
ദൗത്യം വൻ വിജയമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണമുണ്ടായത് ഒരു കൂട്ടക്കൊലപാതകം നടന്നപ്പോഴായിരുന്നു. സ്വന്തം ജനങ്ങളെ കൊന്നുതള്ളുന്നത് വൻ വിജയമാണെന്ന് അഭിമാനിക്കുന്ന ഇത്തരം ഭരണാധികാരികളെ ചരിത്രത്തിലെന്നല്ല, പുരാണങ്ങളിലോ കെട്ടുകഥകളിലോ പോലും കണ്ടെത്താനാകില്ല. പിടിച്ചുകൊടുക്കുന്നവർക്ക് ഒരുകോടി രൂപ കേന്ദ്ര സർക്കാർ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് ചലപതി ഉൾപ്പെടെയുള്ളവരെ വധിച്ച സംഭവത്തെയാണ് അമിത് ഷാ ഈ വിധത്തിൽ പ്രകീർത്തിച്ചത്. ചൊവ്വാഴ്ച ഛത്തീസ്ഗഢിലെ ഗരിയാബന്ധ് ജില്ലയിൽ കാരിഘട്ട് സംരക്ഷിത വനത്തിനുള്ളിൽ വച്ചാണ് സുരക്ഷാസേന 14 നക്സലൈറ്റുകളെ വധിച്ചത്. സുരക്ഷാസേനയുമായി നക്സലൈറ്റുകൾ ഏറ്റുമുട്ടിയെന്നും തുടർന്നാണ് വധിച്ചതെന്നുമുള്ള പതിവ് ന്യായീകരണം ഔദ്യോഗികമായി പുറത്തുവരികയും ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിൽ നിന്നാണ് കഴിഞ്ഞ കുറച്ചുനാളുകളായി നക്സൽ വേട്ടയുടെ വാർത്തകളും കല്പിത കഥകളും കൂടുതലായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഒഡിഷയിൽ നിന്നും ഇത്തരം വാർത്തകൾ ആവർത്തിക്കുന്നു. മ
റ്റ് ചില സംസ്ഥാനങ്ങളിൽ നിന്നും നക്സൽ വേട്ട സംബന്ധിച്ച വിവരങ്ങളുണ്ടെങ്കിലും ഛത്തീസ്ഗഢിലും ഒഡിഷയിലും ബിജെപി അധികാരത്തിലെത്തിയതിനു ശേഷം അവയുടെ എണ്ണത്തിലും വ്യാപ്തിയിലും വർധനയുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2023 ഡിസംബറിലാണ് ബിജെപി ഛത്തീസ്ഗഢിൽ വീണ്ടും അധികാരത്തിലെത്തിയത്. അതിനുശേഷം കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. 2024ലെ ആദ്യ പകുതിയിൽ വിവിധ സംസ്ഥാനങ്ങളിൽ 164 മാവോയിസ്റ്റുകളെ വധിച്ചുവെന്ന അവകാശവാദത്തിൽ 142 ഉം ഛത്തീസ്ഗഢിൽ മാത്രമായിരുന്നു. രണ്ടാം പകുതിയിൽ 70 പേരെക്കൂടി സംസ്ഥാനത്ത് വധിച്ചു. 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കൊലപാതക നിരക്കായിരുന്നു ഇത്. ഈ വർഷം ഇതുവരെയായി 26 പേരെയാണ് നക്സലൈറ്റുകളെന്ന് ആരോപിച്ച് സുരക്ഷാ സേന വധിച്ചിരിക്കുന്നത്. നക്സലിസമെന്ന പേരിൽ അറിയപ്പെടുന്ന മാവോയിസ്റ്റ് ആശയം വഴിപിഴച്ച ആഖ്യാനമാണെന്ന വ്യക്തമായ അഭിപ്രായം വച്ചുപുലർത്തുമ്പോഴും അതിന്റെ പേരിൽ നടക്കുന്ന വ്യാജ ഏറ്റുമുട്ടലുകളും വേട്ടകളും അംഗീകരിക്കാവുന്നതല്ല. മാത്രമല്ല സാമ്പത്തിക, കോർപറേറ്റ് താല്പര്യങ്ങളുടെ പേരിൽ നക്സലൈറ്റ് മുദ്രകുത്തി സാധാരണക്കാരെയും ഇല്ലാതാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരി, മേയ്, ഒക്ടോബർ മാസങ്ങളിൽ ഛത്തീസ്ഗഢിലെ വിവിധ ഇടങ്ങളിലുണ്ടായതായി പറയുന്ന നക്സൽ വധ അവകാശവാദത്തിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തുകയും പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. ഫെബ്രുവരിയിൽ ജംഗ്ല പൊലീസ് സ്റ്റേഷൻ പരിധിയിൽ നാല് പേരെ വധിച്ചതായാണ് അവകാശപ്പെട്ടത്. എന്നാൽ പൊലീസ് വധിച്ച നാലുപേർക്കും തങ്ങളുടെ സംഘടനയുമായി ബന്ധമില്ലെന്ന് രണ്ടു ദിവസത്തിനുശേഷം മാവോയിസ്റ്റ് സംഘടന വ്യക്തമാക്കി. മരിച്ച നാലുപേരും വനവാസികൾ മാത്രമാണെന്നും വന വിഭവങ്ങൾ ശേഖരിക്കാനിറങ്ങിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചിടുകയായിരുന്നുവെന്ന് കുടുംബാംഗങ്ങളും കുറ്റപ്പെടുത്തി. മേയ് മാസത്തിൽ ബിജാപൂരിലെ പിഡിയ ഗ്രാമത്തിലെ കൊലപാതക കഥയിലും സമാനമായ ആരോപണങ്ങൾ തന്നെയാണുണ്ടായത്. കാട്ടിൽ ബീഡിയില പറിക്കാന്‍ പോയ ആദിവാസികൾ ഉൾപ്പെടെയുള്ളവരെയാണ് പിടികൂടി വധിച്ച് നക്സൽ വേട്ടയായി ചിത്രീകരിച്ചതെന്ന് സാമൂഹ്യ സംഘടനകളും പ്രദേശവാസികളും ഒരുപോലെ കുറ്റപ്പെടുത്തുകയുണ്ടായി. അടുത്ത കുറച്ചുനാളുകളായി മാവോയിസ്റ്റ് വേട്ട അസാധാരണമാം വിധം വർധിച്ചിരിക്കുന്നുവെന്നത് യാദൃച്ഛികമാണെന്ന് കരുതാൻ സാധിക്കില്ല. ഛത്തീസ്ഗഢിന് പിറകേ ഒഡിഷ, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങി നക്സൽവേട്ട നടക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങൾക്കെല്ലാം സമാനതകളുണ്ട്. പ്രകൃതിവിഭവങ്ങളുടെ നിറഞ്ഞ കലവറകളാണെന്നതാണത്.
മണ്ണിനടിയിൽ അപൂർവമായ ധാതുസമ്പത്തും മണ്ണിന് മുകളിൽ വിലപിടിപ്പുള്ള വനസമ്പത്തുമാണുള്ളത്. കേന്ദ്രത്തിൽ നരേന്ദ്ര മോഡിയും സംസ്ഥാനങ്ങളിൽ ബിജെപി മുഖ്യമന്ത്രിമാരും അധികാരമേറ്റതിനുശേഷം കോർപറേറ്റുകൾക്ക് അവ കൊള്ളയടിക്കുന്നതിനുള്ള അവസരങ്ങൾ നിർബാധം സൃഷ്ടിച്ചു നൽകുന്നുണ്ട്. അതിനായി നിയമങ്ങളിൽ മാറ്റം വരുത്തുകയും ചട്ടങ്ങളിൽ വെള്ളം ചേർക്കുകയും ചെയ്യുന്നു. ഓരോ ഇടങ്ങളിലും സാമൂഹ്യ പ്രവർത്തകരും പ്രദേശവാസികളും ഇതിനെതിരെ സംഘടിച്ച് പ്രതിരോധിക്കുവാനും ശ്രമിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് മേഖലകളിലെ നക്സൽ വേട്ടയെന്ന പേരിലുള്ള സർക്കാർ അതിക്രമങ്ങളെ സമീപിക്കേണ്ടത്. പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങൾക്ക് അവകാശപ്പെട്ട വനവിഭവങ്ങളും മറ്റു ജീവിതോപാധികളും അമിതമായി ചൂഷണം ചെയ്ത് ലാഭമുണ്ടാക്കാനെത്തുന്നവരെ തടയുന്ന ജനവിഭാഗങ്ങളെയാണ് നക്സലുകളായി ചിത്രീകരിക്കുന്നത്. ഈ പ്രവണത ബോധപൂർവമാണെന്ന് കരുതുന്നതിൽ തെറ്റില്ല. അമിതമായ കോർപറേറ്റ് ദാസ്യവൃത്തിയാണ് ഇത് നടത്തുവാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്. ആശയപരമായി വഴിപിഴച്ചുപോയവരുണ്ടെങ്കിൽ അവരെ വെടിവയ്പിലൂടെയും ഏറ്റുമുട്ടലുകളിലൂടെയും ഉന്മൂലനം ചെയ്യുകയല്ല ആവശ്യം; നേരായ വഴിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.