11 December 2025, Thursday

Related news

December 6, 2025
December 2, 2025
November 17, 2025
September 18, 2025
September 7, 2025
August 26, 2025
July 24, 2025
July 10, 2025
July 9, 2025
July 9, 2025

മലയാള സിനിമ വീണ്ടും ലഹരിവലയില്‍

കെ കെ ജയേഷ്
കോഴിക്കോട്
April 17, 2025 10:30 pm

മലയാള സിനിമയിൽ വീണ്ടും ലഹരി വിവാദം ചർച്ചയാവുന്നു. ലഹരി ഉപയോഗിച്ച് നടി വിൻസി അലോഷ്യസിനോട് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ ആണെന്ന വിവരം പുറത്തുവന്നതോടെയാണ് സിനിമാരംഗത്തെ ലഹരി ഉപയോഗം വീണ്ടും ചർച്ചയാവുന്നത്. സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന പരാതി ചില നടന്മാർ നേരത്തെ തന്നെ ഉന്നയിച്ചിരുന്നെങ്കിലും അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ അത് കാര്യമാക്കാതിരുന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. പലപ്പോഴും ആരോപണ വിധേയരായ നടന്മാരെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് സംഘടന നടത്തിയത്. സിനിമാ സെറ്റുകളിലും പരിശോധന നടത്തുമെന്നും മുഖം നേക്കാതെ നടപടിയെടുക്കുമെന്നുമുള്ള പൊലീസ് മുന്നറിയിപ്പുകളും വെറുംവാക്കുകളായി മാറിയതോടെ സിനിമയുടെ മറവിൽ ലഹരി ഉപയോഗവും തഴച്ച് വളരുകയായിരുന്നു. 

ഷൈൻ ടോം ചാക്കോ വിഷയം വിവാദമായതോടെ നടനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന വാദവുമായി എഎംഎംഎ ഭാരവാഹികൾ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. യുവതാരങ്ങൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിരുന്നു. സിനിമയെ നിയന്ത്രിക്കുന്നത് മാഫിയാ സംഘമാണെന്നും ചുരുക്കം ചിലരുടെ കൈകളിലാണ് മലയാള സിനിമയുള്ളതെന്നും പലരും കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷവും അധികൃതരോ താരസംഘടനയോ ഇക്കാര്യങ്ങളിൽ പരിശോധന നടത്തുകയോ ആരോപണം ഗൗനിക്കുകയോ ചെയ്തില്ല.
രണ്ടുവർഷം മുമ്പാണ് സിനിമാ താരങ്ങളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് താരസംഘടനയിലെ അംഗങ്ങൾ തന്നെ വിമർശനം ഉയർത്തിയത്. മകനെ സിനിമയിൽ അഭിനയിക്കാൻ വിടാത്തത് ലഹരി ഉപയോഗിക്കുമെന്ന ഭയം മൂലമാണെന്നും ലഹരി ഉപയോഗിച്ച് പല്ല് ദ്രവിച്ചുപോയ താരത്തെ തനിക്കറിയാമെന്നം നടൻ ടിനി ടോം തുറന്നു പറഞ്ഞിരുന്നു. ലഹരി ഉപയോഗം സംബന്ധിച്ച് നിർണായക വിവരം കിട്ടിയ എക്സൈസ് സംഘം പ്രമുഖ നടന്റെ കാറിനടുത്ത് വരെയെത്തിയെന്ന് നടൻ ബാബുരാജിന്റെ അഭിമുഖവും വിവാദമായിരുന്നു. പലരും ലഹരി ഉപയോഗിക്കുന്നത് പരസ്യമായാണെന്നും ലഹരി ഉപയോഗിക്കുന്ന നടന്മാരുടെ ലിസ്റ്റ് പൊലീസിന്റെയും എഎംഎംഎടെയും കയ്യിലുണ്ടെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന ബാബുരാജ് വെളിപ്പെടുത്തിയിരുന്നു. ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് കൈയിലുണ്ടെന്ന് നിർമ്മാതാക്കളുടെ സംഘടനയും വ്യക്തമാക്കിയിരുന്നു. ആദ്യം താരങ്ങളുടെ ലഹരി ഉപയോഗത്തെ പരസ്യമായി എതിർത്ത താരസംഘടന പിന്നീട് മുൻനിലപാടിൽ നിന്ന് പിന്നോട്ട് പോയി. ലഹരി ഉപയോഗം ഉണ്ടെന്ന് തുറന്നു പറഞ്ഞവരെ ഭാരവാഹികൾ തന്നെ ഒറ്റപ്പെടുത്തിയ സംഭവങ്ങളുമുണ്ടായി. 

ഇപ്പോൾ ആരോപണ വിധേയനായ ഷൈൻ ടോം ചാക്കോ തന്നെ നേരത്തെ ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. 2015ലാണ് ഷൈൻ ടോം ചാക്കോയും സുഹൃത്തുക്കളും പിടിയിലായത്. തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി അറസ്റ്റിലായ മുഹമ്മദ് നിഷാമിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽവെച്ചായിരുന്നു ലഹരിയുമായി ഇവർ പിടിയിലായത്. കഴിഞ്ഞയാഴ്ചയാണ് ബേബി ഗേൾ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം ഉണ്ടായത്. മുമ്പ് വൈറ്റിലയിലെ ഫ്ലാറ്റിലെ ലിഫ്റ്റിൽ വെച്ച് ലഹരി ഉപയോഗിച്ച തിരക്കഥാകൃത്ത് വീട്ടമ്മയെ കടന്നുപിടിച്ചിരുന്നു. അയൽക്കാർ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അഞ്ചുവർഷത്തേക്കാണ് ഈ കേസിൽ കോടതി തിരക്കഥാകൃത്തിനെ ശിക്ഷിച്ചത്. മലയാള സിനിമാ മേഖലയിൽ നടന്ന കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ലഹരിയാണ് പ്രധാന കാരണമെങ്കിലും അതിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളൊന്നും ഉണ്ടായില്ല. അന്വേഷണങ്ങളെല്ലാം ചെറുസംഘങ്ങളെ കേന്ദ്രീകരിച്ച് മാത്രമൊതുങ്ങുകയും ചെയ്തു. സെറ്റുകളിൽ മാത്രമല്ല, ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും ഷൂട്ടിങ് അവസാനിക്കുമ്പോഴുള്ള പാക്കപ്പ് പാർട്ടികളിലുമെല്ലാം ലഹരിയുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ ജാഗ്രതാ സമിതിയെ നിയോഗിക്കുമെന്ന് ഫെഫ്ക പ്രഖ്യാപിച്ചിട്ടുണ്ട്. സംവിധായകനും സാങ്കേതിക പ്രവർത്തകരും ഉൾപ്പെട്ട ഏഴംഗ സമിതിയെ നിയോഗിക്കാനാണ് തീരുമാനം. 

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.