
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ കരുത്താര്‍ജ്ജിക്കുന്ന മാഫിയാ സംഘത്തിന്റെയും മാഫിയാ സംസ്കാരത്തിന്റെയും തുടര്‍ച്ചയാണ് പാലക്കാട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയാന്‍ അനുവദിക്കില്ല എന്നതാണ് സമീപനം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണം. രമേശിനെതിരെ നടന്നത് കൊള്ളാം എന്നു ചിന്തിക്കുന്നവരുണ്ടാകാം. പക്ഷെ അവരോര്‍ക്കണം ഇന്ന് രമേശിനെങ്കില്‍ നാളെ സതീശനാകാം, കെസി വേണുഗോപാലും സണ്ണി ജോസഫും ഒക്കെ ഇരകളാകാം, കോട്ടയം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തത് ആരു പറഞ്ഞാലും കൂവിത്തോപ്പിക്കുന്നത് മാഫിയ സംസ്കാരം അല്ലെങ്കില്‍ എന്താണ്. ഇന്നുതന്നെ മറുപടി പറയാനും ഇത്തരം സമീപനങ്ങളെ എതിര്‍ക്കാനും കഴിയുന്നില്ലെങ്കില്‍ അത് ജനാധിപത്യപാര്‍ട്ടിയെന്ന് ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സിന്റെ ഭാവിയെ കൂടുതല്‍ ഇരുണ്ടതാക്കും. കണക്കില്ലാത്ത കള്ളപ്പണമാണ് മാഫിയയെ സൃഷ്ടിക്കുന്നത്. കറുത്തപണത്തിനു പിന്നില്‍ കൊള്ളാരുതാത്ത മുഖമുള്ള ക്രിമിനലുകളെ കണ്ടെത്താം. അവരില്‍ എംഎല്‍എമാരും അധികാരികളും കാണാം. അത്തരം മാഫിയ സംസ്കാരം പൊറുപ്പിക്കാനാകില്ല. പുകഞ്ഞകൊള്ളികളേയും ചേര്‍ന്നു നിന്നവരെയും പുറത്താക്കണമെന്നാണ് കെ മുരളീധരന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ആരെയൊക്കെ പുറത്താക്കണം. ഗുരുതരമായ അപചയത്തിലാണ് കോണ്‍ഗ്രസ്. ചതുര്‍മുഖനെന്നപോലെ പലമുഖങ്ങളിലും പലകൈകളിലുമാണ് ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ്സ്-അദ്ദേഹം വ്യക്തമാക്കി. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമാണ് ജനഹിതം. നാടെങ്ങും ഒളിഞ്ഞും തെളിഞ്ഞും ബിജെപി കോണ്‍ഗ്രസ് ബാന്ധവം നിലനില്‍ക്കുന്നു. ഇത് പുതുമയുള്ള കാര്യവുമല്ല. പക്ഷ ഗാന്ധിഘാതകനായ ഗോഡ്സെയുടെ പാര്‍ട്ടിയുമായി തുടരുന്ന ബന്ധം ഉത്തമോ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിന്തിക്കണം.
ബിജെപി ഇപ്പോള്‍ കൃസ്ത്യന്‍ സ്നേഹത്തിന്റെ മേലങ്കയണിഞ്ഞാണ് സഞ്ചരിക്കുന്നത്. മതമേലധ്യക്ഷന്മാരെ സന്ദര്‍ശിക്കുന്നതും വിരുന്നൊരുക്കുന്നതുമൊക്കെ പതിവാണ്. എന്നാല്‍ മുസ്ലിം വിരുദ്ധതയ്ക്കുള്ള വടിയായാണ് ക്രിസ്ത്യന്‍ ചങ്ങാത്തത്തെ ബിജെപി ഉപയോഗിക്കുന്നത്. ആദ്യം മുസ്ലിം സമുദായം, തുടര്‍ന്ന് കൃസ്ത്യാനികള്‍, വിചാരധാരയില്‍ അടിവരയിട്ട ആര്‍എസ്എസിന്റെ പ്രഖ്യാപിത സമീപനമാണിത്.
സമുദായങ്ങള്‍ക്ക് ഉപരിയായി ജനങ്ങളെ ഒന്നായി ചേര്‍ത്തുപിടിച്ച് സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫ് നാട്ടില്‍ സാധ്യമാക്കുന്നത്. അതിദാരിദ്ര്യം ഇല്ലാതാക്കിയതും കേവല ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള പരിശ്രമങ്ങളും എല്ലാം ഇതിന്റെ തുടര്‍ച്ചയാണ്. ഇതാണ് ശരിയായ കേരളാസ്റ്റോറി. ജനങ്ങളെ സ്വാധീനിക്കുന്നതും ഇടതുപക്ഷം സമൂഹത്തില്‍ വളരുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇത് എല്‍ഡിഎഫിന് മൂന്നാം ഊഴം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സികെ ശശിധരൻ, ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.