
വേദിക്ക് പിന്നിൽ നിന്ന് മിത്ര കെ സരോജിനി നടന്നു കയറുന്നത് അവൾ സ്വപ്നം കണ്ട ലോകത്തേക്ക്. സംസ്ഥാന കലോത്സവ വേദിയിൽ മത്സരാർത്ഥികളെ ചമയങ്ങളണിയിച്ച് മിത്ര ഇന്നു പോകുന്നത് മിനി സ്ക്രീനിലേക്കാണ്. അടുത്ത ദിവസം മുതൽ സീരിയലിൽ മികച്ചൊരു കഥാപാത്രമായി അവൾ ആസ്വാദകർക്ക് മുന്നിലെത്തും. മലപ്പുറം, പാലേമാട് എസ്‌വിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥി പ്രാർത്ഥനയെ മോഹിനിയാട്ടത്തിനായി ഒരുക്കാനായുള്ള തയ്യാറെടുപ്പിലായിരുന്നു മിത്ര. സംസാരിച്ച് തുടങ്ങിയപ്പോൾ സ്വപ്നങ്ങളിലേക്ക് നടന്നടുക്കുന്നതിന്റെ സന്തോഷം അവളുടെ വാക്കുകളിൽ നിറഞ്ഞു. ‘ഞാനിന്ന് ഒരുപാട് സന്തോഷവതിയാണ്. അടുത്ത ദിവസം മുതൽ മികച്ചൊരു കഥാപാത്രമായി സീരിയലിൽ അഭിനയിക്കും. ബാക്കിയെല്ലാം സസ്പെൻസ്… ‘- പുഞ്ചിരിയോടെ മിത്ര പറയുന്നു.
മണികണ്ഠൻ നിലമ്പൂർ എന്ന പേരിൽ നിന്ന് മിത്രയിലേക്കുള്ള ദൂരം അത്ര ചെറുതായിരുന്നില്ല. ഏഴ് വർഷം മുമ്പായിരുന്നു പുരുഷനിൽ നിന്ന് സ്ത്രീയിലേക്കുള്ള യാത്ര. ഇതൊട്ടും എളുപ്പമുള്ളൊരു യാത്രയല്ല. എന്നാൽ എല്ലാ യാത്രകൾക്കും സുഖകരമായ പാതയുണ്ടാവണമെന്നില്ലെന്ന ബോധ്യത്തിൽ വേദനകളെ കരുത്താക്കിയെന്ന് മിത്ര പറഞ്ഞു. കഴിഞ്ഞ 12 വർഷമായി കലോത്സവ വേദികളിൽ ചമയമൊരുക്കാൻ മിത്ര എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന സംഘനൃത്തത്തിനും ഇവർ കുട്ടികളെ അണിയിച്ചൊരുക്കിയിരുന്നു. മിമിക്രി ആർട്ടിസ്റ്റ് കൂടിയായ മിത്ര നിരവധി ടെലിവിഷൻ പരിപാടികളും കേരളത്തിലങ്ങോളമിങ്ങോളം സ്റ്റേജ് ഷോകളും ചെയ്തിട്ടുണ്ട്.
കുട്ടിക്കാലത്ത് കലോത്സവ വേദികളിൽ നിന്നുൾപ്പെടെ മാറ്റിനിർത്തപ്പെട്ട പരിമിതി ഇന്ന് മിത്രയ്ക്ക് ഇല്ല. മേക്കപ്പ് പഠിച്ച് ജീവിതം കരുപ്പിടിപ്പിച്ചു. നൃത്തം നേരത്തെ പഠിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ‘ജീവിക്കാനായുള്ള പോരാട്ടമല്ലെ, നൃത്തം ഇനിയും പഠിക്കാമല്ലോ, പ്രായം അതിനൊരു തടസമല്ലന്നേ ‘- മിത്ര ചെറു ചിരിയോടെ പറഞ്ഞു. നൃത്ത പരിപാടികളിലും വിവാഹത്തിനുമുൾപ്പെടെ മിത്ര മേക്കപ്പ് ചെയ്യുന്നുണ്ട്. ചമയത്തിൽ അവസരം കൂടിയതോടെ മിമിക്രിയെ അൽപം മാറ്റിനിർത്തി. ഇതിനിടയിലാണ് സീരിയലിലേക്കുള്ള ക്ഷണം ലഭിച്ചത്. മുൻനിര ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ മികച്ച കഥാപാത്രമായി വരുന്ന സന്തോഷത്തിലാണ് സംസ്ഥാന കലോത്സവ വേദിയിൽ നിന്നും മിത്ര മടങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.