പ്രയാഗ്‌രാജ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട പുരാതന നഗരമായ അലഹബാദിൽ തുടർന്നുവരുന്ന ‘മഹാ കുംഭം’ കഴിഞ്ഞ ദിവസം ഒരു ദുരന്തഭൂമിയായി മാറുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി ജീവനുകൾ നഷ്ടമായതായും അനവധി തീർത്ഥാടകർക്ക് ഗുരുതരമായി പരിക്കേറ്റതായും വാർത്തകൾ സൂചിപ്പിക്കുന്നു. എന്നാൽ അപകടം സംഭവിച്ച് പന്ത്രണ്ടിലേറെ മണിക്കൂറുകൾ പിന്നിട്ടിട്ടും കൃത്യമായ മരണസംഖ്യയോ പരിക്കേറ്റവരെ സംബന്ധിച്ച കണക്കുകളോ പുറത്തുവിടാൻ ഉത്തർപ്രദേശ് സംസ്ഥാന സർക്കാരടക്കം ബന്ധപ്പെട്ട ആരുംതന്നെ ഇതെഴുതുമ്പോഴും മുന്നോട്ടുവന്നിട്ടില്ല. സംഭവത്തിൽ ഏതാനും പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് മാത്രമാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥ് പ്രതികരിച്ചിട്ടുള്ളത്. എന്നാൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരുടെ അനുശോചന സന്ദേശങ്ങൾ നൽകുന്ന സൂചന മറ്റൊന്നാണ്. 45 ദിവസം നീണ്ടുനിൽക്കുന്ന മഹാ കുംഭയിൽ 40–45 കോടി ജനങ്ങൾ പങ്കെടുക്കുമെന്നാണ് കേന്ദ്ര, യുപി സർക്കാരുകൾ പ്രവചിച്ചിട്ടുള്ളത്. മഹാ കുംഭത്തെ ഭക്തിയുടെയും വിശ്വാസത്തിന്റെയും ആഘോഷം എന്നതിലുപരി രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റാനാണ് മോഡി, ആദിത്യനാഥ് സർക്കാരുകൾ ആസൂത്രണം ചെയ്തിരുന്നത്. രാജ്യത്തുടനീളം മഹാ കുംഭത്തിന്റെ പേരിൽ മതോന്മാദത്തിന്റേതായ അന്തരീക്ഷം സൃഷ്ടിക്കാനുതകുന്ന വ്യാപക പ്രചാരവേലയും തയ്യാറെടുപ്പുകളുമാണ് അരങ്ങേറിയത്. സാധാരണ തീർത്ഥാടകർക്ക് സുഗമമായി തങ്ങളുടെ മതപരമായ തീർത്ഥാടനദൗത്യം പൂർത്തിയാക്കി സുരക്ഷിതമായി മടങ്ങാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുപകരം തീവ്രഹിന്ദുത്വ രാഷ്ട്രീയ പ്രചരണത്തിനും വിവിഐപി സന്ദർശനങ്ങളിലും കേന്ദ്രീകരിച്ചുള്ള ഒരുക്കങ്ങൾക്കാണ് മുൻതൂക്കം കല്പിച്ചിരുന്നത്. ഹിന്ദു മതവിശ്വാസികളുടെ പവിത്രമായ തീർത്ഥാടനവേളയെ വിനോദസഞ്ചാര കച്ചവടമാക്കി മാറ്റാനും ബന്ധപ്പെട്ടവർ മറന്നില്ല. അത്തരം മുൻഗണനകളിൽ സാധാരണ തീർത്ഥാടകരുടെ ഏറ്റവും മിതമായ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും അവഗണിക്കപ്പെട്ടതാണ് ഇന്നലത്തെ ദുരന്തത്തിലേക്ക് നയിച്ചത്.
