16 വർഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബറിൽ തുടങ്ങും. മഹേഷ് നാരായണനാണ് സംവിധായകന്‍. 2008ൽ ജോഷി സംവിധാനം ചെയ്ത ‘ട്വന്റി: 20’-യിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്.
80 കോടി ചെലവിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടൻ, ശ്രീലങ്ക, ഹൈദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായിരിക്കും. എഡിറ്ററായി സിനിമയിൽ പ്രവർത്തനം തുടങ്ങിയ മഹേഷ് നാരായണന്‍ ടേക്കോഫ് എന്ന സിനിമയിലൂടെ സംവിധാനരംഗത്ത് സജീവമായി. പിന്നീട് മാലിക്, അറിയിപ്പ്, മനോരഥങ്ങളിലെ ഷെർലോക്ക് എന്നിവയും മഹേഷ് സംവിധാനം ചെയ്തു.
1982ലാണ് ഇരുവരും ശ്രദ്ധേയ വേഷങ്ങളില്‍ ഒന്നിച്ചത്. നവോദയയുടെ ‘പടയോട്ടം’ എന്ന സിനിമയിലായിരുന്നു അത്. അതിൽ മോഹൻലാലിന്റെ അച്ഛനായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. പിന്നാലെ ഐ വി ശശി സംവിധാനം ചെയ്ത അഹിംസ, സിന്ദൂരസന്ധ്യയ്ക്ക് മൗനം, ഇതാ ഇന്നുമുതൽ, അതിരാത്രം, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, കരിമ്പിൻ പൂവിനക്കരെ, കണ്ടു കണ്ടറിഞ്ഞു, കരിയിലക്കാറ്റുപോലെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, അടിമകൾ ഉടമകൾ തുടങ്ങി 51 സിനിമകളിൽ ഇരുവരും ഒരുമിച്ചെത്തി. അതിലേറെയും സംവിധാനം ചെയ്തത് ഐ വി ശശിയാണ്.
1998ൽ ഫാസിൽ സംവിധാനം ചെയ്ത ‘ഹരികൃഷ്ണൻസ്’ എന്ന സിനിമ ഇരുവരുടെയും കൂട്ടുകെട്ടിൽ വൻ വിജയം നേടി. രണ്ട് താരങ്ങളുടെയും ആരാധകർക്കുവേണ്ടി, രണ്ടുരീതിയിൽ ഷൂട്ട് ചെയ്ത ക്ലൈമാക്സ് സീൻ വാർത്തകളിൽ നിറയുകയും ചെയ്തു. 2000ത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘നരസിംഹ’ത്തിൽ നായകൻ മോഹൻലാലാണ്. പക്ഷേ നായകന്റെ അച്ഛനെ രക്ഷിക്കാനെത്തുന്ന വക്കീലായി മമ്മൂട്ടി തിളങ്ങി. പൂവള്ളി ഇന്ദുചൂഡനെയും അഡ്വ. നന്ദഗോപാൽ മാരാരെയും ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. 2013‑ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി‘യിൽ മോഹൻലാൽ അതിഥിതാരമായെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.