21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 30, 2024
December 5, 2024
December 4, 2024
December 4, 2024
October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024

മലയാളി പ്രവാസികൾ 22 ലക്ഷം; കഴിഞ്ഞവർഷം നാട്ടിലേക്കെത്തിയത് 2.16 ലക്ഷം കോടി

Janayugom Webdesk
തിരുവനന്തപുരം
June 14, 2024 10:31 pm

മലയാളി പ്രവാസികൾ 2023ൽ നാട്ടിലേക്ക് അയച്ചത് 2,16,893 കോടി രൂപ. 22 ലക്ഷം മലയാളികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നത്. 2023ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. കുടിയേറ്റത്തിലെ പുതിയ പ്രവണതകൾ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്പദ്‌വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും ഇക്കാര്യത്തിൽ നയപരമായ ഇടപെടലുകൾ ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തിൽ നടത്തിയ മൈഗ്രേഷൻ സർവേ റിപ്പോർട്ട് ലോക കേരള സഭയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

കോവിഡ് മഹാമാരിക്കാലത്തുണ്ടായ ഇടിവിനു ശേഷം 2023 ൽ കേരളത്തിലേക്കെത്തുന്ന ആകെ പ്രവാസി പണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായതായും റിപ്പോർട്ട് പറയുന്നു. 2018 ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിൽ 85,092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന ആകെ എൻആർഐ പണമായി കണ്ടെത്തിയിരുന്നെങ്കിൽ അഞ്ചു വർഷത്തിനിപ്പുറം അതിൽ 154.9 ശതമാനം വർധനവു കാണിക്കുന്നു. പ്രവാസികൾ അവരുടെ കേരളത്തിലെ വീടുകളിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വർധന 2023ൽ കാണിക്കുന്നുണ്ട്. 37,058 കോടി രൂപ അയച്ചതായാണ് സർവേ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ എൻആർഐ നിക്ഷേപങ്ങളിൽ 21 ശതമാനം വിഹിതം കേരളത്തിന്റേതാണ്.

2019 മുതൽ ഈ കണക്കിൽ സ്ഥിരത കാണിക്കുന്നുണ്ട്. നാട്ടിലേക്കുള്ള എൻആർഐ പണത്തിന്റെ അളവിൽ വലിയ വർധനവുണ്ടെങ്കിലും കേരളത്തിൽനിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഗണ്യമായ വർധനയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. 2018ൽ 21 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2023ൽ 22 ലക്ഷത്തിൽ എത്തി നിൽക്കുന്നു. വിദ്യാർത്ഥി കുടിയേറ്റം വൻതോതിൽ വർധിച്ചതാണ് പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകാതെ തുടരുന്നതെന്ന വസ്തുതയും റിപ്പോർട്ട് കാണിക്കുന്നു. 2018ൽ 1,29,763 വിദ്യാർത്ഥി കുടിയേറ്റക്കാരാണുണ്ടായിരുന്നതെങ്കിൽ 2023ൽ അത് 2,50,000 ആയി വർധിച്ചു. കേരളത്തിൽനിന്നുള്ള പ്രവാസത്തിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റം ചൂണ്ടിക്കാണിക്കുന്നതാണ് ഈ കണക്കെന്നു പറയുന്ന സർവേ റിപ്പോർട്ട് 17 വയസിനു മുൻപുതന്നെ നാടുവിടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതായും ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.