ഉക്രെയ്നിന്റെ തലസ്ഥാനമായ കീവിലെ ഡാർണിസേ എന്ന പ്രദേശത്ത് ഭൂഗർഭ അറയിൽ ഭീതിയോടെ കഴിയുകയാണ് ആലപ്പുഴ കായംകുളം സ്വദേശിയായ ജിതിനയും കൂട്ടുകാരും. പുറത്ത് പൊട്ടിത്തെറിയും ഭയാനക ശബ്ദവും കേൾക്കാം. ആർക്കും പുറത്തിറങ്ങാൻ കഴിയുന്നില്ല. കീവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അഞ്ചാം വർഷം മെഡിക്കൽ വിദ്യാർത്ഥിനിയാണ് ജിതിന. ജിതിനയുടെ കൂടെ മലയാളികളും തമിഴ്‌നാട് സ്വദേശികളുമായ ആറോളം സഹപാഠികളുണ്ട്. കയ്യിൽ രേഖകൾ അടങ്ങിയ ചെറിയ ബാഗും കഷ്ടിച്ച് ഒരു ദിവസത്തേയ്ക്ക് മാത്രം അവശേഷിക്കുന്ന ആഹാരസാധനങ്ങളും മാത്രമാണുള്ളത്. കായംകുളം രാമപുരത്ത് ആഞ്ഞിലിമൂട്ടിൽ ജയകുമാറിന്റെയും വീണയുടേയും മകളാണ് ജിതിന.
ഷെൽട്ടറിനു പുറത്തേക്ക് ഇറങ്ങിയാൽ ഏതുസമയവും ജിവൻ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുളളതെന്ന് ജിതിന ജനയുഗത്തോട് പറഞ്ഞു. പ്രാഥമിക കൃത്യങ്ങൾ നടത്താൻപോലും തൊട്ടടുത്തുളള ഹോസ്റ്റിലിലേക്ക് പോകേണ്ടതുണ്ട്. ഇതും ജീവൻ നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ജിതിന ഭീതിയോടെ പറയുന്നു. കഴിഞ്ഞ ദിവസം യുദ്ധം ആരംഭിച്ചതോടെ ജിതിനയും സുഹൃത്തുക്കളും സുരക്ഷാ കേന്ദ്രത്തിലേക്ക് മാറിയതാണ്. ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ലെന്നും ജിതിന പറഞ്ഞു. അധിക സമയം ഇവിടെ കഴിയുന്നത് അപകടകരമാണെന്നും മൊബൈൽ ഫോണുകൾ നിലച്ചാൽ ബന്ധപ്പെടുവാൻ യാതൊരു മാർഗവും ഇല്ലെന്നും ജിതിന ഭയത്തോടെ പറയുന്നു.
കഴിഞ്ഞ ജനുവരി രണ്ടിന് ജിതിനയുടെ ഭർത്താവും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ അഖിലിനെ ഹൂതി വിമതർ പിടിച്ച് കൊണ്ട് പോയിരുന്നു. അഖിൽ ഇപ്പോഴും അവരുടെ പിടിയിലാണ്. യുദ്ധഭീതി പടർന്നതോടെ നാട്ടിലേയ്ക്ക് എത്രയും വേഗം മടങ്ങാൻ ജിതിനയോട് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിമാനത്താവളം അടച്ചതോടെ ജിതിനയും സൃഹൃത്തുക്കളും പ്രതിസന്ധിയിലായിരിക്കുകയാണ്. എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. എംബസിയിൽ നിന്നുളള അറിയിപ്പുകൾക്കായി കാത്തിരിക്കുകയാണ് ജിതിന. ഉക്രെയ്നിലെ വിവിധ സർവകലാശാലകളിലായി ഇരുപതിനായിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. യുദ്ധം രൂക്ഷമായതോടെ പലരും ഹോസ്റ്റലുകളിലെ ഭൂഗർഭ അറകളിലേയ്ക്കും സുരക്ഷിത ഇടങ്ങളിലേയ്ക്കും മാറിയിരിക്കുകയാണ്. ജിതിനയെ പോലെതന്നെ എല്ലാ മലയാളി വിദ്യാർത്ഥികളും എത്രയും വേഗം നാട്ടിലേയ്ക്ക് മടങ്ങി വരാനും അതിനായി അധികാരികൾ അടിയന്തിര ഇടപെടലുകൾനടത്തണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർത്ഥിക്കുകയാണ്.
English Summary: Jitina and her friends from Alappuzha are scared in an underground chamber in Ukraine
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.