19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 3, 2024
December 2, 2024
December 1, 2024
October 19, 2024
October 17, 2024
October 16, 2024
July 20, 2024
July 17, 2024
July 2, 2024

റെയിൽവേ ജോലി തട്ടിപ്പിൽ മുഖ്യ പ്രതിയും പിടിയിൽ: ബിജെപി നേതാവടക്കം മൂന്നു പ്രതികൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു

Janayugom Webdesk
July 7, 2022 10:06 pm

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതിയും പൊലീസിന്റെ പിടിയിലായി. മലപ്പുറം എടപ്പാൾ വട്ടക്കുളം കാവുമ്പ്ര അശ്വതി വാര്യരെയാണ് കോയമ്പത്തൂരിൽ നിന്ന് മുക്കം പൊലീസ് പിടികൂടിയത്. മറ്റു പ്രതികളായ അള്ളി വല്ലത്തായ്പാറ മണ്ണാർകണ്ടിയിൽ എം കെ ഷിജു (39), ഷിജുവിൻ്റെ സഹോദരൻ ഷിജിൻ (32), എടപ്പാൾ വട്ടക്കുളം മണ്ടകപറമ്പിൽ ബാബുമോൻ (39) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി താമരശ്ശേരി കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവർ റിമാന്റിലാണ്. തട്ടിപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ചവരിൽ പ്രധാനി എം കെ ഷിജുവാണ്. ഇയാൾ ബി ജെ പിയുടെ എസ് സി മോർച്ച മുക്കം മണ്ഡലം പ്രസിഡണ്ടായിരുന്നു.
ഏഴര ലക്ഷം രൂപ നഷ്ടമായ മൂന്നുപേർ നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുക്കം ഇൻസ്പക്ടർ കെ പ്രജീഷ്, എസ് ഐമാരായ സജിത്ത്, അനിൽ, സിപി ഒ റഷീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
റെയിൽവേ റിക്രൂട്ട്മന്റ് ബോർഡിന്റെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയിൽ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. ചിലർക്ക് സതേൺ റെയിൽവ ചെയർമാന്റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകുകയും ചെയ്തു. ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയായിരുന്നു വ്യാജ റിക്രൂട്ട്മെന്റ്. തട്ടിപ്പിന് ഇരയായവരിൽ അധികവും ബിജെപി അനുഭാവികൾ തന്നെയാണ്. ജോലി കിട്ടി എന്നു കരുതിയവർ സുഹൃത്തുക്കളെയും ബന്ധുക്കളെയും ജോലിക്കാരാക്കാൻ നടത്തിയ ശ്രമം തട്ടിപ്പിലുൾപ്പെട്ടവരുടെ സംഖ്യ പെരുകാൻ ഇടയാക്കി.
മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500 പേരെങ്കിലും തട്ടിപ്പിൽ അകപ്പെട്ടിട്ടുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ഇന്നലെ പിടിയിലായ അശ്വതി വാര്യരാണ് റെയിൽവേ ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പിന് നേതൃത്വംനൽകിയത്.
ഇടനിലക്കാരനായ എം കെ ഷിജു ഇന്ത്യൻ റെയിൽവെ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബി ജെ പി ദേശീയ നിർവാഹക സമിതി അംഗവുമായ പി കെ കൃഷ്ണദാസിന്റെ ഫോട്ടോ ഉപയോഗപ്പെടുത്തിയാണ് കൂടുതൽ ആളുകളെ വശത്താക്കിയത്. കൃഷ്ണദാസിനോടൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ച് ഉദ്യോഗാർത്ഥികളുടെ വിശ്വാസം നേടുകയായിരുന്നു. തിരുവമ്പാടി, പൊന്നാനി, ചങ്ങരംകുളം തുടങ്ങി വിവിധ പൊലിസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ പരാതിയുണ്ട്.

Eng­lish Sum­ma­ry: Main accused in rail­way job scam also arrest­ed: Three accused includ­ing BJP leader were arrest­ed last day

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.