2 January 2026, Friday

മൈത്രി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പ്; പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമം

Janayugom Webdesk
കോഴിക്കോട്
January 2, 2026 6:21 pm

പറയഞ്ചേരി ആസ്ഥാനമായി അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന മൈത്രി നിധി സാമ്പത്തിക തട്ടിപ്പിനിരയായ പരാതിക്കാരെ സ്വീധീനിക്കാനും ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ ഭീഷണിപ്പെടുത്താനും ശ്രമമെന്ന് പരാതി. തട്ടിപ്പിനിരയായ പരാതിക്കാരെ നഗരങ്ങളിലെ വിവിധ ഹോട്ടലുകളിൽ വിളിച്ചാണ് സ്വാധീനിക്കാൻ തട്ടിപ്പ് സംഘം ശ്രമിക്കുന്നത്. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമങ്ങളിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് കേസുകൾ പിൻവലിപ്പിക്കാനും പ്രതികൾ ശ്രമിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
ഉയർന്ന പലിശയും വൻ ലാഭവിഹിതവും വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പാണ് മൈത്രി നിധി ലിമിറ്റഡ് നടത്തിയത്. സാമ്പത്തിക തട്ടിപ്പിനിരയായി പരാതി നൽകിയിട്ടുള്ള നിക്ഷേപകരെ ഫോണിൽ വിളിച്ചും വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് മെമ്പർമാരാക്കിയുമാണ് പ്രതികൾ ഇടപെടുന്നത്. കേസുകൾ ഉടൻ പിൻവലിച്ചാൽ ആറു മാസത്തിനകം പണം തിരികെ നൽകാമെന്ന് പറഞ്ഞാണ് സ്വാധീനിക്കാനുള്ള ശ്രമം. ഇതിനൊപ്പം സമൂഹ മാധ്യമങ്ങൾ വഴി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്കെതിരെ പ്രതികൾ നിരന്തരം വധഭീഷണി മുഴക്കുന്നതായും ആരോപണമുണ്ട്. ഒന്നാം പ്രതിയായ മലപ്പുറം കവന്നൂർ വലിയ തൊടുവിൽ ജമാലുദ്ദീന്റെ നിർദ്ദേശ പ്രകാരം പൂവാട്ട് പറമ്പ് ബഷീർ, മുക്കം സ്വദേശി വിജയൻ, ഉള്ളിയേരി തെരുവത്ത് കടവ് കൊയക്കാട് സ്വദേശികളായ കാവിൽ ബഷീർ, ബിജിലാ നിവാസിൽ മപ്പറത്ത് ബിജു, പുതുക്കള്ളിപ്പുറത്ത് സുജ എന്നിവരാണ് നിരന്തരമായി നിക്ഷേപകരെ സ്വാധിനിക്കാൻ ശ്രമിക്കുന്നതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
പ്രതികൾക്കെതിരെ നിലവിൽ വേറെയും ക്രിമനൽ കേസുകളുണ്ട്. കർശന ഉപാദികളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. തട്ടിപ്പിനിരയായ നിക്ഷേപകരെ ഭീഷണിപ്പെടുത്തുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നത് തുടർന്നാൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് ബിജു പാറോൽ, സെക്രട്ടറി പ്രഭാകരൻ പാനോളി എന്നിവർ അറിയിച്ചു.
പറയഞ്ചേരി ആസ്ഥാനമായി പ്രവർത്തിച്ച മൈത്രി നിധി എന്ന സ്ഥാപനമാണ് ഒരു ലക്ഷം രൂപയ്ക്ക് മൂവായിരം വീതം മാസപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വഞ്ചിച്ചത്. മലപ്പുറം കോഴിക്കോട് സ്വദേശികളായ ജമാലുദ്ദീൻ, അൻവർ, റയ്മൺ ജോസഫ് ബെഞ്ചമിൻ, ബാബു, ബിജു, സുജ, ലജിത്ത് കുമാർ, സീത തുടങ്ങിയവരായിരുന്നു പ്രധാന നടത്തിപ്പുകാർ. പഞ്ച നക്ഷത്ര ഹോട്ടലുകളിൽ വിരുന്നൊരുക്കിയും മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിച്ചുമായിരുന്നു ആളുകളെ വലയിലാക്കിയത്. നിക്ഷേപകരിൽ നിന്നും പണം കളക്ഷൻ ചെയ്യുന്ന ഏജന്റുമാർക്ക് പ്രോത്സാഹന സമ്മാനമായി വൻ തുകകൾ കമ്മീഷൻ ഇനത്തിൽ നൽകിയിരുന്നു. കൂടുതൽ പണം സ്വരൂപിക്കുന്നവർക്ക് കമ്പനി ചെലവിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ടൂറിനുള്ള അവസരം നൽകുമെന്ന് പറഞ്ഞായിരുന്നു കൂടുതൽ പേരെ ഇവർ തട്ടിപ്പിനിരയാക്കിയത്. എൺപത് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് അധികൃതർ വ്യക്തമാക്കുന്നതെങ്കിലും 1,500 കോടിയിലേറെ രൂപ സ്ഥാപനം തട്ടിയെടുത്തിട്ടുണ്ടെന്നാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കുന്നത്. നിലവിൽ മൈത്രി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പ് കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റും അന്വേഷണം നടത്തിവരികയാണ്.

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.