30 March 2025, Sunday
KSFE Galaxy Chits Banner 2

മലയോര പട്ടയം: സംയുക്ത പരിശോധന ഏപ്രിലിൽ തുടങ്ങും

Janayugom Webdesk
തിരുവനന്തപുരം
March 26, 2025 10:48 pm

1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയിൽ കുടിയേറി താമസിച്ചുവരുന്ന അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഏപ്രിലില്‍ ആരംഭിക്കും. റവന്യു, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മലയോര മേഖലയിൽ പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നതിനും സംയുക്ത പരിശോധന നടത്തുന്നതിനും കേന്ദ്ര സർക്കാർ അനുമതി ആവശ്യമായിരുന്നു. 2024 ഫെബ്രുവരിയിൽ റവന്യു മന്ത്രി കെ രാജനും വനം മന്ത്രി എ കെ ശശീന്ദ്രനും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്, സഹമന്ത്രി അശ്വിനി കുമാർ ചൗബേ എന്നിവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായാണ് അനുമതി ലഭിച്ചത്. 

1993ലെ പുതിയ ചട്ടപ്രകാരം 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയവരുടെ പട്ടയം അപേക്ഷകൾ സ്വീകരിച്ച് നടപടി സ്വീകരിക്കുവാൻ സംസ്ഥാന സർക്കാരിന് കഴിയുമായിരുന്നില്ല. കുടിയേറ്റക്കാരുടെ ബന്ധുക്കളുടെയും ഭൂമി കൈമാറ്റം ചെയ്തവരുടെയും അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരുമായി ചർച്ച നടത്താനും സംയുക്ത പരിശോധനയ്ക്കുള്ള അനുമതി നേടാനും സര്‍ക്കാര്‍ ശ്രമിച്ചത്. മലയോരമേഖലയിൽ പുതിയ അപേക്ഷ സ്വീകരിക്കാനും അതിന്റെ ഭാഗമായുള്ള വെരിഫിക്കേഷൻ നടത്താനും കേരളത്തിന് പ്രത്യേക അനുവാദവും ലഭിച്ചു.

തുടർന്ന്, യോഗ്യതയ്ക്കനുസൃതമായി പട്ടയം നൽകുന്നതിനായി സംസ്ഥാന സർക്കാർ 2024 മാർച്ച് ഒന്ന് മുതൽ 31 വരെ സമഗ്ര വിവര ശേഖരണം നടത്തുന്നതിന് വില്ലേജ് ഓഫിസുകളിൽ സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ അർഹരായ പലർക്കും ഈ ഘട്ടത്തിൽ അപക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ലെന്ന കർഷക സംഘടനകളുടെയും ജനപ്രതിനിധികളുടെയും അഭ്യർത്ഥന പ്രകാരം ജൂലൈ 10 മുതൽ 31 വരെ വീണ്ടും വിവര ശേഖരണത്തിന് സൗകര്യമൊരുക്കി. രണ്ടു ഘട്ടങ്ങളിലായി നടന്ന വിവര ശേഖരണത്തിലൂടെ 59,830 അപേക്ഷകളാണ് ലഭിച്ചത്. 

ജോയിന്റ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ലാന്റ് റവന്യു ജോയിന്റ് കമ്മിഷണർ എ ഗീത, പിസിസിഎഫ് രാജേഷ് രവീന്ദ്രൻ എന്നിവർ അംഗങ്ങളായ പ്രത്യേക സമിതിയെ യോഗം ചുമതലപ്പെടുത്തി. നിയമസഭാ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമ്മിഷണർ ഡോ. എ കൗശിഗൻ, ജോയിന്റ് കമ്മിഷണർ എ ഗീത, പിസിസിഎഫ് രാജേഷ് രവീന്ദ്രൻ, എപിസിസിഎഫ് ഡോ. പി പുകഴേന്തി തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.