
മമ്മൂട്ടി ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ “കളങ്കാവൽ” ന്റെ റിലീസ് തീയതി മാറ്റി. ഈ മാസം 27ന് തീയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ കെ ജോസ് ആണ്. ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി‘ന്റെ കഥ ഒരുക്കി ശ്രദ്ധേയനായ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ഏഴാമത്തെ ചിത്രമാണ്.
ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിയുടെ മുൻപൊരിക്കലും കാണാത്ത തരത്തിലുള്ള വേഷ പകർച്ചയും അഭിനയ വിസ്മയവും പ്രതീക്ഷിക്കാമെന്ന സൂചനയാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ നൽകിയത്. ഒറ്റ ഷോട്ടിൽ മാത്രം മമ്മൂട്ടിയെ അവതരിപ്പിച്ച ട്രെയ്‌ലർ കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകരിൽ വലിയ ആകാംഷ സൃഷ്ടിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനവുമായി വിനായകനും കയ്യടി നേടുമെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. മുജീബ് മജീദ് ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഫൈസൽ അലി ഒരുക്കിയ ഗംഭീര ദൃശ്യങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആകുമെന്നും സൂചനയുണ്ട്. ‘നിലാ കായും’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് മലയാള സിനിമാ പ്രേമികൾക്കുള്ളത്. ടീസർ, പോസ്റ്ററുകൾ എന്നിവയെല്ലാം പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റായിരുന്നു. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.