22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024

നരേന്ദ്ര മോഡിക്കെതിരായ അധിക്ഷേപ പരാമര്‍ശം; മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് മാലദ്വീപ് സര്‍ക്കാര്‍

Janayugom Webdesk
മാലി 
January 7, 2024 9:20 pm
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെ മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ വിവാദ പ്രസ്താവനകളില്‍ ഇന്ത്യ‑മാലദ്വീപ് നയതന്ത്ര ബന്ധം തകരുന്നു. അതിനിടെ വിവാദ പരാമർശത്തില്‍ മാലദ്വീപ് മന്ത്രിമാരെ പ്രസിഡന്റ് മുഹമ്മദ് മുയിസു സസ്പെന്‍ഡ് ചെയ്തു. മന്ത്രിമാരായ മറിയം ഷിവുന, മാൽഷ ഷെരീഫ്, അബ്ദുല്ല മഹ്സൂം മാജിദ് എന്നിവര്‍ക്കെതിരെയാണ് നടപടി. വിഷയത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിരുന്നു.
‘എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര മോഡി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നാണ് മാലി യുവജനകാര്യ വകുപ്പ് മന്ത്രി മറിയം ഷിവുന എക്സ് പ്ലാറ്റ്ഫോമിലൂടെ കുറിച്ചത്. വിവാദമായതിനു പിന്നാലെ മന്ത്രി പോസ്റ്റ് പിൻവലിച്ചു. മറ്റൊരു പോസ്റ്റിൽ, മാലദ്വീപിന് ഈ മേഖലയിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ആവശ്യമില്ലെന്നും ഷിയുന ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും ബീച്ച് ടൂറിസത്തിൽ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്സൂം മാജിദും പറഞ്ഞിരുന്നു.
മന്ത്രിമാര്‍ക്ക് പുറമെ പ്രോഗ്രസിവ് പാര്‍ട്ടി കൗണ്‍സില്‍ അംഗം സാഹിദ് റമീസ് ഉള്‍പ്പെടെയുള്ളവരും  നരേന്ദ്ര മോഡിക്കെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി രംഗത്ത് വന്നിരുന്നു. പിന്നാലെ ‘മാലദ്വീപിനെ ബഹിഷ്കരിക്കുക’ എന്ന ആഹ്വാനവുമായി ഇന്ത്യയില്‍ ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളടക്കം നിരവധി പേര്‍ രംഗത്തെത്തി.
ഇന്ത്യയില്‍ പ്രതിഷേധം ശക്തമായതോടെ മന്ത്രിമാരുടെ പ്രസ്താവനകളെ തള്ളിപ്പറഞ്ഞ് മാലദ്വീപ് സർക്കാർ പ്രസ്താവന പുറത്തിറക്കിയിരുന്നു. മന്ത്രിമാരുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സർക്കാരിന്റെ  നിലപാടല്ലെന്നും സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. മാത്രമല്ല ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.
മാലദ്വീപ് മുന്‍പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കമുള്ളവരും സര്‍ക്കാര്‍ ഇത്തരം അഭിപ്രായങ്ങളില്‍നിന്ന് അകന്നു നില്‍ക്കുകയും അവ സര്‍ക്കാര്‍ നയത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പുനല്‍കുകയും വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ നവംബറില്‍ മാലിദ്വീപ് പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരമേറ്റതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലിദ്വീപിന്റെയും (പിപിഎം) പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസിന്റെയും (പിഎന്‍സി) സഖ്യമായ പ്രോഗ്രസീവ് അലയന്‍സില്‍ നിന്നുള്ള മുയിസു ചൈനീസ് അനുകൂല നിലപാടിന്റെ വക്താവാണെന്ന് ഇന്ത്യ ആരോപിക്കുന്നു. സ്ഥാനമേറ്റതിന് പിന്നാലെ ഇന്ത്യന്‍ സൈന്യത്തെ തിരിച്ചുവിളിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടിരുന്നു.
Eng­lish Sum­ma­ry: Mal­dives govt sus­pends three min­is­ters over deroga­to­ry remarks on naren­dra modi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.