വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ തിരുവോണ ദിവസം സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചിട്ടശേഷം കാർ ശരീരത്തിലൂടെ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മലിന്റെ (29) ജ്യാമ്യാപേക്ഷ കോടതി തള്ളി.
അഡ്വ. നിഥിൻഘോഷ് മുഖാന്തിരമാണ് അജ്മലിനു വേണ്ടി ശാസ്താംകോട്ട ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്. എന്നാൽ ജാമ്യം നൽകുന്നതിനെ അസി. പബ്ലിക് പ്രോസിക്യൂട്ടർ ശിഖ ശക്തമായി എതിർത്തു. പ്രതി പുറത്തിറങ്ങുന്നത് അയാൾക്കു തന്നെ അപകടകരമാണെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ ഭർത്താവ് നൗഷാദിനു വേണ്ടി ഹാജരായ അഡ്വ. കണിച്ചേരി സുരേഷ് കോടതിയെ അറിയിച്ചു. തുടർന്നാണ് മജിസ്ട്രേറ്റ് ആർ നവീൻ ജാമ്യഹർജി തള്ളി ഉത്തരവായത്.
കേസിലെ രണ്ടാം പ്രതി നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയും കോടതി നേരത്തെ തള്ളിയിരുന്നു. സംഭവ ദിവസം തന്നെ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തിരുന്നു. പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി പ്രതികളെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കി ഞായാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കുകയും വീണ്ടും റിമാന്റ് ചെയ്യുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.