22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

മലപ്പുറത്ത് ലീഗിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

സുരേഷ് എടപ്പാൾ
മലപ്പുറം
February 28, 2024 6:27 pm

2017ൽ ഇ അഹമ്മദ് എംപിയുടെ മരണത്തെ തുടർന്ന് മലപ്പുറം ലോക്‌സഭയിൽ ഉപതെരഞ്ഞെടുപ്പ് ആസന്നമായ കാലം. കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനെതിരെ കേരളത്തിൽ ജനവികാരം രൂപപ്പെട്ടുതുടങ്ങിയ ദിനങ്ങളായിരുന്നു അത്. അടുത്ത കേന്ദ്രഭരണം കോൺഗ്രസിന് ലഭിക്കാൻ സാധ്യതയുണ്ടെന്ന വെളിപാടിൽ ഇ അഹമ്മദിന്റെ പകരക്കാരാനായി പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാൻ സ്വമേധയാ രംഗത്തെത്തുന്നു. മുസ്ലിം ലീഗിലെ രണ്ടാംനിര നേതാക്കന്മാർ അവസരം ഉപയോഗപ്പെടുത്താൻ കച്ചമുറുക്കിയതോടെ കുഞ്ഞാലിക്കുട്ടിക്ക് 1.71 ലക്ഷം വോട്ടുകൾക്ക് വിജയം.

രണ്ടുവർഷങ്ങൾക്കിപ്പുറം വന്ന ലോക്‌സഭാതെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറായ ലീഗ് നേതാവിന്റെ മനസിൽ വലിയ സ്വപ്നങ്ങളായിരുന്നു. കേന്ദ്രത്തിൽ മന്ത്രി പദവി അദ്ദേഹം സ്വപ്നം കണ്ടുതുടങ്ങിയിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യുപിഎ മന്ത്രിസഭയിൽ കസേര ഉറപ്പാക്കാമെന്ന ദീർഘവീക്ഷണം. നേതാവിന്റെ ഡൽഹി യാത്രയെ ലീഗിലെ കേരളനേതാക്കൾ വീണ്ടും കൈയ്യടിച്ച് അംഗീകരിച്ചു. അദ്ദേഹം നൽകിയ വിശദീകരണമാകട്ടെ ഫാസിസത്തിനെതിരായി ഡൽഹിയിൽ യുദ്ധം നയിക്കൽ. രാഹുൽഗാന്ധിയുടെ വയനാട്ടിലെ സാന്നിധ്യവും ബിജെപി സർക്കാറിനെതിരെ കേരളത്തിൽ ആഞ്ഞടിച്ച ജനരോഷവും തരംഗമായപ്പോൾ കുഞ്ഞാലിക്കുട്ടി വീണ്ടും ഡൽഹിയിലെത്തി. ഇടതുപക്ഷ സ്ഥാനാർത്ഥിയായ വി പി സാനുവിനെ 2.60 ലക്ഷം വോട്ടുകൾക്ക് തോല്പിച്ചായിരുന്നു ഡൽഹിയാത്ര.

കോൺഗ്രസ് ദേശീയതലത്തിൽ തകർന്നടിഞ്ഞതോടെ വെറും എംപി എന്ന നിലയിൽ ഡൽഹിയിലേക്കുള്ള യാത്ര കുഞ്ഞാലിക്കുട്ടിക്കും നഷ്ടക്കച്ചവടമായി. ലോക്‌സഭയിൽ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന സുപ്രധാന ചർച്ചകളിൽ പോലും പങ്കെടുക്കാതെ മലപ്പുറത്ത് തങ്ങിയതോടെ എംപി പണി തനിക്ക് പറ്റിയതല്ലെന്ന് അദ്ദേഹം തെളിയിച്ചു. അങ്ങനെ ഫാസിസത്തിനെതിരെയുള്ള യുദ്ധം പാതിവഴിയിലുപേക്ഷിക്കുകയും പിന്നീട് പോരാട്ടം വീണ്ടും കേരളത്തിൽ മന്ത്രിയാകുന്നതിന് വേണ്ടി തുടരുകയും ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം 2021 മേയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയം ലീഗ് സ്ഥാനാർത്ഥിയായ എം പി അബ്ദുസമദ് സമദാനിക്ക്. കുഞ്ഞാലിക്കുട്ടിയുടെ അധികാര അവസരവാദ നിലപാടിനോട് അതിശക്തമായ വിയോജിപ്പ് വോട്ടർമാർ രേഖപ്പെടുത്തിയപ്പോൾ ഭൂരിപക്ഷം 1.14 ലക്ഷത്തിലേക്ക് താഴ്ന്നു.

നിലവിൽ ലീഗ് സ്ഥാനാർത്ഥിക്ക് ലക്ഷത്തിലെറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടെങ്കിലും മലപ്പുറം അഥവാ പഴയ മഞ്ചേരിക്ക് വൻഅട്ടിമറിയുടെ കഥയും പറയാനുണ്ട്. 2004ൽ സിറ്റിങ് എംപിയായ ഇ അഹമ്മദിനെ പൊന്നാനിയിലേക്ക് മാറ്റി മുജാഹിദ് വിഭാഗക്കാരനായ കെ പി എ മജീദിനെ മത്സരിപ്പിച്ചപ്പോൾ ഇടതുപക്ഷ സ്ഥാനാർത്ഥിയായ ടി കെ ഹംസ വിജയിച്ചു. ചരിത്രത്തിലാദ്യമായി മുസ്ലിം ലീഗ് തങ്ങളുടെ പൊന്നാപുരം കോട്ടയിൽ ദയനീയമായി തോറ്റു. കുഞ്ഞാലിക്കുട്ടിക്കെതിരായി ഐസ്‌ക്രീം പാർലർ കേസ് കൊടുമ്പിരിക്കൊണ്ട രാഷ്ട്രീയ സാഹചര്യവും ടി കെ ഹംസയോടുള്ള ജനങ്ങളുടെ താല്പര്യവും ലീഗിന്റെ പരാജയത്തിൽ സുപ്രധാന ഘടകങ്ങളായി.

