മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രാജിവച്ചു. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. മെയ്തി — കുക്കി വംശീയ കലാപം തുടരുന്ന സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ അവിശ്വാസം പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി അദ്ദേഹം രാജിവച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കുടിക്കാഴ്ച നടത്തിയശേഷമായിരുന്നു ബിരേന്‍ സിങ് രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയത്. നാളെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ബിജെപിയിലെ കുക്കി എംഎല്‍എമാരടക്കം മുഖ്യമന്ത്രിയെ മാറ്റണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് എംഎല്‍എമാര്‍ കേന്ദ്ര നേതൃത്വത്തിനും കത്തും നല്‍കിയിരുന്നു. വംശീയ കലാപം ആരംഭിച്ചത് മുതല്‍ മെയ്തി അനുകൂല നിലപാട് സ്വീകരിച്ച ബിരേന്‍ സിങ്ങിന്റെ നടപടി വ്യാപക വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു.
തുടര്‍ന്നാണ് പ്രതിപക്ഷം ബജറ്റ് സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ മേഘ്ന ചന്ദ്രസിങ് ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. പിന്നാലെ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ബിരേന്‍ സിങ് വിളിച്ചുചേര്‍ത്തുവെങ്കിലും എല്ലാ എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല. ഇതാണ് അപ്രതീക്ഷിത രാജിയിലേക്ക് നയിച്ചത്. 60 അഗം സഭയില്‍ എന്‍ഡിഎയ്ക്ക് 49 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ബിജെപി 38- എന്‍പിഎഫ് 6. ജെഡിയു 2, സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷത്ത് കോണ്‍ഗ്രസിനും കുക്കി പീപ്പിള്‍സ് അലയന്‍സ് എന്നിവയ്ക്ക് രണ്ടു വീതം അംങ്ങളാണുള്ളത്. മറ്റൊരു കക്ഷിയായ എന്‍പിപി നേരത്തെ തന്നെ ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.
ആറു അംഗങ്ങളാണ് എന്‍പിപിക്ക് ഉള്ളത്. മെയ്തികള്‍ക്ക് പട്ടിക വര്‍ഗ പദവി അനുവദിച്ച ഹൈക്കോടതി വിധിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തില്‍ ഇതുവരെ 300 ഓളം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ആയിരക്കണക്കിന് പേര്‍ പലയാനം ചെയ്യുകയും ചെയ്തിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥനത്തെ രക്ഷരൂക്ഷിത വംശീയ കലാപം അടിച്ചമര്‍ത്താനോ , സമാധാനം ഉറപ്പ് വരുത്താനോ സാധിക്കാത്ത കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പ് കേട് ആഗോള തലത്തില്‍ ചര്‍ച്ചാ വിഷയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനം സന്ദര്‍ശിക്കാന്‍ മുതിരാത്തതും ഏറെ വിമര്‍ശവിധേയമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.