പഞ്ചാബിലെ അകാലികൾ സാഹോദര്യത്തിന്റെ അടുക്കളയിൽ ചുട്ടെടുത്ത ചപ്പാത്തി കേരളത്തിൽ വിളമ്പിയിട്ട് ഇന്ന് നൂറ് വർഷം. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അകാലികൾ അവരുടെ ഭക്ഷണമായ ചപ്പാത്തി സത്യഗ്രഹികളായ മലയാളികളടക്കമുളളവർക്കും നൽകിയത്. സിഖ് ആരാധനാലയങ്ങളിലെ പരിഷ്കരണത്തിനായി 1924ൽ അകാലികൾ പഞ്ചാബിൽ പ്രക്ഷോഭം ശക്തമാക്കിയ കാലം. ദളിത് വിഭാഗത്തിന്റെ നീതി നിഷേധത്തിനെതിരെ വൈക്കം സത്യഗ്രഹം നടത്തുന്ന വാർത്ത പഞ്ചാബിലുമെത്തി. ആവേശഭരിതരായ ഒരു സംഘം അകാലികൾ വൈക്കത്തെത്തി. അവരുടെ നേതൃത്വത്തിൽ സത്യഗ്രഹത്തിൽ പങ്കെടുക്കുന്നവർക്കായി 1924 ഏപ്രിൽ 29ന് സൗജന്യ ഭക്ഷണ ശാല തുറന്നു. പഞ്ചാബ് ശിരോമണി പ്രബന്ധക് കമ്മിറ്റിയുടെ നിർദേശപ്രകാരം ലാലാ ലാൽസിങ്ങിന്റെയും കൃപാൽസിങ്ങിന്റെയും നേതൃത്വത്തിലുള്ള അകാലി സംഘമാണ് സൗജന്യ ഭക്ഷണശാല തുറന്നത്. പുലർച്ചെ മുതൽ മുതൽ രാത്രി വരെ അവർ നൽകിയ ഭക്ഷണത്തിൽ മലയാളികൾ ഏറ്റവും രുചിയോടെ കഴിച്ചത് ചപ്പാത്തിയായിരുന്നു.
അകാലികളുടെ സഹായം വൈക്കം സത്യഗ്രഹികള്‍ സ്വീകരിക്കുന്നതിൽ മഹാത്മാ ഗാന്ധി വിയോജിപ്പ് അറിയിച്ചു. ഇതോടെ അവര്‍ അകാലികളുടെ ഭക്ഷണശാലയിൽനിന്നു പിന്മാറി. പിന്നീട് സ്വന്തമായി ഭക്ഷണം തയ്യാറാക്കി. എന്നാൽ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ നേരിട്ടുള്ള ഉത്തരവില്ലാതെ ഭക്ഷണശാല പൂട്ടില്ലെന്നായിരുന്നു അകാലികളുടെ തീരുമാനം. ഒടുവിൽ, കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും ധർമ്മ ഭക്ഷണശാല നിർത്തുന്നതിനോടു യോജിക്കുന്നതായി സർദാർ കെ എം പണിക്കരുടെ ടെലിഗ്രാം വന്നു. അതോടെ വൈക്കത്തെ അകാലി പാചകപ്പുരയ്ക്ക് താഴ് വീണു. അകാലികൾ പഞ്ചാബിലേക്കു തിരികെ പോയെങ്കിലും അവർ പരിചയപ്പെടുത്തിയ രുചിയോട് മലയാളികൾ യാത്ര പറഞ്ഞില്ല. ഇന്ന് മലയാളികൾക്ക് തീൻമേശയിൽ ഒഴിവാക്കാനാവാത്ത വിഭവങ്ങളിലൊന്നാണ് ചപ്പാത്തി.
English Summary: Malayalee’s chapati taste is 100 today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.