വിദേശ രാജ്യങ്ങളിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ചിത്രം ആകപ്പാടെ മാറുന്നതായി പഠനങ്ങൾ. നേരത്തേ ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു ഒഴുക്കെങ്കിൽ ഇപ്പോൾ മലയാളികളിൽ അധികം പേരും കുടിയേറ്റത്തിനായി തിരഞ്ഞെടുക്കുന്നത് ബ്രിട്ടനാണ്.
യുഎഇയും സൗദി അറേബ്യയും ഖത്തറും കഴിഞ്ഞാൽ ഗൾഫ് ഇതര വിദേശ രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ മലയാളികളുള്ളത് ബ്രിട്ടനിലാണെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആന്റ് ഡെവലപ്മെന്റിന്റെ ഏറ്റവും പുതിയ സർവേ റിപ്പോർട്ടാണ് വ്യക്തമാക്കുന്നത്.
ബ്രിട്ടനിൽ ഇപ്പോൾ ആറ് ശതമാനമാണ് മലയാളി സാന്നിധ്യം. കുവൈത്ത് (5.6ശതമാനം), ബഹ്റൈൻ (3.7 ശതമാനം) തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലുള്ളതിനെക്കാൾ കൂടുതൽ. കാനഡയിൽ 2.5 ഉം അമേരിക്കയിൽ 2.1 ഉം ഓസ്ട്രേലിയയിൽ 1.5 ഉം ശതമാനം മലയാളികളേയുള്ളൂ. ചുരുക്കം വർഷങ്ങൾക്കിടെ ഗൾഫിലേക്കുള്ള മലയാളി കുടിയേറ്റത്തിൽ 10 ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്. നേരത്തേ 10.8 ശതമാനം പ്രവാസി മലയാളികളാണ് ഗൾഫ് ഇതര വിദേശ രാജ്യങ്ങളിലുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഇരട്ടിയോളമായാണ് വർധിച്ചിരിക്കുന്നത്. 19.8 ശതമാനം. കോവിഡ് സാഹചര്യത്തിൽ ഒഴുക്കിന് കുറച്ച് ഇടിവുണ്ടായെങ്കിൽ അതിനു ശേഷം വലിയ കുതിച്ചുചാട്ടമാണുണ്ടായിട്ടുള്ളത്.
അതേസമയം, ഗൾഫിലേക്കുള്ള കുടിയേറ്റത്തിൽ 10 ശതമാനത്തിനടുത്ത് കുറവുമുണ്ടായി. അത് നികത്താനുള്ള വർധനയുണ്ടാകുന്നുമില്ല — പഠനം വ്യക്തമാക്കുന്നു. ഗൾഫിൽ 59.5 ശതമാനം മലയാളി സ്ത്രീകളുണ്ടെങ്കിലും അധികം പേരുടെയും ആകർഷക കേന്ദ്രം ഇപ്പോൾ യു കെ യാണ്. യു കെ യിൽ നിലവിൽ 14.7 ശതമാനം സ്ത്രീകളുണ്ട്. 10 വർഷത്തിനിടെ കേരളത്തിൽ നിന്നുള്ള ഗൾഫ് കുടിയേറ്റക്കാരുടെ സംഖ്യയിൽ വലിയ കുറവാണുണ്ടായിരിക്കുന്നതെന്നും മെച്ചപ്പെട്ട ജീവിത സൗകര്യം തേടി മലയാളികൾ ഗൾഫിനെ കൈവിടുമ്പോൾ മഹാരാഷ്ട്ര, യുപി, ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ എണ്ണം ഗൾഫ് തൊഴിൽ മേഖലയിൽ ഉയരുകയാണെന്നും യുഇഎ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹന്റർ എന്ന സ്വകാര്യ ഏജൻസിയും ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇന്ത്യയിലേക്കെത്തുന്ന ഗൾഫ് പണത്തിന്റെ നല്ലൊരു പങ്ക് ഇപ്പോൾ മഹാരാഷ്ട്രയിലേക്കാണ് പോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.