22 November 2024, Friday
KSFE Galaxy Chits Banner 2

സ്വപ്നാടനത്തിന് യവനിക

Janayugom Webdesk
September 25, 2023 5:00 am

ആർത്തലയ്ക്കുന്ന കടലിനെ നോക്കിനില്‍ക്കെ സ്ട്രിന്‍ഡ്ബെർഗിന്റെ നാടകത്തിലെ സംഭാഷണം ‘മറ്റൊരാള്‍’ എന്ന സിനിമയില്‍ കൈമൾ എന്ന കഥാപാത്രം ആവര്‍ത്തിക്കുന്നുണ്ട് “ഞാനൊരിക്കൽ ഒരു കൊച്ചു കുട്ടിയോടു ചോദിച്ചു, കടലിന് ഇത്രയും ഉപ്പുരസം എന്തുകൊണ്ടാണെന്ന്. അവൻ പറഞ്ഞു, സമുദ്രസഞ്ചാരികൾ മിക്കവാറും എല്ലായ്പ്പോഴും കരയുന്നതു കൊണ്ടാണെന്ന്”. സ്വയമറിയാതെ സൃഷ്ടിക്കുന്ന വൈയക്തിക ദുരന്തങ്ങളെയും അരക്കില്ലങ്ങളായിത്തീരുന്ന ബന്ധങ്ങളെയും പ്രവാചകദര്‍ശനത്തില്‍ ചിത്രീകരിച്ച സംവിധായകനാണ് കെ ജി ജോർജ്. അദ്ദേഹത്തിന്റെ സിനിമകള്‍ കാലം തെറ്റിപ്പിറന്നതെന്ന് ചിന്തിക്കാമെങ്കിലും മലയാള സിനിമയില്‍ വേറിട്ടൊരു കാലം അടയാളമാക്കുകയും ചെയ്തു. മലയാള സിനിമയുടെ റഫറൻസ് പുസ്തകമാണ് കെ ജി ജോർജ് എന്ന സംവിധായകനും അദ്ദേഹത്തിന്റെ സിനിമകളും. സിനിമ മരംചുറ്റി ഓടിയിരുന്നൊരു കാലത്താണ് സ്വപ്നാടനവുമായി ജോർജ് വന്നത്. വിവാഹപൂർവ സ്ത്രീ–പുരുഷ ബന്ധത്തെക്കുറിച്ചായിരുന്നു സ്വപ്നാടനമെത്തിയത്. അക്കാലത്ത് പൊതുവേദിയില്‍ ചര്‍ച്ച ചെയ്യാന്‍ പോലും മടിച്ചിരുന്ന വിഷയം. മലയാളി പൊയ്മുഖമണിഞ്ഞ് നിന്ന വിഷയങ്ങളെ യാഥാർത്ഥ്യത്തോടെ അദ്ദേഹം തുറന്നുകാട്ടി. എക്കാലത്തെയും മികച്ച ക്രൈം ത്രില്ലറെന്ന് വിശേഷിപ്പിക്കാവുന്ന യവനിക, ഗ്രാമ്യ ജീവിതത്തിന്റെ വന്യതയിലേക്ക് കാഴ്ച തുറന്നുവച്ച കോലങ്ങൾ, നടി ശോഭയുടെ ജീവിതവും മരണവും വരച്ച ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആക്ഷേപഹാസ്യത്തിന്റെ പച്ചമുഖമായ പഞ്ചവടിപ്പാലം… ഇങ്ങനെ മലയാള സിനിമയ്ക്ക് നവീനഭാഷ്യവും കരുത്തും നൽകിയ സൃഷ്ടികളുടെ നിര.

സ്ത്രീവിമോചനത്തിന്റെ വലിയ ക്യാൻവാസിൽ വരച്ച ആദാമിന്റെ വാരിയെല്ലിന് ഇന്നും പലരൂപങ്ങള്‍ പിറക്കുന്നതും കാണാം. കാലാതീതമായ കലയാണ് സിനിമ എന്നതിനോട് നീതിപുലർത്തുന്നു ഇവിടെയെല്ലാം. 1976ൽ റിലീസ് ചെയ്ത സ്വപ്നാടനം മുതൽ അവസാനം പുറത്തിറങ്ങിയ ഇലവങ്കോട് ദേശം വരെയുള്ള സിനിമകൾ പരിശോധിച്ചാൽ കെ ജി ജോർജ് എന്ന സംവിധായകന്റെ ക്രാഫ്റ്റ്മാൻഷിപ് തെളിഞ്ഞുകാണാം. ഓരോ സിനിമയും ഓരോ അവതരണരീതി വ്യക്തമാക്കുന്നു. ഒരിക്കലും സ്വയം ആവർത്തിച്ചിട്ടില്ലാത്ത സംവിധായകനെ തിരിച്ചറിയാനാകുന്നു. വ്യത്യസ്ത പ ശ്ചാത്തലങ്ങൾ, വ്യത്യസ്ത ശൈലിയിലുള്ള സിനിമകൾ. സ്വപ്നാടനം കഴിഞ്ഞ് അദ്ദേഹം ചെയ്ത ചില സിനിമകൾ അധികം ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. അതിലൊന്നാണ് വ്യാമോഹം (1977). ആ ചിത്രത്തിലൂടെയാണ് ഇളയരാജ ആദ്യമായി മലയാളത്തിൽ എത്തുന്നത്. മണ്ണ്, ഇനി അവൾ ഉറങ്ങട്ടെ, ഓണപ്പുടവ എന്നീ ചിത്രങ്ങളും വേണ്ടവിധം ശ്രദ്ധേയമായില്ല. പത്മരാജന്റെ തിരക്കഥയിൽ കെ ജി ജോർജ് ചെയ്ത രാപ്പാടികളുടെ ഗാഥ എന്ന ചിത്രം വര്‍ത്തമാനദുരകള്‍ക്കും പാഠമാകാവുന്നതാണ്. എഴുപതുകളിലെ യുവാക്കളിൽ ഉണ്ടായിരുന്ന മയക്കുമരുന്നിന്റെ ഉപയോഗവും മാനസികപ്രശ്നങ്ങളുമൊക്കെയായിരുന്നു സോമനും വിധുബാലയും കേന്ദ്രകഥാപാത്രങ്ങളായി വന്ന രാപ്പാടികളുടെ ഗാഥയുടെ പ്രമേയം. ഒരു പ്രദേശം, അത് ഗ്രാമമായാലും നഗരമായാലും ആത്യന്തികമായി പരാജയപ്പെടുന്നത് പുറമേനിന്നു വന്നവരാലല്ലെന്നും മറിച്ച് അകത്തുതന്നെയുള്ള സദാചാര‑ധാർമ്മിക പൊതുബോധത്തെയും സാമ്പത്തിക‑രാഷ്ട്രീയാധികാരത്തെയും നിയന്ത്രിക്കുന്നവരാലാണെന്നുമുള്ള ഉൾക്കാഴ്ച നൽകുന്നതാണ് കോലങ്ങളെന്ന സിനിമ.


