28 January 2026, Wednesday

മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം; കെ.ഗോപാലകൃഷ്ണന്‍ പറയുന്നത് കളവെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്

Janayugom Webdesk
തിരുവനന്തപുരം
December 8, 2024 9:16 am

മല്ലു ഹിന്ദു വാട്സ്ആപ്പ് ​ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണൻ ഐഎഎസ് പറയുന്നത്‌ കളവെന്ന് പൊലീസ്‌ റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഡിജിപി ആഭ്യന്തര വകുപ്പ്‌ സെക്രട്ടറിക്ക്‌ റിപ്പോർട്ട്‌ സമർപ്പിച്ചു . ഗോപാലകൃഷ്ണന്റെ ഫോണുകളൊന്നും ആരും ഹാക്ക്‌ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഫോൺ ഹാക്ക് ചെയ്തെന്ന് കാണിച്ച് പരാതി നൽകുന്നതിന്റെ തലേദിവസം ഗോപാലകൃഷ്ണൻ ഫോൺ ഫോർമാറ്റ് ചെയ്‌തെന്നും റിപ്പോർട്ട് പറയുന്നു . മല്ലു ഹിന്ദു വാട്സ്ആപ്പ് ​ഗ്രൂപ്പ് കണ്ടത്തിയ ഒക്ടോബ‍ർ‌ 31ന് ഫോൺ ഫോർമാറ്റ് ചെയ്തന്നായിരുന്നു ഗോപാലകൃഷ്ണന്റെ അവകാശവാദം. 

എന്നാൽ ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകുന്നത്‌ നവംബർ നാലിനായിരുന്നു. ഫോൺ ആദ്യമായി ഫോർമാറ്റ് ചെയ്തതാകട്ടെ പരാതി നൽകുന്നതിന്റെ തലേന്ന് നവംബർ മൂന്നിനായിരുന്നുവെന്നും റിപ്പോ‍ർട്ട് ചൂണ്ടിക്കാണിക്കുന്നു. പൊലീസ് ആവശ്യപ്പെട്ടപ്പോൾ ഗോപാലകൃഷ്ണൻ ഫോൺ കൈമാറാൻ തയ്യാറായില്ലെന്ന ​ഗൗരവമുള്ള പരാമർശവും റിപ്പോർട്ടിലുണ്ട്. പൊലീസ്‌ ഫോൺ ആവശ്യപ്പെട്ടപ്പോൾ ഗോപാലകൃഷ്ണൻ മറ്റൊരു ഫോണ്‌ ഹാജരാക്കി‌. വാട്സാപ്പ്‌ ഉപയോഗിച്ചിരുന്ന സാംസങ്ങ്‌ ഫോൺ ഹാജരാക്കിയത് പിന്നീടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നിരവധി തവണ ഫോർമാറ്റ് ചെയ്ത്‌ തെളിവുകൾ നശിപ്പിച്ച ശേഷമാണ്‌ ഫോൺ ഹാജരാക്കിയത്‌. ഒന്നിലധികം തവണ ഫോർമാറ്റ് ചെയ്തതിനാൽ തെളിവുകൾ നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഫോൺ ഫോർമാറ്റ് ചെയ്തത് സംശയമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.