
കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരവാദികളുടെ സഹോദരി’ എന്ന് വിളിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷാ. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോഡിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു പ്രസ്താവന.
ഷായുടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരി, മന്ത്രിയുടെ ഈ ചിന്താഗതി ബിജെപി അംഗീകരിക്കുന്നുണ്ടോയെന്നു ചോദിച്ചു.
സംഭവം വിവാദമായതോടെ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ചതിൽ ബിജെപി മന്ത്രി ക്ഷമാപണം നടത്തുകയായിരുന്നു. അവർ നമ്മുടെ സഹോദരിമാരാണെന്നും പ്രസംഗത്തെ തെറ്റിദ്ധരിക്കരുതെന്നും വിജയ് ഷാ പിന്നീടു തിരുത്തി. ‘എന്റെ കുടുംബത്തിന് സൈനിക പശ്ചാത്തലമുണ്ട്, കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ നിരവധി അംഗങ്ങൾ രക്തസാക്ഷികളായിട്ടുണ്ട്. ഇത്രയും ദുഃഖത്തോടെ പ്രസംഗിക്കുമ്പോൾ, ഞാൻ എന്തെങ്കിലും ആക്ഷേപകരമായ വാചകങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ, പത്ത് തവണ ക്ഷമാപണം നടത്താൻ ഞാൻ തയാറാണ്’-വിജയ് പറഞ്ഞു. ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.