17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 17, 2024
September 9, 2024
September 3, 2024
September 1, 2024
August 15, 2024
May 17, 2024
January 24, 2024
December 21, 2023
November 23, 2023
November 1, 2023

ചോദ്യവും ഉത്തരവും തേടി പ്രേക്ഷകര്‍; സുന്ദരമായി സ്ക്രീനില്‍ നിറഞ്ഞ് മമ്മൂട്ടി

കെ കെ ജയേഷ്
January 20, 2023 10:11 pm

വണ്ടിയിൽ നിന്നിറങ്ങി തമിഴ്‌നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ പാടവരമ്പിലൂടെ ജെയിംസ് നടന്നുപോവുകയാണ്. ചോളപ്പാടത്തിലൂടെ. വലിയൊരു ആൽമരത്തിനടുത്തൂടെ. കൊച്ചുകൊച്ചു വീടുകൾക്കിടയിലെ കുഞ്ഞ് വഴിയിലൂടെ. ഒരുറക്കമുണർന്ന് ജെയിംസ് നടന്നു കയറിയത് സുന്ദരം എന്ന തമിഴ് നാട്ടുകാരനിലേക്കാണ്. ജെയിംസിന്റെ നടത്തം പ്രേക്ഷകനെ എത്തിക്കുന്നത് മറ്റൊരു ദേശത്തിലേക്കാണ്. ഭാരതീരാജയുടെയും മറ്റും സിനിമകളിൽ കണ്ട ഒരു തമിഴ് ഗ്രാമം. ടി വിയിൽ നിന്നുയരുന്ന തമിഴ് പാട്ടുകൾ. നാടകീയമായ പഴയകാല സിനിമകളിലെ രംഗങ്ങൾ. ചോളപ്പാടങ്ങളും ഒറ്റപ്പെട്ട മരങ്ങളും ശബ്ദമുഖരിതമായ ചെറിയ ബ്രാണ്ടിക്കടകളും അമ്പലങ്ങളുമെല്ലാം നിറഞ്ഞ ആ ഗ്രാമത്തിൽ സുന്ദരം എന്ന ഗ്രാമീണനായി പകർന്നാടുന്ന ജെയിംസിനൊപ്പം ഉറങ്ങിയും ഉണർന്നും വിസ്മയിച്ചും നിൽക്കുകയാണ് പ്രേക്ഷകർ. 

വേളാങ്കണ്ണിയിൽ നിന്ന് നാടക വണ്ടിയിലാണ് ജെയിംസും സംഘവും നാട്ടിലേക്ക് മടങ്ങുന്നത്. സാരഥി തിയേറ്റേഴ്സ് എന്ന നാടക ട്രൂപ്പിന്റെ വണ്ടി. വണ്ടിയ്ക്ക് പിന്നിൽ ഒരിടത്ത് എന്ന നാടകത്തിന്റെ ബോർഡുണ്ട്. യാത്രക്കിടയിൽ വണ്ടിയിൽ തമിഴ് പാട്ടുകൾ വെക്കുമ്പോൾ നല്ല മലയാളം പാട്ടുകൾ ഇല്ലേ എന്നാണ് ജെയിംസ് ചോദിക്കുന്നത്. തനിക്ക് തമിഴ് ഭക്ഷണമൊന്നും ഇഷ്ടമില്ലെന്ന് അയാൾ പറയുന്നുണ്ട്. ഈ മനുഷ്യനാണ് വണ്ടിയിൽ നിന്നിറങ്ങി രണ്ട് വർഷം മുമ്പ് കാണാതായ സുന്ദരം എന്ന തമിഴ് നാട്ടുകാരനാവുന്നത്. ഭർത്താവിന്റെ തിരോധാനത്തിൽ മനം നൊന്ത് കഴിയുന്ന ഭാര്യയ്ക്കും മകൾക്കും മാതാപിതാക്കൾക്കും മുമ്പിൽ ജെയിംസ് സുന്ദരമായി പുനരവതരിക്കുന്നു. സംസാരവും പെരുമാറ്റവും എന്തിന് വസ്ത്രധാരണം പോലും സുന്ദരത്തെപ്പോലെ. അയാൾ ഉറക്കെ സംസാരിക്കുന്നു. പാടുന്നു.. ആടുന്നു. തമിഴ് സിനിമാ ഡയലോഗുകൾ ഉച്ചത്തിൽ പറയുന്നു. ഈ കാഴ്ചകൾ കണ്ട് പകച്ച് നിൽക്കുകയാണ് ജെയിംസിന്റെയും സുന്ദരത്തിന്റെയും ഭാര്യമാർ. 

