
വനിതാ ക്രിക്കറ്റില്‍ കന്നി ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ താരമൂല്യം കുതിക്കുന്നു. ഹര്‍മന്‍പ്രീത് കൗറും സംഘവും ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനാണ് പരാജയപ്പെടുത്തിയാണ് ആദ്യലോക കീരിടം ചൂടിയത്. ഇതിന് പിന്നാലെ ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ നാടായ ഇന്ത്യയില്‍ താരങ്ങളുടെയെല്ലാം ബ്രാന്‍ഡ് മൂല്യം കുതിക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ എന്‍ഡോഴ്സ്മെന്റ് ഫീസ് 25 മുതല്‍ 100 % വരെ വര്‍ധിച്ചു. ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ്മ, ഷഫാലി വര്‍മ്മ തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഫോളോവേഴ്സിന്റെ എണ്ണത്തിലും വമ്പന്‍ കുതിച്ചുചാട്ടം പ്രകടമായി.
ജെമീമ അടക്കമുള്ളവരെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കാന്‍ ഏജന്‍സികളും ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. ദിനംപ്രതി ബ്രാന്‍ഡ് അന്വേഷണം വര്‍ധിക്കുന്നതായി ബേസ് ലൈന്‍ വെഞ്ചേഴ്സ് മാനേജിങ് ഡയറക്ടര്‍ തുഹിന്‍ മിശ്ര പറഞ്ഞു. നിലവിലെ കരാര്‍ പുനര്‍ചര്‍ച്ചകളും ആനുപാതികമായി ഉയര്‍ന്നിട്ടുണ്ട്. ഫീസ് 25 മുതല്‍ 30% വരെ ഉയര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിഫൈനലില്‍ 127 റണ്‍സ് നേടി ഇന്ത്യയുടെ വിജയം അനായാസമാക്കിയ ജെമീമ റോഡ്രിഗസിന്റെ ബ്രാന്‍ഡ് മൂല്യം 100% ഉയര്‍ന്നു. ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരം പൂർത്തിയായ ഉടൻ തന്നെ ഞങ്ങൾക്ക് ജെമീമയെ ബ്രാന്‍ഡ് ആക്കുന്നതിന് അഭ്യർത്ഥനകൾ ലഭിച്ചതായി ജെഎസ്ഡബ്ല്യു സ്പോര്‍ട്സിലെ ചീഫ് കൊമേഴ്സ്യല്‍ ഓഫിസര്‍ കരണ്‍ യാദവ് പറഞ്ഞു. 10 മുതല്‍ 12 വിഭാഗം ഏജന്‍സികളുമായി ചര്‍ച്ച നടന്നു വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 75 ലക്ഷം മുതല്‍ ഒന്നര കോടി രൂപ വരെയാണ് ജെമീമ ഇപ്പോള്‍ ബ്രാന്‍ഡ് ഫീസ് ഇനത്തില്‍ ഈടാക്കുന്നത്. സ്മൃതി മന്ദാന എച്ച്‌യുഎല്ലിന്റെ റെക്‌സോണ ഡിയോഡറന്റ്, നൈക്ക്, ഹ്യുണ്ടായ്, ഹെർബലൈഫ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ഗൾഫ് ഓയിൽ, പിഎൻബി മെറ്റ്‌ലൈഫ് ഇൻഷുറൻസ് എന്നിവയുൾപ്പെടെ 16 ബ്രാൻഡുകളുടെ അംബാസഡറാണ്. ഒരു ബ്രാന്‍ഡിന് ഒന്നര കോടി മുതല്‍ രണ്ട് കോടി വരെയാണ് മന്ദാന ഈടാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.