2008ൽ മഞ്ചേരി മണ്ഡലം ഇല്ലാതാകുകയും മലപ്പുറമായി നാമകരണംചെയ്യപ്പെടുയും ചെയ്തു. 2009ലും 2014ലും ഇ അഹമ്മദ് മലപ്പുറത്ത് വിജയിച്ചു. 1952 മുതൽ 2004 വരെ ലീഗിന്റെ സ്ഥാനാർത്ഥികള്‍ തുടർച്ചയായി ഇവിടെ നിന്ന് ലോക്‌സഭയിലെത്തി. ബി പോക്കർ (1952–57) മുഹമ്മദ് ഇസ്മയിൽ (1962–71) സുലൈമാൻ സേട്ട് (1977–89) ഇ അഹമ്മദ് (1991–99, 2009–17) എന്നിവർ പല കാലങ്ങളിൽ ഡൽഹിയിലെത്തിയെങ്കിലും കാര്യമായി ഒരു പ്രയോജനവും നാട്ടുകാർക്കോ സമുദായത്തിനെ ഉണ്ടായില്ലെന്നതാണ് ഖേദകരം.

2008ൽ രൂപം കൊണ്ട മലപ്പുറം കേരളത്തിലെ പാർലമെന്റ് മണ്ഡലത്തില്‍ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴു നിയസഭാ മണ്ഡലങ്ങളാണുള്ളത്. നിലവിൽ ഏഴിടത്തും ലീഗ് എംഎൽഎമാരാണ് ഉള്ളതെങ്കിലും പെരിന്തൽമണ്ണ, മങ്കട സീറ്റുകൾ എൽഡിഎഫിനെയും വിജയിപ്പിച്ചിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടിടത്തും ചെറിയ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഗ് വിജയം. മറ്റ് അഞ്ച് മണ്ഡലങ്ങളിലും ആഞ്ഞുപിടിച്ചാൽ എൽഡിഎഫിന് ലീഗിനൊപ്പം എത്താവുന്ന സ്ഥിതിയിലാണ്.

പുതിയ രാഷ്ട്രീയ സാഹചര്യവും ഫാസിസത്തോടുള്ള ലീഗിന്റെ വിട്ടുവീഴ്ചയും കേരളത്തിലെ ഇടതുപക്ഷ സർക്കാറിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളും ചേരുമ്പോൾ മലപ്പുറത്ത് ശക്തമായ വെല്ലുവിളി ലീഗിനെതിരെ ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷ എൽഡിഎഫിനുണ്ട്. മാത്രമല്ല കാലാകാലങ്ങളിൽ സമുദായത്തിന്റെ പേരിൽ വോട്ട് നേടി സ്വന്തം താല്പര്യങ്ങളും സ്വന്തക്കാരുടെ കച്ചവടങ്ങളും മാത്രം സംരക്ഷിക്കുന്ന ലീഗിന്റെ വഞ്ചനക്കെതിരെ പുതുതലമുറയിൽ രൂപം കൊണ്ടിട്ടുളള എതിർവികാരം മുമ്പെന്നെത്താക്കാളും ശക്തമായത് അധികാരക്കൊതിയന്മാരെ മലപ്പുറത്തിന്റെ മണ്ണിൽ വെള്ളം കുടിപ്പിക്കുക തന്നെ ചെയ്യും.

എക്കാലവും ചില മുഖങ്ങൾ തെരഞ്ഞെടുപ്പെത്തുമ്പോൾ സമുദായത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെത്തുകയും പാവപ്പട്ടവരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് പെട്ടിയിലാക്കി തടിതപ്പുകയും ചെയ്യുന്ന വ്യവസ്ഥിതി മാറണമെന്ന വികാരം യുവതക്കിടിയിൽ ശക്തമാണ്. നിരവധി പതിറ്റാണ്ടായി മലപ്പുറത്ത് കേട്ടുപതിഞ്ഞ പേരുകളല്ലാതെ ഒരു പുതുമുഖത്തിനു പോലും അവസരം നൽകാതെയുള്ള ലീഗ് നേതാക്കളുടെ വീതംവയ്പ് രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിലാണ് പുതുതലമുറ. യുവ നേതാവായ വസീഫിനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്. മൊത്തം വോട്ടര്‍മാര്‍ 14,30,598. നിയമസഭാ മണ്ഡലം തിരിച്ച്- മലപ്പുറം 2,12,839, കൊണ്ടോട്ടി 2,06,274, വേങ്ങര 1,84,623, മഞ്ചേരി 2,05,804, പെരിന്തൽമണ്ണ 2,10,604, മങ്കട 2,11,380, വള്ളിക്കുന്ന് 1,99,074.

Eng­lish Sum­ma­ry: malap­pu­ram mus­lim league
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.