ഇതുകൂടി വായിക്കൂ: പുരസ്കാരത്തിലെ രാഷ്ട്രീയം


സമൂഹത്തിന്റെ വ്യത്യസ്ത അടരുകളെ പ്രതിനിധീകരിക്കുന്ന മൂന്ന് സ്ത്രീ കഥാപാത്രങ്ങളിലൂടെ പെണ്‍ജീവിതങ്ങളുടെ കുറ്റമറ്റ ആഖ്യാനവും വ്യാഖ്യാനവുമാണ് ‘ആദാമിന്റെ വാരിയെല്ല്’ നിര്‍വഹിച്ചത്. സ്ത്രീത്വത്തിന്റെ മാനസികവൈവിധ്യങ്ങളെയും വ്യത്യസ്ത സാമൂഹ്യതലങ്ങളില്‍ പുലരുന്ന സ്ത്രീകളുടെ വിഭിന്നങ്ങളായ ജീവിതാവസ്ഥകളെയും പ്രതികരണ സ്വഭാവങ്ങളെയും ഇത്ര ആഴത്തില്‍ അവതരിപ്പിച്ച മറ്റൊരു മലയാള ചിത്രമുണ്ടെന്ന് തോന്നുന്നില്ല. മനുഷ്യാവസ്ഥകൾക്ക് സമൂഹവും അതിന്റെ അധികാരഘടനയും സാമൂഹ്യമാറ്റങ്ങളിലേക്കു വഴിതുറക്കുന്ന രാഷ്ട്രീയാവസ്ഥകളും കാരണവുമാകുന്നതെങ്ങനെയെന്ന് സർഗാത്മകമായി രേഖപ്പെടുത്തുന്ന ചില സിനിമാത്തുടർച്ചകളാണ് 70കളുടെ അവസാനം സംഭവിച്ചത്. പിന്നീട് മലയാള സിനിമയുടെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന എൺപതുകളെ വര്‍ണാഭമാക്കിയതില്‍ കെ ജി ജോർജ് എന്ന കുളക്കാട്ടിൽ ഗീവർഗീസ് ജോർജിന് വലിയപങ്കാളിത്തമുണ്ട്. സ്വപ്നാടനം പോലൊരു സിനിമയുമായി വരാന്‍ അദ്ദേഹം കാണിച്ച ധീരതയിലാണ് മലയാള സിനിമയുടെ മാറ്റം തുടങ്ങുന്നത്, സുവർണ കാലഘട്ടത്തിന്റെ പിറവിയും. മലയാളി പ്രേക്ഷകന്‍ അതുവരെ കണ്ടുപരിചയിച്ച്, കണ്ണിണങ്ങിയ കാഴ്ചയുടെയും പ്രമേയങ്ങളുടെയും വിരസതയില്‍ നിന്ന് ഒരു പുത്തനുണർവുണ്ടായി. സമീപനത്തിലും സങ്കേതികതയിലും മലയാള സിനിമയുടെ മുഖച്ഛായ വിശ്വോത്തരമായി പുനർനിർമ്മിക്കാൻ ധൈര്യപ്പെട്ട അന്നത്തെ നവതലമുറയുടെ മുന്നണിക്കാരന്റെ തുടക്കമായിരുന്നു അത്. സിനിമയില്‍ കഥകളെയും കഥാപരിസരങ്ങളെയും നവംനവമായ കാഴ്ചകൾകൊണ്ട് സമ്പുഷ്ടമാക്കിയ പ്രതിഭ എന്നായിരിക്കും എക്കാലവും കെ ജി ജോർജിന് ആസ്വാദകരുടെ മനസിലുള്ള സ്ഥാനം. ആദരാഞ്ജലി.

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.