
മലേഗാവ് സ്ഫോടനക്കേസിലെ വിധി പറയുന്നത് മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി മാറ്റിവച്ചു. ജൂലൈ 31ന് വിധി പ്രഖ്യാപിച്ചേക്കും. ബിജെപി നേതാവ് പ്രഗ്യാ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെ ആറ് പ്രതികളാണുള്ളത്. കേസിലെ രേഖകളും തെളിവുകളും വളരെ വലുതാണെന്നും കൂടുതല്‍ സമയം വേണമെന്നും പ്രത്യേക ജഡ്ജി എ കെ ലഹോട്ടി വ്യാഴാഴ്ച പറഞ്ഞു. ജൂലൈ 31ന് ഏതെങ്കിലും പ്രതി ഹാജരാകാതിരുന്നാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. വാദം ഏപ്രിലില്‍ അവസാനിച്ചിരുന്നു. 2008 സെപ്റ്റംബര്‍ 28ന് മഹാരാഷ്ട്രയിലെ നാസിക്കിനടുത്ത് മലേഗാവില്‍ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് കേസ്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് ആദ്യം അന്വേഷിച്ചത്. പിന്നീട് എന്‍ഐഎ ഏറ്റെടുത്തു. തുടക്കത്തില്‍ 14 പ്രതികളായിരുന്നു, വാദം പൂര്‍ത്തിയായപ്പോഴത് ഏഴായി.
ബിജെപി നേതാവും മുന്‍ എംപിയുമായ പ്രഗ്യാസിങ് ഠാക്കൂര്‍, ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ, അജയ് രഹിര്‍ക്കര്‍, സമീര്‍ കുല്‍ക്കര്‍ണി, സുധാകര്‍ ചതുര്‍വേദി, സുധാകര്‍ ധര്‍ ദ്വിവേദി എന്നിവരാണ് നിലവിലെ പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ യുഎപിഎയും സ്ഫോടകവസ്തു നിയമവും ചുമത്തിയിട്ടുണ്ട്. മതിയായ തെളിവില്ലെന്നു പറഞ്ഞ് എന്‍ഐഎ, പ്രഗ്യാ സിങ് ഠാക്കൂറിനെ കുറ്റവിമുക്തയാക്കിയിരുന്നു. എന്നാല്‍ 1999ലെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം ചുമത്തിയ കുറ്റപത്രം ഒഴിവാക്കിയില്ല. കേസില്‍ ഇന്നലെ വിധി പറയേണ്ടതായിരുന്നു. കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രത്യേക ജഡ്ജി എ കെ ലഹോട്ടി ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും കോടതി അനുവദിക്കുകയും ചെയ്തതോടെയാണ് വിധി പറയുന്നത് നീട്ടിവച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.