
ചരിത്രമുറങ്ങുന്ന മാനന്തവാടിയെ അതിൻറെ തനിമ നഷ്ടപ്പെടാതെ വികസന പാതയിലെത്തിച്ചത് കിഫ്ബിയിലൂടെയാണ്. ഒരു കാലത്ത് തകർന്ന റോഡുകളും സൌകര്യമില്ലാത്ത ആശുപത്രികളുമൊക്കെയായി ശോച്യാവസ്ഥയിലായിരുന്ന മാനന്തവാടിയിൽ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തിയത്.
മാനന്തവാടിയിൽ ഏറ്റവുമധികം പ്രതിസന്ധികളെ നേരിട്ടിരുന്നത് ഇവിടുത്തെ ജില്ലാ ആശുപത്രിയായിരുന്നു. മതിയായ ഡോക്ടർമാരില്ലാതെയും ചികിത്സാക്കുറവുകൾ മൂലവും അടിസ്ഥാന സൌകര്യങ്ങളുടെ അഭാവത്തിലായിരുന്നു ഈ ആശുപത്രി മുന്നോട്ട് പോയിരുന്നത്. കിഫ്ബിയുടെ സഹായത്തോടെയാണ് അത്യാധുനിക സൌകര്യങ്ങളുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ഇതിനെ മാറ്റാൻ കഴിഞ്ഞത്. 46 കോടി രൂപയാണ് കിഫ്ബി ഇതിനായി വകയിരുത്തിയത്.
പൊട്ടിപ്പൊളിഞ്ഞ റോഡുകളായിരുന്നു മാനന്തവാടി വേട്ടിയാടിയിരുന്ന മറ്റൊരു പ്രശ്നം. ഇതോടൊപ്പം തന്നെ കേരളത്തെ തകർത്ത രണ്ട് പ്രളയം കൂടി ഉണ്ടായതോടെ റോഡുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു. കിഫ്ബി ധനസഹായത്തോടെയാണ് ഇതിനൊരു ശാശ്വത പരിഹാരമുണ്ടായത്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് മലയോര ഹൈവേയുടെ നിർമ്മാണം. 122 കോടി രൂപയാണ് കിഫ്ബി ഈ പദ്ധതിക്കായി അനുവദിച്ചത്. മാനന്തവാടി-പക്രന്തളം റോഡിൻറെ നിർമ്മാണവും ഇതിൽ പ്രധാനപ്പെട്ടതാണ്. മാനന്തവാടി മണ്ഡലത്തിലെ ഏറ്റവുമധികം തകർന്ന റോഡായിരുന്നു ഇത്. 17 കോടി രൂപ മുതൽമുടക്കി കിഫ്ബി ഈ റോഡ് 6 കിലോമീറ്ററോളം ദൂരം ഉന്നത നിലവാരത്തിൽ നിർമ്മിക്കുകയായിരുന്നു. മാനന്തവാടിയിൽ നിന്ന് കുറ്റ്യാടി വഴി കോഴിക്കോട് ജില്ലയെക്കൂടി ബന്ധിപ്പിക്കുന്ന റോഡാണിത്. ബിഎംബിസി നിലവാരത്തിലാണ് ഈ റോഡ് നിർമ്മിച്ചിരിക്കുന്നത്. മാനന്തവാടി-കൈതക്കൽ റോഡിൻറെ നിർമ്മാണവും കിഫ്ബി വഴിയാണ് പൂർത്തിയായത്. മാനന്തവാടിയെ തെക്കെ വയനാടുമായി ബന്ധിപ്പിക്കുന്ന ഈ റോഡിൻറെ നിർമ്മാണത്തിനായി 46 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. മാനന്തവാടിയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന റോഡ് പ്രളയത്തിൽ പൂർണമായും നശിച്ചുപോയിരുന്നു. ഒരു വാഹനങ്ങൾക്കും മാനന്തവാടിയിൽ നിന്ന് കണ്ണൂരിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു സംജാതമായിരുന്നത്. കിഫ്ബിയുടെ സഹായത്തോടെയാണ് ഈ റോഡ് പുനർനിർമ്മിച്ച് ഗതാഗതയോഗ്യമാക്കാൻ കഴിഞ്ഞത്.
മാനന്തവാടിയിലെ ആളുകളെ അലട്ടിയിരുന്ന മറ്റൊരു പ്രശ്നമായിരുന്നു കുടിവെള്ള ലഭ്യത ഇല്ലാത്തത്. ചൂട്ടക്കടവ് കുടിവെള്ള പദ്ധതിക്ക് 18 കോടി രൂപയുടെ ധനസഹായമാണ് കിഫ്ബി നൽകിയത്. മണ്ഡലത്തിലെ മാനന്തവാടി ഇടവക, നല്ലൂർ നാട് എന്നീ വില്ലേജുകളിൽ ശുദ്ധജലം എത്തിക്കുന്നതാണ് പ്രസ്തുത പദ്ധതി. പഴയ പൈപ്പ് ലൈനുകൾ മാറ്റി 77 കിലോമീറ്ററാണ് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്. ഇതോടെ കുടിവെള്ളം കിട്ടാക്കനിയായിരുന്ന വിദൂര പ്രദേശങ്ങളിലേക്ക് പോലും വെള്ളമെത്തിക്കാൻ കഴിഞ്ഞു.
വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കും കിഫ്ബി വഴിയൊരുക്കി. ഇതിൽ എടുത്ത് പറയേണ്ടത് മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളാണ്. ഈ സ്കൂളിനെ അന്താരാഷ്ട്ര നിലാവരത്തിലേക്ക് ഉയർത്തുന്ന പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലായത്. കുട്ടികളുടെ എണ്ണം കൂടിയതോടെ അതിനനുസരിച്ചുള്ള മറ്റ് സൌകര്യങ്ങളുടെ അഭാവം ഈ സ്കൂളിനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിന് പരിഹാരമെന്നോളം എല്ലാ വിഭാഗങ്ങളിലുമായി 20 ക്ലാസ് റൂമുകളും, ഏകദേശം 400ഓളം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഡൈനിംഗ് റൂം ഉൾപ്പെടെയുള്ള ഒരു കിച്ചൺ ബ്ലോക്കും അടക്കമുള്ള സൌകര്യങ്ങളോടുകൂടിയ ഒരു ബഹുനില കെട്ടിടമാണ് കിഫ്ബിയുടെ സഹായത്തോടെ ഇവിടെ നിർമ്മിച്ചത്.5 കോടി രൂപയാണ് കിഫ്ബി ഇതിനായി ചെലവഴിച്ചത്. ഇതിനു പുറമേ കാട്ടിക്കളം സ്കൂൾ, പനമരം സ്കൂൾ, വെള്ളമുണ്ട സ്കൂൾ തുടങ്ങിയ ഹൈസ്ക്കൂളുകളുടെ നിർമ്മാണത്തിനും 3 കോടി രൂപ വീതം കിഫ്ബി വഴി വകയിരുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.