സപ്തസഹോദരസംസ്ഥാനങ്ങളില്‍
ഒന്നു മണിപ്പൂര്‍ രത്‌നപുരം
അലമുറയിട്ടു കരഞ്ഞോടുന്നവള്‍
ഇന്നു മണിപ്പൂര്‍ രക്തപുരം
അവളുടെ നഗ്നശരീരത്തില്‍
കഴുകന്‍ നഖമുന താഴ്ത്തുന്നു
ഉടുപുടവകളില്‍ തീയാളുന്നു
ഉടലാകെ തീ പടരുന്നു
കാടുകളില്‍ തീ കുടിലുകളില്‍ തീ
മലനിരകളിലും തിയ്യാട്ടം
ചോരകരിഞ്ഞ മണം പടരുന്നു
നോവു കരഞ്ഞോടുന്നു…
ഒരു ഗോത്രത്തെ പ്രതികാരത്തില്‍
തേച്ചു മിനുക്കിയെടുക്കുന്നു
മറുഗോത്രത്തിന്‍നേര്‍ക്കു തൊടുക്കാന്‍
ആയുധമാക്കിയൊരുക്കുന്നു.
നീതി നടത്തേണ്ടവരും നിയമം-
പാലിക്കേണ്ടവരൊന്നാകെ
കാവിത്തുണിയാല്‍ കണ്ണുകൾകെട്ടിയൊ
രാലസ്യത്തിലുറങ്ങുന്നു…
സൈന്യത്തിന്റെ പടക്കോപ്പുകളും
ഗോത്രപ്പടയില്‍ ചേരുന്നു
രാജാവിന്റെ മഹാമൗനത്തെ
മുനിമാര്‍ വാഴ്ത്തിപ്പാടുന്നു…
വര്‍ണ്ണം വംശം ഗോത്രം ജാതികള്‍
വര്‍ഗ്ഗീയതയായ് വളരുന്നു
ആധികാരത്തിന്‍ സോമരസം
ചോരവാറ്റിയെടുക്കുന്നു
വേട്ടമൃഗത്തിന്‍ കണ്ണില്‍ കരുണ-
തിരഞ്ഞൊരു നിമിഷം പാഴായാല്‍
വേട്ടയാടപ്പെടുവോര്‍ തമ്മില്‍
ഇടഞ്ഞൊരു നിമിഷം പാഴായാല്‍
ഏതൊരു നാടും നാളെ മണിപ്പൂരാകും
നമ്മളുമിരയാകും…
അതിനാല്‍ മിണ്ടുക, ചൂണ്ടുക നമ്മള്‍
ചൂണ്ടുവിരല്‍ത്തല പന്തങ്ങള്‍…
English Sammury: Choonduviralthala Panthangal… A Malayalam poem written by M M Sachindran
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.