25 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 22, 2025
February 22, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 20, 2025
February 20, 2025

അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി ഒ ആർ കേളു

Janayugom Webdesk
തിരുവനന്തപുരം
August 28, 2024 9:27 am

കേരളത്തിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പോരാടിയ ധീരയോദ്ധാവായ മഹാത്മ അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കാൻ പുതുതലമുറ സജ്ജമാകണമെന്ന് പട്ടികജാതി-പട്ടികവർഗ പിന്നാക്ക വിഭാഗ വികസന മന്ത്രി ഒ ആർ കേളു. വഴിനടക്കാനോ, വിദ്യാഭ്യാസം നേടാനോ, ക്ഷേത്രങ്ങളിൽ പ്രവേശിക്കാനോ കഴിയാത്ത ഇരുണ്ട കാലഘട്ടത്തിൽ താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന് മറ്റുള്ളവർക്കു ലഭിക്കുന്നതു പോലുള്ള എല്ലാ സ്വാതന്ത്ര്യവും ലഭിക്കണമെന്നതായിരുന്നു അയ്യങ്കാളിയുടെ ദർശനം. സമത്വത്തിനു വേണ്ടിയുള്ള പോർവിളികളിലൂടെ സ്വാതന്ത്ര്യം നേടി വർത്തമാനകാലത്തിൽ എത്തിയിട്ടും അസമത്വത്തിലേക്ക് കേരളം നീങ്ങുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. മഹാത്മ അയ്യങ്കാളിയുടെ 161-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിലെ പ്രതിമയിൽ മന്ത്രി പുഷ്പാർച്ചന നടത്തി.

അയ്യങ്കാളി ഒരു നേതാവ് എന്നതിലുപരി അടിച്ചമർത്തപ്പെട്ടവരുടെ പ്രത്യാശയുടെ വെളിച്ചമായിരുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഐതിഹാസികമായ വില്ലുവണ്ടി സമരത്തിലൂടെയും കല്ലുമാല സമരത്തിലൂടെയും ദളിത് സമൂഹത്തിന് ചരിത്രത്തിന്റെ ഗതി മാറ്റിമറിക്കുന്ന ഒരു പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ സമരങ്ങൾ കേവലം പ്രതിഷേധമായിരുന്നില്ല. ജാതിയടിസ്ഥാനത്തിലുള്ള അടിച്ചമർത്തലിന്റെ ചങ്ങലകൾ പൊളിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന ശക്തമായ പ്രഖ്യാപനങ്ങളായിരുന്നു. അയ്യങ്കാളി നടത്തിയ സമരം അവസാനിച്ചിട്ടില്ലെന്ന് നാം തിരിച്ചറിയണം. നാം എത്ര പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഭൂതകാലത്തിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലുകളായി സാമൂഹിക ഘടനയിൽ ജാതി വേർതിരിവുകൾ ഇപ്പോഴും നിലനിൽക്കുന്നു. സാമ്പത്തിക അസമത്വത്തിന്റെ ഉയർച്ചയും വർഗീയതയുടെ വർദ്ധിച്ചുവരുന്ന വേലിയേറ്റവും എല്ലാവർക്കും തുല്യനീതി സാക്ഷാത്കരിക്കുന്നതിന് വെല്ലുവിളികൾ ഉയർത്തുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ തലത്തിൽ നിന്നുള്ള കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ ജേതാക്കൾക്ക് മേയർ ആര്യാ രാജേന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ വി കെ പ്രശാന്ത്, ആന്റണി രാജു, മുൻ സ്പീക്കർ എം വിജയകുമാർ, മുൻ എംഎൽഎ സത്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ, വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, അഡീഷണൽ ഡയറക്ടർ വി സജീവ് എന്നിവരും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.