11 January 2026, Sunday

Related news

January 3, 2026
January 3, 2026
January 3, 2026
December 30, 2025
December 24, 2025
December 18, 2025
December 15, 2025
December 15, 2025
December 7, 2025
December 5, 2025

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് നീക്കം; വ്യക്തമാകുന്നത് സംഘ്പരിവാറിന്റെ വിദ്വേഷമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 15, 2025 10:26 pm

സംഘ്പരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും എത്രത്തോളം വിദ്വേഷമുണ്ടെന്നതാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റാനുള്ള തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളെപ്പോലും തുരങ്കം വയ്ക്കുന്ന തീരുമാനമാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 

സംസ്ഥാനങ്ങൾക്കുമേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേല്പിക്കുന്ന തരത്തിലാണ് ബില്ലിലെ ഉള്ളടക്കം. ആവശ്യാധിഷ്ഠിത പദ്ധതിയിൽ നിന്നും വിഹിതം അടിസ്ഥാനമാക്കിയ പദ്ധതിയായി തൊഴിലുറപ്പ് പദ്ധതിയെ മാറ്റുക എന്നതാണ് ബില്ലിനു പിന്നിലെ അജണ്ട. തൊഴിൽരഹിതർ ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള തൊഴിൽ ലഭ്യമാക്കാൻ കഴിയുന്ന രീതിയിലായിരുന്നു നിലവിലുള്ള പദ്ധതിയുടെ ഘടന.
അതിൽനിന്നും, ഏതാനും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ സാമ്പത്തിക വർഷവും സംസ്ഥാനങ്ങൾക്കുള്ള വിഹിതം യൂണിയൻ സർക്കാർ മുൻകൂട്ടി നിശ്ചയിക്കുന്ന രീതിയിലേക്കാണ് മാറ്റം കൊണ്ടുവരുന്നത്. നിലവിൽ പദ്ധതിയിലെ വേതന ഘടകത്തിന്റെ 100 ശതമാനവും യൂണിയൻ സർക്കാർ വഹിക്കുന്ന നിലയും ഭൗതിക ഘടകത്തിന്റെ ചെലവുകൾ 75: 25 എന്ന അനുപാതത്തിൽ യൂണിയൻ സർക്കാരും സംസ്ഥാന സർക്കാരും പങ്കിടുന്ന നിലയും ആയിരുന്നു. 

ഈ രണ്ട് ഘടകങ്ങളും 60: 40 എന്ന അനുപാതത്തിൽ യൂണിയൻ സർക്കാരും സംസ്ഥാനവും പങ്കിടണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഇപ്പോൾ രൂപം കൊടുത്ത ബിൽ നിയമമാവുന്നതോടെ കേരളത്തിനുള്ള യൂണിയൻ ബജറ്റ് വിഹിതത്തിൽ വലിയ കുറവാണുണ്ടാവുക. മൊത്തം ചെലവിന്റെ 60 % മാത്രം യൂണിയൻ സർക്കാരിൽ നിന്നും ലഭിക്കുന്ന നിലയുമുണ്ടാകും. പാവങ്ങളുടെ അത്താണിയായ തൊഴിലുറപ്പ് പദ്ധതിയെ എല്ലാ തരത്തിലും നിർവീര്യമാക്കാനാണ് യൂണിയൻ സർക്കാരിന്റെ ശ്രമം. സംസ്ഥാനങ്ങൾക്കുമേൽ കൂടുതൽ സാമ്പത്തിക ഭാരം അടിച്ചേല്പിക്കുന്ന പുതിയ നിയമനിർമ്മാണത്തിൽ നിന്നും യൂണിയൻ സർക്കാർ പിൻവാങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.