സംസ്ഥാന സ്കൂള്‍ കായികമേളയുടെ ആറാം ദിനം പൂര്‍ത്തിയാകുമ്പോള്‍ അത്‌ലറ്റിക്സില്‍ മലപ്പുറത്തിന്റെ കുതിപ്പ്. പോയിന്റ് നിലയില്‍ സെഞ്ചുറി കടന്ന മലപ്പുറം എതിരാളികളായ പാലക്കാടിനെ ബഹുദൂരം പിന്നിലാക്കിയാണ് മെഡല്‍ വേട്ടയില്‍ കുതിപ്പ് നടത്തിയത്. 48 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 15 സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമായി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ മലപ്പുറം 124 പോയിന്റാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ പാലക്കാടിന് മലപ്പുറത്തിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ കാലിടറിയ ദിനമായിരുന്നു ഇന്ന്. 76 പോയിന്റ് അക്കൗണ്ടില്‍ ചേര്‍ത്ത പാലക്കാട് 10 സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്. കായിക മേളയ്ക്ക് നാളെ തിരശീല വീഴാനിരിക്കെ ഇന്ന് പാലക്കാടിന് നിര്‍ണായക ദിനമാണ്. 30 ഇനങ്ങളിലാണ് ഇന്ന് ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.
അത്‌ലറ്റിക്‌സില്‍ 41 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്. നാല് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമുള്‍പ്പെടെ 40 പോയിന്റാണ് എറണാകുളത്തിനുള്ളത്. ഓവറോള്‍ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം മുന്നേറ്റം തുടരുകയാണ്. 223 സ്വര്‍ണവും 147 വെള്ളിയും 159 വെങ്കലവും ഉള്‍പ്പെടെ 1,895 പോയിന്റാണ് തിരുവനന്തപുരത്തിനുള്ളത്. ഗെയിംസ് ഇനങ്ങളില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയതാണ് തലസ്ഥാനത്തിന്റെ കുതിപ്പിന് വഴിവച്ചത്. 73 സ്വര്‍ണവും 63 വെള്ളിയും 92 വെങ്കലവുമായി 763 പോയിന്റുമായി തൃശൂര്‍ ജില്ലയാണ് രണ്ടാമത്.
683 പോയിന്റ് നേടിയ കണ്ണൂര്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. 69 സ്വര്‍ണവും 62 വെള്ളിയും 68 വെങ്കലവും അടക്കമാണ് കണ്ണൂര്‍ മുന്നേറ്റം നടത്തിയത്. മേളയുടെ അഞ്ചാം ദിനം 18 ഫൈനല്‍ മത്സരങ്ങള്‍ നടന്നെങ്കിലും ഒരു മീറ്റ് റെക്കോഡ് മാത്രമാണ് പിറന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് പോരാട്ടത്തില്‍ തൃശൂര്‍ ജില്ലയിലെ കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ വിജയ് കൃഷ്ണനാണ് റെക്കോഡ് നേട്ടം ഓടിയും ചാടിയും മറികടന്നത്. സ്കൂളുകളുടെ ചാമ്പ്യൻഷിപ്പിനായുള്ള പോരാട്ടത്തില്‍ ആദ്യദിനങ്ങളില്‍ പിന്നാക്കം പോയ കടകശേരി ഐഡിയല്‍ എച്ച്എസ്എസ് തിരിച്ചെത്തിയ ദിനംകൂടിയായിരുന്നു ഇന്നലെ. ത്രോ ഇനങ്ങളില്‍ മികവ് പുലര്‍ത്തി ഐഡിയല്‍ 44 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി. ആദ്യ രണ്ട് ദിനങ്ങളിലും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എറണാകുളം മാര്‍ബേസില്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.