ഇടുക്കി മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവത്തിന് ഇക്കുറി വിപുലമായ ഒരുക്കങ്ങള്‍ .മെയ് 12നാണ് ഉത്സവം. ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ അന്തര്‍ സംസ്ഥാന യോഗം കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ഉത്സവത്തിന് മതിയായ സുരക്ഷ ഉറപ്പാക്കി. വിവിധ വകുപ്പുകൾ ഏർപ്പെടുത്തുന്ന സജീകരണങ്ങൾ കലക്ടർ വി വിഗ്‌നേശ്വരിയുടെയും തേനി കലക്ടർ രഞ്ജിത്ത് സിംഗിന്റെയും നേതൃത്വത്തിൽ ചേർന്ന ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പ് തലവൻമാരുടെ അവലോകനയോഗത്തിൽ വിലയിരുത്തി. പരിസ്ഥിതി സൗഹൃദമായ തീർഥാടനമാണ് ഒരുക്കിയിട്ടുള്ളത്. വൈകിട്ട് 5.30ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാൻ അനുവദിക്കില്ല. അതിനുമുമ്പ് പൂജാരി ഉൾപ്പെടെ എല്ലാവരും തിരികെ മലയിറങ്ങണം.
കേരളത്തിനും തമിഴ്‌നാടിനും മൂന്ന് വീതം പൊങ്കാലകളാണ് അനുവദിക്കുക. 18000 മുതൽ 20,000 വരെ ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ പൊങ്കാല അനുവദിക്കണമെന്നും ദർശന സമയം വർധിപ്പിക്കണമെന്നും സംഘടന പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഹരിത തീർഥാടനം ഹരിത തീർഥാടനമാണ് ഇവിടെ നടപ്പാക്കുക. പ്ലാസ്റ്റിക് ബോട്ടിലുകളിൽ വെള്ളം അനുവദനീയമല്ല. അഞ്ച് ലിറ്റർ ക്യാൻ ഉപയോഗിക്കാം. 13 പോയിന്റുകളിൽ കുടിവെള്ളം ഒരുക്കും. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താൻ ജലവകുപ്പിന് നിർദ്ദേശം നൽകി. മദ്യവും മറ്റ് ലഹരിപദാർഥങ്ങൾ ഉപയോഗിക്കാൻ പാടില്ല. എക്‌സൈസ് ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പ് വരുത്തും. ഡിസ്‌പോസബിൾ പാത്രങ്ങളിൽ കുടിവെള്ളമോ മറ്റു ഭക്ഷണങ്ങളോ ക്ഷേത്ര പരിസരത്തേയ്‌ക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. മലകയറുന്ന ജീപ്പ് പോലെയുള്ള നാലു ചക്രവാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങൾ അനുവദിക്കില്ല. മദ്യം, സസ്യേതര ഭക്ഷണം എന്നിവയും അനുവദിക്കില്ല. ട്രാക്ടറുകളിൽ ഭക്ഷണം കയറ്റിവിടും.
ട്രാക്ടറുകളിൽ 18 വയസിൽ താഴെയുള്ള കുട്ടികളെ അനുവദിക്കില്ല. ചെക്ക്‌പോസ്‌റ്റുകൾ കുമളി ബസ് സ്റ്റാൻഡ്, അമലാംമ്പിക സ്‌കൂൾ, കൊക്കരകണ്ടം എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റ് ഏർപ്പെടുത്തി വാഹനങ്ങൾ പരിശോധിക്കും. ഒന്നാം ഗേറ്റിലും ക്ഷേത്രപരിസരത്തും കൺട്രോൾ റൂം സ്ഥാപിക്കും. ക്ഷേത്രത്തിലേക്കള്ള വാഹനങ്ങൾക്ക് ആർടിഒ പാസ് നൽകും. ട്രിപ്പ് വാഹനങ്ങൾക്ക്ആർടിഒ തുക നിശ്‌ചയിക്കും. കുമളി ചെക്ക് പോസ്റ്റിനു സമീപം മെയ് 7, 8, 9, ദിവസങ്ങളിൽ രാവിലെ 10 മുതൽ നാല് വരെ ഇരു സംസ്ഥാനങ്ങളുടെയും ആർടിഒ മാരുടെ നേതൃത്വത്തിൽ ഫിറ്റ്‌നസ് പരിശോധിച്ച് പാസ് അനുവദിക്കും. ഫിറ്റ്‌നസ് സർടിഫിക്കറ്റ് സ്റ്റിക്കർ വാങ്ങി വാഹനത്തിൽ പതിപ്പിക്കണം. ഉത്സവദിവസം വാഹനങ്ങളിൽ ഓവർലോഡിങ് അനുവദിക്കില്ല. അപകടരഹിതമായ സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്താൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി. ഉത്സവ ദിവസത്തിന്റെ തലേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ മോട്ടോർ വാഹന വകുപ്പിന്റെ കർശന നിരീക്ഷണം ഏർപ്പെടുത്തും.
പ്രഥമശുശ്രൂഷ നൽകാൻ മെഡിക്കൽ സംഘത്തിന്റെ സേവനവും ഒരു ഐസിയു ആംബുലൻസ് ഉൾപ്പാടെ 10 ആംബുലൻസ് സൗകര്യവും മലമുകളിൽ ഏർപ്പെടുത്തും. വിഷ ചികിത്സയ്ക്കുള്ള സൗകര്യവുമുണ്ടാകും. മാധ്യമപ്രവർത്തകർക്കും രാവിലെ ആറു മുതലായിരിക്കും പ്രവേശനം അനുവദിക്കുക ഡ്രോൺ ഉപയോഗിക്കാൻ അനുവദിക്കില്ല. ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ നിർബന്ധമായും തിരിച്ചറിയൽ കാർഡ് ധരിക്കണം. കൂടുതൽ ശുചിമുറി സൗകര്യം സജ്ജമാക്കും. മലയാളത്തിലും തമിഴിലും ദിശാ സൂചന ബോർഡുകൾ സ്ഥാപിക്കും. മലയാളത്തിലും തമിഴിലും അനൗൺസ്മെന്റ് നടത്തും. അഗ്നിരക്ഷാസേനയുടെ സേവനം ഉണ്ടായിരിക്കും. ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിരഘട്ടത്തിൽ മുൻകരുതൽ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ക്ഷേത്രപാതയിൽ ആംപ്ലിഫയർ, ലൗഡ് സ്പീക്കർ തുടങ്ങിയവ ഉപയോഗിക്കാൻ അനുവദിക്കില്ല.
പരസ്യസാമഗ്രികളും പാടില്ല. വനം ശുചിയായി സൂക്ഷിക്കാൻ ശുചിത്വമിഷനുമായി സഹകരിച്ച് നടപടി സ്വീകരിക്കും. ബാരിക്കേഡുകൾ, ലൈറ്റ് ക്രമീകരണങ്ങൾ, മൈക്ക്, കംഫർട്ട് സ്റ്റേഷനുകൾ, വൈദ്യസഹായം, ക്യു സംവിധാനം തുടങ്ങിയ ക്രമീകരണങ്ങൾ കുമളി പഞ്ചായത്ത് സജ്ജമാക്കും. യോഗത്തിൽ ഇടുക്കി സബ് കലക്ടർ അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, പൊലീസ് സൂപ്രണ്ട് വിഷ്ണു പ്രതീക്, ശ്രീവില്ലിപുത്തൂർ മേഘമലൈ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എസ് ആനന്ദ്, തേനി ഡിഎഫ്ഒ ആർ സമർഥ, പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഡയറക്ടർ ഐ എസ് സുരേഷ് ബാബു, ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.