നാല് കോടിയിലേറെ വില വരുന്ന തിമിംഗല ഛർദ്ദിയും മാരക ലഹരി വസ്തുക്കളുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കഴക്കൂട്ടം ചന്തവിള സ്വദേശിയും സിവിൽ എന്‍ജിനീയറുമായ ഗരീബ് നവാസ് (28) നെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ വാമനപുരം എക്സൈസ് സംഘം വെമ്പായം തൈക്കാട് എം സി റോഡിൽ നടത്തിയ വാഹനപരിശോധനയിലാണ് പിടികൂടിയത്. കൊപ്പം ജങ്ഷന് സമീപത്ത് വച്ച് കെ എഎല്‍ 01 ബിഡി 3746 എന്ന രജിസ്ട്രേഷൻ നമ്പരുള്ള ഫിയറ്റ് കാറിലാണ് തിമിംഗല ഛർദ്ദി കടത്താന്‍ ശ്രമിച്ചത്.
മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയും വാഹനത്തില്‍ നിന്ന് പിടികൂടി. തിമിംഗല ഛർദ്ദിക്ക് അന്താരാഷ്ട്ര വിപണിയിൽ നാലുകോടി രൂപയോളം വിലവരും. ഇതിന് ഏകദേശം നാല് കിലോ തൂക്കമുണ്ട്. ഒന്നര ഗ്രാം എംഡിഎംഎയും പതിനൊന്ന് ഗ്രാം ഹാഷിഷ് ഓയിലും പ്രതിയിൽ നിന്നും കണ്ടെടുത്തു. പാങ്ങാപ്പാറ ഹെല്‍ത്ത് സെന്ററിന് സമീപം വാടക വീടെടുത്ത് താമസിക്കുകയായിരുന്നു ഇയാള്‍. നാട്ടുകാരുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ഇന്നലെ വാഹനത്തില്‍ നിന്ന് പിടിച്ചെടുത്ത തിമിംഗല ചര്‍ദ്ദി ഉള്‍പ്പെടെയുള്ളവ വാടക വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്നുകൾ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ഗരീബ് നവാസ്. ലഹരി സംഘത്തിൽ ഉൾപ്പെട്ട മറ്റുളളവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സതീഷ് കുമാർ, പി ഡി പ്രസാദ്, ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ഹാഷിം, ഷാജു, മഹേഷ്, വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുഷ, ലിജി എന്നിവർ പങ്കെടുത്തു.
English Summary: Man arrested with Rs 4 crore whale vomit
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.