19 December 2024, Thursday
KSFE Galaxy Chits Banner 2

മധു വധക്കേസ്; 13 പ്രതികൾക്ക് 7 വർഷം കഠിന തടവും പിഴയും

Janayugom Webdesk
April 5, 2023 11:53 am

അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് 7 വർഷം കഠിന തടവും പിഴയും. 1,2, 3, 5, 6, 7, 8, 9,10,12,13,14,15 പ്രതികൾക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയുടെ അമ്പതുശതമാനം മധുവിന്റെ അമ്മ മല്ലിക്ക് ലഭിക്കും. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പതിനാറാം പ്രതി മുനീര്‍ 500 രൂപ പിഴ നൽകിയാല്‍ കേസിൽ നിന്ന് മുക്തനാവാം. ഇതിനകം മുനീര്‍ ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ മറ്റ് നടപടികൾ ഇല്ല. കഴിഞ്ഞ ദിവസം കേസിലെ 14 പ്രതികൾ കുറ്റക്കാരാണെന്ന് മണ്ണാർക്കാട് കോടതി വിധിച്ചിരുന്നു.രണ്ട് പ്രതികളെ വെറുതെ വിട്ടു.

മനഃപൂർവമല്ലാത്ത നരഹത്യയും ആദിവാസി അതിക്രമവുമാണ് പ്രതികൾക്കെതിരേ ചുമത്തിയ കുറ്റങ്ങൾ. മധുവിനെ മർദിച്ച സംഘത്തോടൊപ്പമുണ്ടായിരുന്ന നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൽ കരീമിനെയുമാണ് വെറുതെ വിട്ടത്. ഇവരാണ് പിന്നീട് തെളിവായി മാറിയ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. മധുവിനെ വാക്കാൽ അധിക്ഷേപിച്ച 16-ാം പ്രതി മുനീറിന് പിഴയും പരമാവധി മൂന്നു മാസം ശിക്ഷയും ലഭിയ്ക്കാവുന്ന കുറ്റങ്ങളാണ് കോടതിയിൽ കണ്ടെത്തിയത്. 

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ കടുകുമണ്ണപഴയൂരില്‍ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) ആൾക്കൂട്ട മർദനത്തെ തുടർന്ന് മരിച്ചത്. 122 സാക്ഷികളാണ് ആദ്യം ഉണ്ടായിരുന്നത്. വിചാരണ തുടങ്ങിയതിനു ശേഷം അഞ്ച് പേരെ കൂടി ചേർത്ത് 127 സാക്ഷികളായി. 76 പേർ അനുകൂലമായി മൊഴി നൽകി. 24 പേർ കൂറുമാറുകയും 24 പേരെ വിസ്തരിക്കാതെ ഒഴിവാക്കുകയും ചെയ്തു.
സംഭവം നടന്ന് നാലുവര്‍ഷത്തിന് ശേഷം 2022 ഏപ്രിൽ 28നാണ് വിചാരണ തുടങ്ങിയത്. 2023 ജനുവരി 30ന് പ്രതിഭാഗം സാക്ഷി വിസ്താരം തുടങ്ങി മാർച്ച് ഒമ്പതിനാണ് പൂര്‍ത്തിയായത്. കുടുംബത്തിന്റെ ആവശ്യപ്രകാരം അഡ്വ. രാജേഷ് എം മേനോനെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറാക്കിയ ശേഷമാണ് വിചാരണ പൂര്‍ത്തിയായത്.

Eng­lish Sum­ma­ry; Mad­hu mur­der case; 13 accused 7 years rig­or­ous impris­on­ment and fine.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.