25 February 2026, Wednesday

Related news

February 24, 2026
February 22, 2026
February 22, 2026
February 16, 2026
February 14, 2026
February 13, 2026
February 9, 2026
February 8, 2026
February 5, 2026
February 5, 2026

പഞ്ചാബിനെ പഞ്ചറാക്കി മലയാളി വിളയാട്ടം; സന്തോഷ് ട്രോഫി ഫൈനലില്‍ സര്‍വീസസിനെ നേരിടും

കേരളത്തിന്റെ ജയം 4 — 0
സുരേഷ് എടപ്പാള്‍
February 5, 2026 9:40 pm

ഏഴു തവണ കിരീടം നേടിയ പഞ്ചാബിനെ നിലംപരിശാക്കി സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഫൈനൽ പ്രവേശം. കരുത്തരായ സർവീസസാണ് എതിരാളികൾ. ഞായറാഴ്ച നടക്കുന്ന കിരീട പോരാട്ടം ഇരുടീമുകൾക്കും എട്ടാം തവണ ജേതാവാകുന്നതിലുള്ള രണ്ടും കല്പിച്ച പോരാട്ടമാകും. കഴിഞ്ഞ തവണ ഫൈനലിൽ നഷ്ടമായ കപ്പ് തിരിച്ചു പിടിച്ച് അസം മിഷൻ പൂർത്തിയാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. സന്തോഷ്‌ട്രോഫി അടുത്ത കാലത്തൊന്നും കാണാത്ത ഒത്തിണക്കത്തോടെയുള്ള ഗംഭീര പ്രകടനമായിരുന്നു ഇന്നലെ കേരളം പഞ്ചാബിനെതിരെ പുറത്തെടുത്തത്. അത്രമാത്രം മികച്ചതായിരുന്നു സെമി ഫൈനലിലെ പ്രകടനം. മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് പഞ്ചാബിനെ മലയാളിപ്പട തകർത്തു തരിപ്പണമാക്കിയത്. ഗോൾ നില സൂചിപ്പിക്കുന്നതിലും ഗംഭീരമായിരുന്നു കേരളത്തിന്റെ പ്രകടനം. ചുരുങ്ങിയിത് അര ഡസൻ ഗോളെങ്കിലും എതിരാളികളുടെ വലയിൽ കയറുമായിരുന്നു. ഇന്നലെ അസമിലെ സിലാപത്തർ മൈതാനം കേരളത്തിന്റെ കുട്ടികൾ അടക്കിവാണു. എതിരാളികളെ പാടെ നിഷ്പ്രഭമാക്കിയുള്ള പൂണ്ടുവിളയാട്ടമായിരുന്നു അത്. 

പ്രതിരോധ മധ്യ മുന്നേറ്റ നിരക്കാർ എണ്ണയിട്ട യന്ത്രമെന്നോണം കളം നിറഞ്ഞു കളിച്ചപ്പോൾ പഞ്ചാബുകാർ അടിമുടി പതറി. പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ കൂടുതൽ ഗോൾ വഴങ്ങാതിരിക്കാൻ മാത്രമായി അവരുടെ കളി. ആദ്യ വിസിൽ മുതൽ തന്നെ വിജയത്തിൽ കുറഞ്ഞ ഒന്നു കൊണ്ടും അടങ്ങില്ലെന്ന പ്രഖ്യാപനമായിരുന്നു സഞ്ജു സംഘത്തിന്റെത്. ഇടതു വലതു വിങ്ങിലൂടെ അതിവേഗം ആക്രമണം അഴിച്ചു വിട്ടപ്പോൾ തുടക്കത്തിൽ പഞ്ചാബുകാർക്ക് കാര്യങ്ങളുടെ പോക്ക് അപകടകരമാണെന്ന് പിടികിട്ടി. പക്ഷേ ഇടവേളകളില്ലാത്ത ഇരമ്പിയാർക്കലില്‍ അവരുടെ ഗോൾമുഖം ശരിക്കും അസ്വസ്ഥമായി. 

ഏതു വിധേനയും ഗോൾ നേടി ലീഡിടെടുക്കാനുള്ള കേരളത്തിന്റെ നീക്കങ്ങൾ ഫലം കാണാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല. 16-ാം മിനിറ്റിൽ മുഹമ്മദ്‌ അജ്സലിലൂടെയാണ് ഗോൾവേട്ട തുടങ്ങിയത്. 34-ാം മിനിറ്റിലും 83-ാം മിനിറ്റിലും റിയാസ് വല കുലുക്കി. 45-ാം മിനിറ്റിൽ എം വിഘ്‌നേഷും ലക്ഷ്യം കണ്ടു. സിലാപത്തറിലെ രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ വി അർജുൻ ഒരുക്കിയ കോർണറിൽ തലവച്ചാണ് അജ്സൽ കേരളത്തിന്‌ ലീഡ് സമ്മാനിച്ചത്. രണ്ടാം ഗോളും അർജുന്റെ കോർണറിൽ നിന്നാണ്. ബിബിൻ അജയനിലേക്ക് നൽകിയ പന്ത്, ബിബിൻ റിയാസിന് കൈമാറി. വിങ്ങർ അനായാസം ലക്ഷ്യം കണ്ടു. ഇടവേളയ്ക്ക് മുമ്പ് അജ്സൽ ഒരുക്കിയ പാസിലാണ് വിഘ്‌നേഷ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ പകരക്കാരൻ സജീഷാണ് നാലാം ഗോളിന് വഴിതുറന്നത്.
റെയിൽവേസിനെ രണ്ട് ഗോളിന് തോല്പിച്ചാണ് സർവീസസ് സന്തോഷ്‌ ട്രോഫി ഫുട്ബോൾ ഫൈനലിൽ കടന്നത്. ഇരട്ടഗോളുമായി തിളങ്ങിയ അഭിഷേക് പവാറാണ് വിജയശില്പി. സിലാപത്തറിലെ രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ ഇരുപകുതിയിലുമായാണ് പട്ടാളപ്പട ഗോൾ നേടിയത്. ഏഴുതവണ ജേതാക്കളാണ് സർവീസസ്. ഏറ്റവും ഒടുവിൽ 2023ൽ കിരീടമുയർത്തി. സർവീസസ് ടീമിൽ മൂന്നു മലയാളികളുണ്ട്. പി പി മുഹമ്മദ് ഷനൂസ്, വിജയ് ജെറാൾഡ്, ജിജോ ജെറോൺ എന്നിവരാണത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.