
ബംഗ്ലാദേശിൽ മത നിന്ദ ആരോപിച്ച് ഇതര മതസ്ഥനായ യുവാവിനെ ഒരു സംഘം ആളുകൾ തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രിയിൽ മൈമെൻസിങ് ജില്ലയിലെ ഭാലുകയിലാണ് സംഭവമെന്ന് ബിബിസി ബംഗ്ലാ റിപ്പോർട്ട് ചെയ്യുന്നു. ദീപു ചന്ദ്രദാസ് (30) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തല്ലിക്കൊന്നതിന് ശേഷം അക്രമികൾ യുവാവിന്റെ മൃതദേഹം ഒരു മരത്തിൽ കെട്ടിയിട്ട് കത്തിച്ചതായാണ് വിവരം. സംഭവത്തിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇടക്കാല സർക്കാർ അപലപിച്ചു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഇയാൾ ഒരു പ്രാദേശിക വസ്ത്ര നിർമ്മാണ ശാലയിൽ ജോലി ചെയ്യുകയായിരുന്നെന്നും പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നെന്നും അധികൃതർ പറഞ്ഞു. ‘വ്യാഴാഴ്ച രാത്രി ഏകദേശം 9 മണിയോടെ, പ്രകോപിതരായ ഒരു കൂട്ടം ആളുകൾ ഇയാളെ പിടികൂടുകയും മതനിന്ദ നടത്തിയെന്ന് ആരോപിച്ച് തല്ലിക്കൊല്ലുകയുമായിരുന്നു. അതിനു ശേഷം അവർ മൃതദേഹം കത്തിച്ചു’ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി ബംഗ്ലാ റിപ്പോർട്ട് ചെയ്തു.
വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണത്തിലാക്കി. ദീപു ചന്ദ്രദാസിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് അയച്ചതായും അധികൃതർ അറിയിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
അതേസമയം പുതിയ ബംഗ്ലാദേശിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്ന് പറഞ്ഞുകൊണ്ട് ബംഗ്ലാദേശ് സർക്കാർ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഈ ക്രൂരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ആരെയും വെറുതെ വിടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
‘അക്രമം, ഭീഷണിപ്പെടുത്തൽ, തീവെപ്പ്, ജീവനും സ്വത്തിനും നാശനഷ്ടം എന്നിവയെ ശക്തമായും അർത്ഥവത്തായ രീതിയിലും ബംഗ്ലാദേശ് ഭരണകൂടം അപലപിക്കുന്നു’ എന്ന് മുഹമ്മദ് യൂനുസിന്റെ പ്രസ് സെക്രട്ടറി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.