മണിപ്പൂരിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) യിൽ നിന്നടക്കം മുറവിളിയുയരുമ്പോഴും അറിഞ്ഞ ഭാവം നടിക്കാതെ കേരളത്തിലെ ബിജെപി നേതൃത്വം. പീഡാനുഭവ വാരത്തിൽ സൗഹൃദത്തിന്റെ കപട മുഖംമൂടിയണിഞ്ഞ് കേരളത്തിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തുമ്പോഴായിരുന്നു, പള്ളികൾ കത്തിച്ചു കൊണ്ട് മണിപ്പൂരിൽ അതിക്രമങ്ങളുടെ തുടക്കം. ഇതിൽ പ്രതിഷേധിക്കാൻ ഡൽഹിയിൽ ക്രൈസ്തവ സംഘടനകൾ നടത്തിയ നീക്കത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ മണിപ്പൂരിൽ അരങ്ങേറിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല. 60ഓളം പേർ മരിച്ചു എന്നാണ് അനൗദ്യോഗിക വിവരം. 30ലേറെ പള്ളികൾ ആക്രമിക്കപ്പെട്ടതായി ക്രിസ്ത്യൻ സംഘടനകൾ പറയുന്നു. താല്‍കാലിക ലാഭം പ്രതീക്ഷിച്ച്, ബിജെപി നേതാക്കൾക്ക് ചുവപ്പ് പരവതാനി വിരിച്ച കേരളത്തിലെ കത്തോലിക്കാ മത നേതാക്കൾക്ക് മണിപ്പൂരിലെ സംഭവങ്ങൾ വലിയ തിരിച്ചടിയായിരിക്കുകയാണ്. സഭാസമൂഹത്തിന്റെ ചോദ്യങ്ങൾക്ക് അവർക്ക് മറുപടിയില്ല.
സിബിസിഐ അധ്യക്ഷൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും കേരള കാത്തലിക് ബിഷപ്സ് കൗൺ ൽ(കെസിബിസി) അധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും ഇതര ക്രൈസ്തവ വിഭാഗം മേധാവികളും മണിപ്പൂരിലെ അതിക്രമങ്ങളെ നിശിതമായാണ് വിമർശിച്ചത്. ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കാൻ പോന്ന വർഗീയ കലാപങ്ങളെ അമർച്ച ചെയ്യണമെന്ന് കെസിബിസി ആവശ്യപ്പെട്ടപ്പോൾ, മണിപ്പൂരിലും മറ്റും ക്രൈസ്തവ സഭയ്ക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഞെട്ടിക്കുന്നതാണെന്നും ആക്രമണങ്ങളോട് പ്രതികരിക്കാൻ പൊലീസ് വൈകിയതാണ് പ്രശ്നം രൂക്ഷമാകാൻ കാരണമെന്ന് സിബിസിഐ കുറ്റപ്പെടുത്തി. കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയെന്നായിരുന്നു സിബിസിഐ ലെയ്റ്റി കൗൺസിലിന്റെ ആരോണം.
മണിപ്പൂരിൽ ബിജെപി അധികാരത്തിൽ വന്നതു മുതൽ, സമ്പത്തിലും വിദ്യാഭ്യാസത്തിലും ഭരണപരമായും പ്രബല സ്ഥാനത്തുള്ള 64 ശതമാനത്തോളം വരുന്ന ഹിന്ദു വിഭാഗമായ മെയ്തികളെ പട്ടികവർഗ വിഭാഗത്തിൽപ്പെടുത്താൻ നടക്കുന്ന നീക്കങ്ങളാണ് പ്രശ്നങ്ങൾക്കു പിന്നിൽ. അവർക്ക് പട്ടികവർഗ പദവി ലഭിച്ചാൽ തൊഴിൽ, വിദ്യാഭ്യാസം എന്നിവയിൽ തങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നും മലനിരകളിൽ ഭൂമി വാങ്ങുന്നതിന് അവർക്ക് ഇന്നുള്ള തടസം ഒഴിവാക്കി ഭൂമി കയ്യേറുമെന്നും 42 ശതമാനത്തോളം വരുന്ന ഗോത്രവർഗക്കാരായ കുകി, നാഗ വിഭാഗങ്ങൾ ആശങ്കപ്പെടുന്നു. ഈ വിഭാഗങ്ങളുടെ അതിവൈകാരിക വിഷയത്തിൽ ഫലപ്രദമായ പരിഹാരത്തിന് ശ്രമിക്കാതെ ഭൂരിപക്ഷ വിഭാഗത്തിന് അനുകൂല നിലപാടെടുക്കുകയായിരുന്നു സംസ്ഥാന സർക്കാർ. കേന്ദ്രത്തിന്റെ ഒത്താശയും സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്. പട്ടികജാതി, ഒബിസി വിഭാഗത്തിൽപ്പെടുന്ന മെയ്തികള്‍ക്ക് നിലവിൽ വേണ്ടത്ര ആനുകൂല്യങ്ങളുണ്ട്.
english summary; Manipur conflict: Kerala BJP does not pretend to know
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.