29 December 2025, Monday

തൊഴിലുറപ്പില്ല; തൊഴില്‍ ദിനങ്ങള്‍ 42 , അഞ്ച് വർഷത്തെ താഴ്ന്ന നിലയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 22, 2023 11:11 pm

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎൻആർഇജിഎസ്) കീഴിലുള്ള ഈ സാമ്പത്തിക വർഷത്തെ തൊഴില്‍ ദിനങ്ങള്‍ അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ജനുവരി 20ലെ കണക്കനുസരിച്ച്, ശരാശരി 42 തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് 2022–23ല്‍ ഇതുവരെ ലഭിച്ചിരിക്കുന്നത്. 2021–22ൽ 50, 2020–21ൽ 52, 2019–20ല്‍ 48, 2018–19ൽ 51 ദിവസവും ശരാശരി തൊഴില്‍ ദിനങ്ങള്‍ ലഭിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസത്തിൽ താഴെ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഒമ്പത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് 70 തൊഴില്‍ദിനങ്ങള്‍ നല്‍കിയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അരുണാചൽ പ്രദേശ് 63.92, ഛത്തീസ്ഗഡ് 61.60, ഗോവ 18.03, ഹരിയാന 59.91, മണിപ്പൂർ 14.52, മേഘാലയ 55.65, ആൻഡമാൻ നിക്കോബാർ 26.84, ലക്ഷദ്വീപ് 33.63 തൊഴില്‍ദിനങ്ങളാണ് വിനിയോഗിച്ചിട്ടുള്ളത്. ഒരു തൊഴിലാളിക്ക് പ്രതിവര്‍ഷം 100 തൊഴില്‍ദിനങ്ങളെങ്കിലും നല്‍കണമെന്നാണ് പദ്ധതി ലക്ഷ്യമിടുന്നത്.

സംസ്ഥാനങ്ങൾ നൽകുന്ന ലേബർ ബജറ്റ് ഒരു വിശദീകരണവും നൽകാതെ കേന്ദ്രം വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് വരുന്ന സാമ്പത്തിക വർഷത്തിൽ കൂടുതൽ ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമബംഗാളിന് മാത്രം 2750 കോടിയോളം രൂപ കുടിശികയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കാനുണ്ട്. കോവിഡ് ബാധിച്ച രണ്ട് വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം പദ്ധതിക്ക് കീഴിലുള്ള ജോലികള്‍ക്കുള്ള ആവശ്യങ്ങള്‍ കുറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ പങ്കാളിത്തത്തെ തടസപ്പെടുത്തുന്ന വ്യവസ്ഥകള്‍ പദ്ധതിയെ ബാധിച്ചതായി അക്കാദമിക് വിദഗ്ധരും അവകാശ പ്രവര്‍ത്തരും ചൂണ്ടിക്കാണിക്കുന്നു.

ഫണ്ടിന്റെ അഭാവം തൊഴിൽ ആവശ്യകത കുറയ്ക്കുന്നതിനും വേതനം നൽകുന്നതിൽ കാലതാമസത്തിനും കാരണമായി. ഇത് തൊഴിലുറപ്പ് ജോലികളിലെ പങ്കാളിത്തത്തില്‍ കാര്യമായ കുറവുണ്ടാക്കി. തൊഴിലിടങ്ങളില്‍ ഹാജരാകുന്നതിനുള്ള ആപ്പ് പോലുള്ള അനാവശ്യ സാങ്കേതിക സങ്കീർണതകൾ തൊഴിലാളികൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുവെന്നും വിദ‍ഗ്ധര്‍ പറയുന്നു.

സമരം ശക്തമാക്കും: എഐടിയുസി

ന്യൂഡല്‍ഹി: രാജ്യത്തെ 15 കോടിയിലധികം ജനങ്ങളുടെ ആശ്രയമായ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ സമരം ശക്തമാക്കാന്‍ ഓള്‍ ഇന്ത്യാ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി). മാര്‍ച്ച് 13ന് പ്രതിഷേധ ദിനം ആചരിക്കും. രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും അന്ന് വമ്പിച്ച മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. നവംബര്‍ അവസാന വാരം പഞ്ചാബില്‍ ദേശീയ സമ്മേളനം നടത്തും. അതിനു മുന്നോടിയായി രാജ്യമൊട്ടാകെ സംസ്ഥാന സമ്മേളനങ്ങള്‍ ചേരുമെന്നും എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. മുന്‍ എംപി ചെങ്ങറ സുരേന്ദ്രന്‍ കണ്‍വീനറും കെ അനിമോന്‍, കശ്മീര്‍ സിങ്, ജയന്ത് ദാസ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും 13 അംഗ ഓര്‍ഗനൈസിങ് കമ്മിറ്റിക്കും രൂപം നല്‍കി. ബിനോയ് വിശ്വം എംപിയുടെ അധ്യക്ഷതയില്‍ ഡല്‍ഹി എഐടിയുസി ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, രാമകൃഷ്ണ പാണ്ഡെ, കെ പി രാജേന്ദ്രന്‍, നാരായണ്‍ പുര്‍ബെ, അഡ്വ. എസ് വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Mahat­ma Gand­hi Nation­al Rur­al Employ­ment Guar­an­tee Scheme
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.