മോഡി, ആദിത്യനാഥ് ഭരണത്തിൽ ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ മതസംസ്കാരം കൈവരിച്ച വളർച്ചയെ ലോകത്തിനുമുമ്പിൽ പ്രദർശിപ്പിക്കാനുള്ള അതിരുകടന്ന, യാഥാർത്ഥ്യബോധമില്ലാത്ത വ്യഗ്രതയാണ് ഇന്നലത്തെ ദുരന്തത്തിനും പ്രയാഗ്‌രാജിലെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയ്ക്കും കാരണം. ഹിന്ദുമത വിശ്വാസം അനുസരിച്ച് മഹാ കുംഭയിലെ അതിവിശിഷ്ട മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു ബുധനാഴ്ച പുലർച്ചയിലെ ‘അമൃത് സ്നാൻ’. സർക്കാരുകൾ നടത്തിയ വിപുലമായ പ്രചരണ പ്രവർത്തനങ്ങളുടെ ഫലമായി പത്തുകോടി തീർത്ഥാടകര്‍ അമൃത് സ്നാനിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അത്രയും തീർത്ഥാടകരെ ഉൾക്കൊള്ളാൻ പ്രയാഗ്‌രാജിനോ സ്നാൻ ഘാട്ടുകൾക്കോ കഴിയുമായിരുന്നില്ല എന്ന തിരിച്ചറിവ് ഭരണകൂടത്തിന് ഉണ്ടായിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. കുംഭയുടെ ഭാഗമായുള്ള ജനപ്രവാഹത്തിന്റെ സൗകര്യാർത്ഥം നിർമ്മിച്ച താൽക്കാലിക പ്ലാറ്റൂൺ പാലങ്ങൾ ഏറെയും തീർത്ഥാടകരുടെ ഉപയോഗത്തിനായി തുറന്നുകൊടുത്തിരുന്നില്ല എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അവ വിവിഐപി ഉപയോഗങ്ങൾക്കായി മാറ്റിവയ്ക്കപ്പെട്ടിരുന്നതായി നേരത്തെതന്നെ പരാതികൾ ഉയർന്നിരുന്നു. നഗരത്തിനും സ്നാൻ ഘാട്ടുകൾക്കും ഉൾക്കൊള്ളാവുന്നതിലധികം ജനക്കൂട്ടം ഒഴുകിയെത്തിയപ്പോൾ അവരെ ഫലപ്രദമായി നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. അമൃത് സ്നാൻ മുഹൂർത്തം കണക്കാക്കി ഘാട്ടുകളിൽ ഇടംപിടിച്ചവരുടെ മേലേക്ക് പുതുതായി ഒഴുകിയെത്തിയ ജനക്കൂട്ടം ഇരച്ചുകയറാൻ അനുവദിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ദുരന്തം സംഭവിച്ച് ഒരു പകൽ പിന്നിട്ടിട്ടും മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം പുറത്തുവിടാൻ വിസമ്മതിക്കുന്ന കേന്ദ്ര, യുപി സർക്കാരുകളുടെ മൗനം ദുരൂഹവും സംശയാസ്പദവും നിഗൂഢവുമാണ്. മനുഷ്യ നിർമ്മിതമായ ഈ ദുരന്തത്തിന്റെ സമ്പൂർണ ഉത്തരവാദിത്തം മോഡി, ആദിത്യനാഥ് സർക്കാരുകളുടേതാണ്. അതിന്റെ വ്യാപ്തി ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കാനാണ് ഇരു സർക്കാരുകളും ശ്രമിക്കുന്നത്.
പ്രയാഗ്‌രാജിലെ മഹാ കുംഭ ദുരന്തത്തിന്റെ വ്യാപ്തി ജനങ്ങളിൽനിന്നും മറച്ചുവയ്ക്കാനുള്ള മോഡി, ആദിത്യനാഥ് സർക്കാരുകളുടെ വ്യഗ്രത അനുസ്മരിപ്പിക്കുന്നത് കോവിഡ് മഹാമാരിയിലുണ്ടായ കൂട്ടമരണങ്ങൾ മറച്ചുവയ്ക്കാനും നിസാരവൽക്കരിക്കാനും അവർ നടത്തിയ ശ്രമങ്ങളാണ്. കോവിഡ് മഹാമാരിയിലുണ്ടായ ഏതാണ്ട് അരക്കോടിയോളം മരണങ്ങളെ ലോകത്തിന്റെ മുന്നിൽ നിരാകരിക്കാൻ ബിജെപി സർക്കാരുകൾക്ക് യാതൊരു മനഃസാക്ഷിക്കുത്തും ഉണ്ടായിരുന്നില്ല. മഹാ കുംഭ ദുരന്തത്തിന്റെ യഥാർത്ഥചിത്രം ഇന്നല്ലെങ്കിൽ നാളെ പുറത്തുവരും. ഇപ്പോൾ ദുരന്തത്തിന്റെ വ്യാപ്തി ജനങ്ങളിൽനിന്നും ലോകത്തിന്റെ മുമ്പിൽനിന്നും മറച്ചുവയ്ക്കാനുള്ള ശ്രമമാണ് കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ നടത്തുന്നത്. ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവരും മുമ്പ് അമൃത് സ്നാൻ പുനരാരംഭിച്ചതുതന്നെ അത്തരം ഒരു മറച്ചുവയ്ക്കലിന്റെ ഭാഗമായേ വിലയിരുത്താനാവു. മനുഷ്യജീവന് യാതൊരു വിലയും കല്പിക്കാതെയുള്ള രാഷ്ട്രീയ മുതലെടുപ്പാണ് മഹാ കുംഭ തീർത്ഥാടനത്തിന്റെ പേരിൽ അരങ്ങേറുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.