മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് സംവിധാനം അന്ത്യശ്വാസം വലിക്കുന്നു. ആവശ്യത്തിന് ഫണ്ട് ലഭ്യമാകാത്തതാണ് പദ്ധതിയുടെ നട്ടെല്ലായ സോഷ്യല്‍ ഓഡിറ്റിന്റെ ദുരവസ്ഥയ്ക്ക് കാരണം. പദ്ധതിയിലെ ക്രമക്കേട്, ഫണ്ട് ദുര്‍വിനിയോഗം എന്നിവ സംബന്ധിച്ച പരിശോധനയാണ് സോഷ്യല്‍ ഓഡിറ്റിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതും പരീശിലനം ലഭിച്ച ജീവനക്കാരുടെ അഭാവവും പരിശോധനാ സംവിധാനം പാടെ തകരുന്ന നിലയിലേയ്ക്ക് എത്തിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
ധനവിനിയോഗത്തിലെ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ തുക തിരിച്ചുപിടിക്കുന്നതില്‍ വരുന്ന വീഴ്ചയും സോഷ്യല്‍ ഓഡിറ്റ് സംവിധാനത്തിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ക്രമക്കേടോ ധനദുര്‍വിനിയോഗമോ ഉണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് തുക ഈടാക്കാനുള്ള നിര്‍ദേശം പാലിക്കുന്നതില്‍ പല സംസ്ഥാനങ്ങളും പരാജയമാണ്. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പദ്ധതിയില്‍ സംഭവിച്ച വീഴ്ചകളുടെ ഭാഗമായി സംഭവിച്ച ആകെ ധനനഷ്ടത്തിന്റെ 14 ശതമാനം തുക മാത്രമാണ് ഇതുവരെ തിരിച്ചുപിടിച്ചത്.
സോഷ്യല്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ 27.5 കോടിയില്‍ 9.5 കോടിയില്‍ മാത്രമാണ് നടപടി സ്വീകരിച്ചത്. തിരിച്ചുപിടിച്ചത് 1.31 കോടി മാത്രവും. 2022–23 സാമ്പത്തിക വര്‍ഷത്തെ ദുര്‍വിനിയോഗത്തില്‍ 20.8 ശതമാനം മാത്രമാണ് തിരിച്ചുപിടിച്ചത്. 2021–22 സാമ്പത്തിക വര്‍ഷം 171 കോടി ദുര്‍വിനിയോഗം നടത്തിയെന്ന് പരിശോധനയില്‍ കണ്ടെത്തിയെങ്കിലും കേവലം 26 കോടി രൂപമാത്രമാണ് തിരിച്ചെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന അശ്രദ്ധയാണ് കോടിക്കണക്കിന് രൂപ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകാതെ ഉദ്യോഗസ്ഥര്‍ കീശയിലാക്കുന്ന രീതിയിലേക്ക് എത്തിച്ചതെന്ന് മസ്ദൂര്‍ കിസാന്‍ ശക്തി സംഘാതന്‍ സ്ഥാപകാംഗം നിഖില്‍ ഡേ അഭിപ്രായപ്പെട്ടു. സോഷ്യല്‍ ഓഡിറ്റ് സംവിധാനം ശക്തിപ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് പൂര്‍ണമായി അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
English Summary: mahatma gandhi national rural employment gurantee
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.