19 December 2024, Thursday
KSFE Galaxy Chits Banner 2

മലയാളികള്‍ക്ക് ഇലക്ഷാമം ; തൂശനിലകൾ വിദേശത്തേക്ക്

പി ആർ റിസിയ
തൃശൂർ
August 25, 2023 10:06 pm

തിരുവോണത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് തൂശനില ക്ഷാമം. ഓണ സദ്യ തൂശനിലയിൽ വിളമ്പാൻ ഇനി തമിഴ്‌നാട് കനിയണം. വില കൊടുത്താലും തൂശനില കിട്ടാനില്ലെന്നതാണ് വിപണിയിലെ പ്രതിസന്ധി. നാട്ടിൻപുറങ്ങളിൽ നിന്നും വാഴയിലയുടെ വരവ് കുറഞ്ഞതും പ്രതിസന്ധിയായി.
വിദേശ മാർക്കറ്റിൽ വാഴയിലക്ക് വില ഉയർന്നതോടെയാണ് തമിഴ്‌നാട്ടിലെ തോട്ടങ്ങൾ ഈ വഴിക്ക് മാറി ചിന്തിച്ചു തുടങ്ങിയത്. ഗൾഫ് രാജ്യങ്ങളിലേക്കാണ് വൻ തോതിൽ തൂശനില ഇപ്പോൾ കയറ്റി അയക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് വാഴയില കയറ്റുമതി വ്യാപകമായതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള വാഴയിലയുടെ വരവിലും കുറവുണ്ടായി. ഇതോടെ ആവശ്യക്കാർക്ക് വാഴയില എത്തിച്ചു നൽകാൻ കഴിയുന്നില്ലെന്ന് തൃശൂർ ശക്തൻ മാർക്കറ്റിലെ വാഴയില മൊത്ത വ്യാപാരികൾ പറയുന്നു.

മുമ്പും വാഴയിലക്ക് ഓണ സമയത്ത് ക്ഷാമം നേരിട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയധികം ക്ഷാമം നേരിടുന്നത്. നിലവിൽ മാർക്കറ്റിൽ നാല് മുതൽ ആറ് രൂപവരെയാണ് ഒരു വാഴയിലക്ക് മൊത്ത വ്യാപാരികൾ ഈടാക്കുന്നത്. ഇലയുടെ ലഭ്യതയനുസരിച്ചും ആവശ്യക്കാരുടെ വരവനുസരിച്ചും വില കൂടുകയും കുറയുകയും ചെയ്യും. മൊത്ത വ്യാപാരികളിൽ നിന്നും ഇല വാങ്ങിക്കൊണ്ടു പോകുന്ന ചില്ലറ വിൽപനക്കാർ ഒരു ഇലക്ക് ആറ് മുതൽ എട്ട് രൂപവരെ ഈടാക്കുന്നുണ്ട്. സദ്യ വട്ടങ്ങൾക്ക് കരാർ എടുത്തിരിക്കുന്ന ഹോട്ടലുകളും കേറ്ററിങ് സെന്ററുകളും ഈ വിലക്ക് വാഴയില വാങ്ങാൻ തയ്യാറുമാണ്. ഇതോടെ സാധാരണക്കാർ അമിത വില നൽകേണ്ടി വരുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ വർഷം അഞ്ച് രൂപയിൽ താഴെയായിരുന്നു വാഴയിലയുടെ വില. ഒറ്റയടിക്ക് ഇത് നാല് രൂപവരെ വർധിച്ചിട്ടുമുണ്ട്. ഓഗസ്റ്റ് ആദ്യ വാരം നാല് രൂപയിൽ താഴെയായിരുന്നു വാഴയിലയുടെ വില. അത്തം കഴിഞ്ഞതോടെയാണ് വില ക്രമാതീതമായി വർധിച്ചത്.

നാട്ടിൻപുറങ്ങളിൽ വാഴയില വെട്ടുന്ന തൊഴിലാളികളെ കിട്ടാനില്ലാത്തതാണ് ഇലക്ക് ഇത്രയധികം ക്ഷാമം നേരിടാൻ കാരണം. ഒരു ഇല വെട്ടിയാൽ മൂന്നു രൂപയിൽ താഴെ മാത്രമാണ് തൊഴിലാളിക്ക് ലഭിക്കുന്നത്. ഇത് ഓട്ടോറിക്ഷയിലോ സൈക്കിളിലോ മൊത്ത വ്യാപാര കേന്ദ്രത്തിലെത്തിക്കാൻ തൊഴിലാളിക്കുണ്ടാകുന്ന ചിലവ് ഇപ്പോൾ വലുതാണ്. ഇതിനുള്ള വരുമാനം ഇപ്പോൾ ലഭിക്കുന്നതുമില്ല.

ഞാലിപ്പൂവൻ വാഴയുടെ ഇലയാണ് സാധാരണയായി സദ്യ വിളമ്പാൻ ഉപയോഗിക്കുന്നത്. കേരളത്തിൽ ഞാലിപ്പൂവൻ വാഴയില കുറവുമാണ്. അതേസമയം തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, തിരുച്ചി, കമ്പം, തേനി മേഖലകളിൽ ഞാലിപ്പൂവൻ വാഴത്തോട്ടങ്ങൾ സുലഭമാണ്. വാഴയിലക്ക് വേണ്ടി മാത്രമായി തോട്ടങ്ങൾ നടത്തുന്നവരും തമിഴ്‌നാട്ടിലുണ്ട്. കേരളത്തിലേക്ക് കയറ്റി അയക്കുന്ന വാഴയിലക്ക് ഒരു രൂപയിൽ താഴെ മാത്രമാണ് ഇവിടുത്തെ തൊഴിലാളികൾക്ക് കിട്ടുന്നത്.

Eng­lish sum­ma­ry; Malay­alees have short­age of leaves; Floors abroad

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.