5 January 2026, Monday

Related news

December 29, 2025
December 19, 2025
December 15, 2025
December 11, 2025
December 4, 2025
December 2, 2025
December 1, 2025
December 1, 2025
November 26, 2025
November 25, 2025

അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിനെതിരെ നാല് വിക്കറ്റ് വിജയവുമായി മഹാരാഷ്ട്ര

Janayugom Webdesk
വിജയവാഡ
December 1, 2025 7:34 pm

അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മഹാരാഷ്ട്രയോട് തോൽവി. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ നാല് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ബി എം മിറാജ്കറുടെ പ്രകടനമാണ് മഹാരാഷ്ട്രയ്ക്ക് വിജയമൊരുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ക്യാപ്റ്റൻ നജ്ല സിഎംസിയുടെയും ശ്രദ്ധ സുമേഷിൻ്റെയും ഇന്നിങ്സുകളാണ് കരുത്ത് പകർന്നത്. കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്ന വൈഷ്ണ എം പിയും ശ്രദ്ധയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 24 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ അടുത്തടുത്ത ഓവറുകളിൽ കേരളത്തിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. വൈഷ്ണ 14 റൺസെടുത്ത് പുറത്തായപ്പോൾ അബിന റണ്ണെടുക്കാതെ മടങ്ങി. തുടർന്ന് മൂന്നാം വിക്കറ്റിൽ ശ്രദ്ധയും നജ്ലയും ചേർന്ന് കൂട്ടിച്ചേർത്ത 31 റൺസാണ് കേരളത്തിൻ്റെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ശ്രദ്ധ 33 റൺസും നജ്ല 41 റൺസും നേടി. അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച നജ്ലയുടെ ഇന്നിങ്സാണ് കേരളത്തിൻ്റെ സ്കോർ 125ൽ എത്തിച്ചത്. മഹാരാഷ്ട്രയ്ക്ക് വേണ്ടി ബി എം മിറാജ്കർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്രയ്ക്ക് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. എന്നാൽ ഒരറ്റത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുമ്പോഴും മറുവശത്ത് ഉറച്ച് നിന്ന ഓപ്പണർ ഈശ്വരി അവസാരെയുടെ പ്രകടനം മഹാരാഷ്ട്രയ്ക്ക് തുണയായി. ഈശ്വരി 41 റൺസെടുത്തു. ഈശ്വരി മടങ്ങിയ ശേഷമെത്തിയ ബി എം മിറാജ്കറുടെ പ്രകടനമാണ് കളി മഹാരാഷ്ട്രയ്ക്ക് അനുകൂലമാക്കിയത്. 27 പന്തുകളിൽ നിന്ന് 31 റൺസാണ് മിറാജ്കർ നേടിയത്. ഇരുപതാം ഓവറിലെ നാലാം പന്തിൽ മിറാജ്കർ റണ്ണൌട്ടായെങ്കിലും അവസാന പന്തിൽ മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി ഐശ്യര്യ എ കെ രണ്ട് വിക്കറ്റ് വീഴ്ത്തി.

കേരളം — 20 ഓവറിൽ ഏഴ് വിക്കറ്റിന് 125
മഹാരാഷ്ട്ര — 20 ഓവറിൽ ആറ് വിക്കറ്റിന് 126

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.