലുലു ഐടി പാർക്ക്സിലൂടെ ജോലി നൽകുകയാണ് ലക്ഷ്യം. നിലവിൽ ഇൻഫോപാർക്കിലെ ലുലുവിന്റെ രണ്ട് സൈബർ ടവറുകളിലായി 13,800 പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുങ്ങുന്ന തൊഴിലവസരം. 

12.74 ഏക്കറിൽ 30 നിലകൾ വീതമുള്ള ലുലു ട്വിൻ ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയിലാണ് ട്വിൻ ടവറുകൾ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 25 ലക്ഷം ചതുരശ്ര അടി ഐടി കമ്പനികൾക്കായുള്ള ഓഫിസിനായി മാറ്റിവച്ചിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ്-റോബോട്ടിക് പാർക്കിങ് സൗകര്യം, ഓൺസൈറ്റ് ഹെലിപ്പാഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുക്കിയിട്ടുള്ളത്. 3200 കാറുകൾക്കുള്ള റോബോട്ടിക് പാർക്കിങ്, 1300 കൺവെൻഷണൽ പാർക്കിങ് അടക്കം മൂന്ന് നിലകളിലായി 4500 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനാകും. 

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാരായ പി രാജീവ്, ജി ആർ അനിൽ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള, ഇടച്ചിറ വാർഡ് കൗൺസിലർ അബ്ദു ഷാന, ലുലു ഐടി പാർക്ക്സ് ഡയറക്ടർ ആന്റ് സിഇഒ അഭിലാഷ് വലിയവളപ്പിൽ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം എ, ലുലു ഗ്രൂപ്പ് ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർമാരായ മുഹമ്മദ് അൽത്താഫ്, സലിം എം എ എന്നിവർ സംസാരിച്ചു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.