23 January 2026, Friday

പൂജ ഖേദ്കറിനെതിരെ മഹാരാഷ്ട്ര സർക്കാർ റിപ്പോര്‍ട്ട് സമർപ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
July 19, 2024 4:59 pm

വിവാദ ട്രെയിനി ഐഎഎസ് ഓഫിസർ പൂജ ഖേദ്കറിനെതിരെ മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമർപ്പിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി നിതിൻ ഗരാഡെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പ് ഒരാഴ്ച നീണ്ട അന്വേഷണത്തിന് ശേഷം പേഴ്‌സണൽ ആന്റ് ട്രെയിനിങ് വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു.

കേന്ദ്രസർക്കാർ രൂപീകരിച്ച ഏകാംഗ സമിതിക്കും റിപ്പോർട്ടിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. സിവിൽ സർവീസിൽ ചേരുന്നതിന് മുമ്പ് 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ ഖേദ്കർ നടത്തിയ വിവിധ അവകാശവാദങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനായി വിവിധ ഏജൻസികളിൽ നിന്ന് ലഭിച്ച രേഖകളുടെ ശേഖരമാണ് മഹാരാഷ്ട്ര സർക്കാരിന്റെ റിപ്പോർട്ട്.

യുപിഎസ് സി സെലക്ഷന്‍ കമ്മിറ്റിയുടെ ഇളവ് ലഭിക്കുന്നതിനുവേണ്ടിയാണ് വൈകല്യമുണ്ടെന്ന് സ്ഥാപിക്കുന്ന സര്‍ട്ടിഫിക്കറ്റ് പൂജ നല്‍കിയത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിന് നിർബന്ധിത മെഡിക്കൽ പരിശോധനകൾക്ക് വിധേയമാകാൻ അവർ വിസമ്മതിച്ചു. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് ദിലീപ് ഖേദറിന് 40 കോടി രൂപയുടെ ആസ്തിയുള്ളതിനാല്‍ അവര്‍ ഒബിസി ഇതര ക്രീമി ലെയറിന് കീഴിൽ വന്നിട്ടില്ലെന്നാണ് ആരോപണം. 

സ്വകാര്യ ഔഡിയിൽ ബീക്കന്‍ ലൈറ്റ് ഉപയോഗിക്കുന്നതും ജൂനിയർ ഓഫിസർമാർക്ക് ലഭ്യമല്ലാത്ത പ്രത്യേക വീടിനും കാറിനും വേണ്ടിയുള്ള ആവശ്യങ്ങൾ ഉന്നയിച്ചതും വിവാദത്തിന് തുടക്കമിട്ടു. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ പൂജ ഖേദ്കറെ പുറത്താക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അവര്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Maha­rash­tra gov­ern­ment has sub­mit­ted a report against Poo­ja Khedkar

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.