
ഇലക്ട്രോണിക് വോട്ടിങ്ങിലെ വിശ്വാസ്യത ചോദ്യം ചെയ്ത് മഹാരാഷ്ട്രയിലെ മാല്‍ഷിറാസ് താലൂക്കിലെ മാര്‍ക്കഡ് വാഡി ഗ്രാമവാസികള്‍ പ്രതീകാത്മകമായി നടത്താനിരുന്ന ബാലറ്റ് വോട്ടിങ് പൊലീസ് ഇടപെടലിനെ തുടര്‍ന്ന് ഒഴിവാക്കി.
ഗ്രാമത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു റീ പോളിങ് ഒഴിവാക്കാനുള്ള തീരുമാനമെന്ന് മാല്‍ഷിറാസ് എംഎല്‍എ ഉത്തം ജാങ്കര്‍ പറഞ്ഞു. പൊലീസും ഗ്രാമവാസികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പ്രതീകാത്മകമായി നടത്തുന്ന തെരഞ്ഞെടുപ്പിനെ ചൊല്ലി പ്രദേശത്ത് സംഘര്‍ഷം ഉണ്ടായാല്‍ പോളിങ് ബൂത്തില്‍ ആളെത്തുന്ന സ്ഥിതി ഉണ്ടാവില്ലെന്നും ജാങ്കര്‍ പറഞ്ഞു. റീ പോളിങ് അനുവദിക്കാനാവില്ലെന്നും പോളിങ് സാമഗ്രികള്‍ പിടിച്ചെടുക്കുമെന്നതുള്‍പ്പടെ പൊലീസ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ ഗ്രാമീണര്‍ വോട്ടെടുപ്പില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
ഗ്രാമീണരുമായും എംഎല്‍എയുമായും ചര്‍ച്ച നടത്തിയതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഒരു വോട്ട് ചെയ്താലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. റീ പോളിങ്ങിനെതിരെ ബിജെപിയെ അനുകൂലിക്കുന്ന ഒരു വിഭാഗം രംഗത്തുവന്നതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുടര്‍ന്ന് വന്‍ പൊലീസ് സേനയെ വിന്യസിച്ചു.
നവംബര്‍ 20ന് നടന്ന വോട്ടെടുപ്പില്‍ മാല്‍ഷിറാസ് മണ്ഡലത്തില്‍ എന്‍സിപി ശരദ്പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥി ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഗ്രാമത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. ഇതില്‍ ക്രമക്കേട് ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി രാം സത്പുത്തെ 1,003 വോട്ടുകള്‍ നേടിയപ്പോള്‍ എന്‍സിപി സ്ഥാനാര്‍ത്ഥി ഉത്തം ജാങ്കറിന് ലഭിച്ചത് 843 വോട്ടുകള്‍ മാത്രമാണ്. ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ സംശയമുള്ള ഗ്രാമവാസികള്‍ കൂട്ടായി പണം പിരിച്ചെടുത്ത് പരമ്പരാഗത ബാലറ്റ് പേപ്പര്‍ വോട്ടിങ്ങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
വോട്ടെടുപ്പ് ദിവസം ഗ്രാമത്തിലെ 2,000 വോട്ടര്‍മാരില്‍ 1,900 പേര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചതായി പ്രദേശവാസിയായ രഞ്ജിത് മര്‍ക്കാട് പറഞ്ഞു. സ്ഥിരമായി ഞങ്ങള്‍ ജാങ്കറിനെ പിന്തുണച്ചു. ഇത്തവണ ഇവിഎമ്മിലൂടെയുള്ള വോട്ടെണ്ണല്‍ പ്രകാരം ജാങ്കറിന് 843 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്, ബിജെപി സ്ഥാനാര്‍ത്ഥി സത്പുതെക്ക് 1,003 വോട്ടുകള്‍ ലഭിച്ചു. ഇത് ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്തതാണെന്നും അതിനാലാണ് ബാലറ്റ് പേപ്പറുകളിലൂടെ റീപോളിങ് നടത്താന്‍ തീരുമാനിച്ചതെന്നും മര്‍ക്കാട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തിന്റെ കൃത്യത ഉറപ്പാക്കാന്‍ പ്രതീകാത്മക ബാലറ്റ് വോട്ടിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് തഹസില്‍ദാറിന് ജാങ്കര്‍ അനുകൂലികള്‍ കത്ത് നല്‍കിയിരുന്നെങ്കിലും അത് നിരസിച്ചതായും ഗ്രാമവാസികള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.