18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

മണിപ്പൂര്‍ സംഘർഷഭരിതം; പള്ളികളും വീടുകളും തീയിട്ടു, 23 പേർ അറസ്റ്റില്‍

Janayugom Webdesk
ഇംഫാല്‍
November 17, 2024 7:08 pm

മണിപ്പൂരില്‍ വീണ്ടും രൂക്ഷമായ കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നു. ജിരിബാമില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. അഞ്ച് പള്ളികള്‍ക്കും ആറ് വീടുകള്‍ക്കും തീയിട്ടു. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ്ങിന്റെ വസതിയിലേക്ക് ഇന്നലെ വൈകിട്ട് പ്രതിഷേധക്കാര്‍ ഇരച്ചു കയറാന്‍ ശ്രമിച്ചത് സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുള്ള വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേനയ്ക്ക് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. നാല് എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. നേരത്തേ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകളിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ചു കയറിയിരുന്നു.

ഐസിഐ ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി പള്ളി, ഇഎഫ്‌സിഐ പള്ളി തുടങ്ങിയവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തു. ഒരു പിസ്റ്റൾ, ഏഴ് റൗണ്ട് സിംഗിൾ ബാരൽ ബ്രീച്ച് ലോഡർ (എസ്എസ്ബിഎൽ) വെടിമരുന്ന്, എട്ട് മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് കണ്ടെടുത്തു. ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബാല്‍, കാക്ചിങ്, കാങ്‌പോക്പി, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളില്‍ കര്‍ഫ്യൂവും ഇന്റര്‍നെറ്റ് വിലക്കും തുടരുകയാണ്.
മണിപ്പൂര്‍ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങി. സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ അമിത് ഷാ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.
കഴിഞ്ഞയാഴ്ച ജിരിബാം ജില്ലയില്‍ കുക്കി ആദിവാസി വിഭാഗത്തില്‍പ്പെട്ട 31 കാരിയായ സ്ത്രീയെ ജീവനോടെ ചുട്ടു കൊന്നിരുന്നു. തുടര്‍ന്ന് വീണ്ടും അക്രമങ്ങളുണ്ടായി. 11 ന് പത്ത് കുക്കി-മാര്‍ വിഭാഗക്കാരെ സുരക്ഷാ സേന കൊലപ്പെടുത്തിയതോടെ വീണ്ടും പൊട്ടിത്തെറിയിലേക്ക് നീങ്ങി. പിന്നാലെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ആറ് പേരെ കുക്കി വിഭാഗം ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതിന് പിന്നാലെ സ്ഥിതി വീണ്ടും വഷളാവുകയായിരുന്നു.

സംഭവത്തില്‍ 24 മണിക്കൂറിനകം നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരും അധികൃതരും പ്രതിഷേധച്ചൂട് അറിയുമെന്ന് മെയ്തി സംഘടനയായ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് മണിപ്പൂര്‍ ഇന്റഗ്രിറ്റി കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
അതിനിടെ സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പ്രതിഷേധത്തിനൊടുവില്‍ വിട്ടുകൊടുത്തു. അസമിലെ സില്‍ച്ചാറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ വ്യോമമാര്‍ഗം ചുരാചന്ദ്പൂരിലേക്കെത്തിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷവും മൃതദേഹങ്ങള്‍ വിട്ടുനല്‍കാത്തതിനെതിരെ വിവിധ ഗോത്ര സംഘടനകള്‍ ചേര്‍ന്ന് ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ചിരുന്നു. സംഘര്‍ഷത്തില്‍ അസം പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കും നാല് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

എന്‍പിപി പിന്തുണ പിന്‍വലിച്ചു

മണിപ്പൂരില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി. കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) എന്‍ ബിരേന്‍ സിങ് നയിക്കുന്ന സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.
ഒരു വര്‍ഷത്തില്‍ അധികമായി തുടരുന്ന ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടിയാണ് എന്‍പിപി സഖ്യത്തില്‍ നിന്നും പിന്‍മാറുന്നത്. ബിജെപി കഴിഞ്ഞാല്‍ മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി.
എന്നാല്‍ 60 അംഗ സഭയില്‍ 37 പേര്‍ ബിജെപിക്കുള്ളതിനാല്‍ എന്‍പിപിയുടെ പിന്‍മാറ്റം സര്‍ക്കാരിന് ഭീഷണിയാകില്ല. ഏഴ് അംഗങ്ങളാണ് നിലവില്‍ എന്‍പിപിക്ക് ഉള്ളത്. 53 അംഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച എന്‍ഡിഎയ്ക്ക് എന്‍പിപി പിന്മാറിയാലും 46 പേരുടെ പിന്തുണയുണ്ട്.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉടന്‍ ഇടപെട്ടില്ലങ്കില്‍ കോണ്‍ഗ്രസിന്റെയും മറ്റ് കക്ഷികളുടെയും അംഗങ്ങള്‍ നിയമസഭാംഗത്വം രാജിവയ്ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരും മുഴുവന്‍ ഭരണകക്ഷി അംഗങ്ങളും രാജിവയ്ക്കണമെന്ന് വിവിധ പൗരസമൂഹ സംഘടനകളും ആവശ്യപ്പെട്ടു.

അഫ‍്സ്പ പിന്‍വലിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ ആറ് പൊലീസ് അധികാര മേഖലകളില്‍ ഏര്‍പ്പെടുത്തിയ സായുധസേന പ്രത്യേക അധികാര നിയമം (അഫ‍്സ്പ) പരിശോധിച്ച് പിന്‍വലിക്കാന്‍ മണിപ്പൂര്‍ മന്ത്രിസഭായോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൊതുജനതാല്പര്യം മുന്‍നിര്‍ത്തിയാണ് ആവശ്യമെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി മയെങ്ബാം വീറ്റോ സിങ് ഒപ്പിട്ട കത്തില്‍ പറയുന്നു.
ഇംഫാല്‍ താഴ‍്‍വരയിലെയും ജിരിബാമിലെയും ആറ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈമാസം 14നാണ് അഫ‍്സ്പ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. അഫ‍്സ്പ നിയമം പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ സായുധസേനയ‍്ക്ക് തിരച്ചില്‍ നടത്താനും വാറണ്ടില്ലാതെ ആളുകളെ അറസ്റ്റ് ചെയ്യാനും വെടിവച്ച് കൊല്ലാനും കഴിയും. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന സൈനികരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.