പശ്ചാത്തല സംഗീതമില്ല നൻപകൽ നേരത്ത് മയക്കത്തിന്. പകരം കണ്ണദാസനും വാലിയുമെല്ലാം എഴുതിയ വരികൾ. ഇളയരാജയുടെയും മറ്റും സംഗീതം. എസ് പി ബിയുടെ ഉൾപ്പെടെ മധുരമാർന്ന ആലാപനം. കഥാപശ്ചാത്തലത്തിനനുസരിച്ച് തമിഴ് പാട്ടുകളും സംഭാഷണങ്ങളും ചേർത്തുവെച്ചാണ് ലിജോ ജോസ് പെല്ലിശ്ശേരി കഥ പറയുന്നത്. ഉറക്കം മരണം തന്നെയാണ്.. ഉറക്കത്തിൽ നിന്നുള്ള ഉണർവ് ജീവതവുമാണ് എന്ന തിരുക്കുറൾ വാചകത്തിലാണ് സിനിമയുടെ തുടക്കം. ഇതേ വഴി പലരും പോയിട്ടുണ്ട്.. അവരിൽ പലരും ചത്തുപോയെന്ന് ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. നീയുള്ളിടത്ത് നിന്നും വേറെ എവിടെയോ നിന്നെ തേടുന്നുവെന്നുൾപ്പെടെ ഫിലോസഫിക്കലായ പാട്ടുകൾ ശാന്തമായി ഒഴുകിപ്പടരുന്നുണ്ട്. ചെറുകഥ വായിക്കുന്നതുപോലെ ആസ്വദിക്കാവുന്ന ചലച്ചിത്രാനുഭവമാണ് നൻപകൽ നേരത്ത് മയക്കം. ചോദ്യങ്ങൾ പിറക്കുന്നത് പ്രേക്ഷക മനസ്സിലാണ്.

ഉത്തരങ്ങൾ തേടേണ്ടതും പ്രേക്ഷകരാണ്. ലിജോയുടെ മുൻകാല സിനിമകൾ പോലെ അക്രമാസക്തരായ മനുഷ്യർ ഇവിടെയില്ല. വയലൻസിന്റെ അതിപ്രസരമില്ല.. അലർച്ചയും തെറിവിളുകളുമില്ല. കുതറിയോടുന്ന പോത്തിന് പിന്നാലെ കുതിച്ച് സഞ്ചരിക്കുന്ന ക്യാമറാക്കാഴ്ചകളില്ല. ഇവിടെ എല്ലാം ശാന്തമാണ്. പകൽ നേരത്തെ ഇളം കാറ്റിൽ തലചായ്ച്ചുറങ്ങുന്ന മനുഷ്യർ. കറുത്ത കണ്ണട ധരിച്ച് എപ്പോഴും ടിവിയിൽ നോക്കിയിരിക്കുന്ന അമ്മ. കാറ്റിനൊപ്പം തലയാട്ടുന്ന ആൽമരം. ശാന്തമായി ഒരു ദേശജീവിതം പകർത്തുന്ന തേനി ഈശ്വറിന്റെ വിസ്മയിപ്പിക്കുന്ന ക്യാമറാക്കാഴ്ചകൾ.. എസ് ഹരീഷിന്റെ സുന്ദരമായ എഴുത്ത്. ലിജോയുടെ സംവിധാന മികവ്. തികച്ചും ധ്യാനാത്മകമാണ് നൻപകലിലെ കാഴ്ചകൾ.

ജെയിംസ് എങ്ങിനെ സുന്ദരമായെന്ന് സിനിമ പറയുന്നില്ല. എന്നാൽ ജെയിംസിൽ നിന്ന് സുന്ദരത്തിലേക്ക് മാറുന്ന മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ് അസാധാരണം എന്ന് തന്നെ പറയണം. ഒരുച്ചമയക്കത്തിൽ ജെയിംസ് അവ്യക്തമായി സ്വപ്നത്തിൽ സുന്ദരത്തെ കാണുന്നുണ്ട്. നിശബ്ദമായ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉറക്കമുണരുന്ന അയാൾ ജെയിംസായി തന്റെ പ്രിയപ്പെട്ടവർക്കൊപ്പം യാത്ര തുടരുകയാണ്. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് അയാൾ പലർക്കും ഏറെ പ്രിയപ്പെട്ടവനായി മാറിയിരുന്നു. അവരെല്ലാം വേദനയോടെ അയാളുടെ മടക്കം നോക്കി നിൽക്കുന്നു. നാടക വണ്ടിക്ക് പിന്നാലെ സുന്ദരത്തിന് പ്രീയപ്പെട്ട നായ ഓടിനോക്കുന്നുണ്ട്. സ്വപ്നവും യാഥാർത്ഥ്യവും കെട്ടു പിണഞ്ഞു കിടക്കുകയാണ് നൻപകലിലെ കാഴ്ചകൾ. തിയേറ്റർ വിട്ടിറങ്ങുമ്പോൾ കൂടെയുണ്ടായിരുന്നു സുന്ദരം. അയാളുടെ പ്രിയപ്പെട്ട ഗ്രാമം. ഗ്രാമവാസികൾ. തമിഴ് പാട്ടുകൾ.

Eng­lish Summary:Mammootty played Sund­haram role in Nan­pakal Nerathu Mayakkam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.