13 December 2025, Saturday

Related news

December 3, 2025
November 26, 2025
November 18, 2025
November 11, 2025
November 11, 2025
November 10, 2025
November 9, 2025
November 9, 2025
November 5, 2025
November 5, 2025

മലക്കം മറിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷന്‍; ആധാര്‍ നിര്‍ബന്ധം

ലക്ഷ്യം പ്രതിപക്ഷത്തെ തണുപ്പിക്കല്‍
സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധം
Janayugom Webdesk
ന്യൂഡല്‍ഹി
March 12, 2025 11:04 pm

വോട്ട് രേഖപ്പെടുത്താന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന മുന്‍ ഉത്തരവ് റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കണമെന്നും മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇത് ഉറപ്പുവരുത്തണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. വോട്ട് രേഖപ്പെടുത്താന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് 2022ല്‍ സുപ്രീം കോടതിയില്‍ കമ്മിഷന്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമായ തീരുമാനമാണിത്. വോട്ടര്‍മാരെ കൃത്യമായി തിരിച്ചറിയുന്നതിനും ആവശ്യമായ ആശയവിനിമയം ഉറപ്പാക്കുന്നതിനും ആധാറും മെബൈല്‍ നമ്പറും വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ ഉത്തരവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

2015 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ വോട്ടര്‍ പട്ടിക‑ആധാര്‍ ബന്ധിപ്പിക്കലിന് പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ ജസ്റ്റിസ് പുട്ടസ്വാമി കേസില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് നടപടികള്‍ മരവിപ്പിച്ചു. 2017 ഓഗസ്റ്റില്‍ ഇതേ കേസിലെ അന്തിമവിധിയില്‍ അവശ്യ സേവനങ്ങൾ നൽകുന്നതിന് കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അതേസമയം ആധാറിന്റെ ഭരണഘടനാ സാധുത നിലനിര്‍ത്തുകയും ചെയ്തു. ഇതിന് പിന്നാലെ 2021ല്‍ 1950 ലെ ജനപ്രാതിനിധ്യ നിയമം, 1960 ലെ രജിസ്ട്രേഷന്‍ ഓഫ് ഇലക്ടേഴ്സ് റൂള്‍സ് എന്നിവയില്‍ ഭേദഗതി നടപ്പാക്കിക്കൊണ്ട് ആധാര്‍ ബന്ധിപ്പിക്കല്‍ നടപ്പിലാക്കാന്‍ ശ്രമം നടത്തി. ഇതിനെതിരായ ഹര്‍ജിയില്‍ വോട്ട് രേഖപ്പെടുത്താന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് 2022ല്‍ കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അന്നത്തെ നിയമമന്ത്രി കിരണ്‍ റിജിജു, വോട്ടിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് പാര്‍ലമെന്റിലും അറിയിച്ചിരുന്നു. പട്ടികയില്‍ പേരുള്ളവര്‍ക്ക് ഫോം 6 ബി അനുസരിച്ച് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

ജനനത്തീയതി തെളിയിക്കാനുള്ള ആധികാരികമായ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്ന് 2024 ഒക്ടോബറില്‍ സുപ്രീം കോടതിയുടെ മറ്റൊരു വിധിയുമുണ്ട്. എന്നിട്ടും ആധാര്‍ വോട്ടര്‍-ഐഡി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കുമെന്ന കമ്മിഷന്‍ ഉത്തരവ് കേവലം കണ്ണില്‍പ്പൊടിയിടലാണ്. കഴിഞ്ഞ ദിവസം ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുമായി (എപിക്) ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം നടന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ വ്യാജമായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് ക്രമക്കേട് നടത്താനുള്ള ബിജെപിയുടെ ഗൂഢനീക്കമാണിതെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ്കളിലും സമാന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇതില്‍നിന്ന് തലയൂരാനാണ് വോട്ടര്‍ പട്ടികയും ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തുവന്നിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ജനന-മരണ രജിസ്ട്രേഷന്‍ പ്രകാരം വോട്ടര്‍ പട്ടിക സമയാസമയം പുതുക്കണമെന്നും കമ്മിഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മുഴുവന്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാരും വീടുകളില്‍ പരിശോധന നടത്തി 18 വയസ് പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും വോട്ടവകാശം ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.