
കേരള ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണ താല്‍ക്കാലികമായി ക്ലബ്ബിനോട് വിട പറഞ്ഞു. ഇന്ത്യൻ സൂപ്പർലീഗ് മത്സരങ്ങൾ അനശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് താരത്തെ കൈമാറാൻ ക്ലബ്ബ് തീരുമാനിച്ചത്. വിദേശ ലീഗ് കളിക്കാനാണ് ലൂണ കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. സ്പോൺസർമാരെ കണ്ടെത്താൻ സാധിക്കാതെ ഇന്ത്യൻ സൂപ്പർലീഗ് മുടങ്ങി നിൽക്കുന്നത് ക്ലബ്ബിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. ഇതോടെ ടീമുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന താരങ്ങളുടെയെല്ലാം പരിശീലനം അടക്കം അവതാളത്തിലായി കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇനിയും കളിക്കാരെ ടീമിൽ തുടരാൻ നിർബന്ധിക്കുന്നത് നീതികേടാണെന്ന തിരിച്ചറിവിലാണ് ക്ലബ്ബ് കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിരിക്കുന്നത്. ഉറുഗ്വയിൽ നിന്നുള്ള മിഡ്ഫീൽഡറായ അഡ്രിയാൻ ലൂണ 2021–22 സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാനെത്തുന്നത്. മിന്നും പ്രകടനവുമായി കളം നിറയുന്ന ലൂണയ്ക്ക് കേരളത്തിൽ ഏറെ ആരാധകരുണ്ട്. നാല് സീസണുകളിലും ക്യാപ്റ്റൻ ബാൻഡ് അണിയുവാൻ സാധിച്ച ലൂണ അവസാന രണ്ട് സീസണുകളിൽ ടീമിന്റെ സ്ഥിരം നായകനായിരുന്നു. ലൂണ മികച്ച കളിക്കാരനാണെന്നും ഇനിയും നടക്കുമോ എന്ന് വ്യക്തതയില്ലാത്ത ലീഗിൽ കടിച്ച് തൂങ്ങി നിൽക്കാതെ മികച്ച ഭാവിയ്ക്കായി തയ്യാറെടുപ്പുകൾ നടത്തണമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും അധികം മത്സരങ്ങൾ കളിച്ച താരമാണ് ലൂണ. ഐഎസ്എൽ നാല് സീസണുകൾക്ക് പുറമേ സൂപ്പർ കപ്പുകൾ അടക്കം ആകെ 85 മത്സരങ്ങൾ മഞ്ഞക്കുപ്പായത്തിൽ ലൂണ കളിച്ചു. 15 ഗോളുകൾ നേടിയ ലൂണ മികച്ച പ്ലേമേക്കറായി പേരെടുത്തിരുന്നു. ഏത് ലീഗിലേക്കാണ് ലൂണ പോകുന്നതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതായുണ്ട്. വിദേശ ലീഗിലേക്ക് പോയി അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെട്ടാൽ ഇനിയൊരു മടങ്ങിവരവ് നടത്താൻ 33 കാരനായ ലൂണ തയ്യാറായേക്കില്ല. 2021ൽ കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തിയ ലൂണയ്ക്ക് 2027വരെയാണ് ടീമുമായി കരാറുള്ളത്. കരിയറിന്റെ നിർണായക സമയത്തിലൂടെയാണ് ലൂണ കടന്ന് പോകുന്നത്. ഈ സാഹചര്യത്തിൽ വ്യക്തതയില്ലാത്ത ഐഎസ്എല്ലിൽ തുടരുകയെന്നത് ലൂണയ്ക്ക് ഗുണം ചെയ്യില്ല. ഇന്തൊനേഷ്യൻ ക്ലബ്ബിൽ താരം ചേരുമെന്നാണ് സൂചന. ലൂണയ്ക്ക് പുറമേ കൂടുതൽ വിദേശ താരങ്ങൾ ഐഎസ്എൽ ടീമുകൾ വിടുമെന്ന് സൂചനയും പുറത്തുവരുന്നുണ്ട്. അതേസമയം, ഇന്ത്യൻ സൂപ്പർ ലീഗ് പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഈ സീസണിലെ ഐഎസ്എൽ രണ്ടോ, മൂന്നോ വേദികളിലായി ഹോം ആന്റ് എവേ മത്സരങ്ങളായി നടത്താൻ തീരുമാനം. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ക്ലബുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനത്തിൽ എത്തിയത്. ഫെബ്രുവരി അഞ്ചിന് മത്സരങ്ങൾ തുടങ്ങാനാണ് ശ്രമം. എഐഎഫ്എഫും ഫുട്ബോൾ സ്പോർട്സും തമ്മിലുള്ള സംപ്രേഷണ അവകാശ കരാർ അവസാനിച്ചതോടെയാണ് സെപ്റ്റംബറിൽ തുടങ്ങേണ്ട ഐഎസ്എൽ അനിശ്ചിതത്വത്തിൽ ആയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.